വയനാടിന്റെ അഭിമാനമായി ഭീമന്‍ പൂവ്
പേര്യ ഗുരുകുല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞ ഒരു പൂവ് മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഷ്പ ഇനമായ അമോര്‍ഫോഫാലസ് ടൈറ്റാനം (ടൈറ്റന്‍ ആരം) ഇന്ത്യയില്‍ ആദ്യമായി വിരിഞ്ഞത് ഇവിടെയാണ്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭീമന്‍ പുഷ്പം വിരിഞ്ഞത്.
ചേന കുടുംബത്തിലെ അംഗമാണ്. ചേനപ്പൂവ് തന്നെയാണ് ഈ ഭീമന്‍ . ഇരുപതടിയോളം ഉയരം വരുമെന്നു മാത്രം. കുട വിരിഞ്ഞ പോലുള്ള മേലാപ്പിന് നാലര മീറ്റര്‍ ഉയരമുണ്ട്. കാണാന്‍ കൗതുകമുണ്ടെങ്കിലും ഈച്ചകളെ ആകര്‍ഷിക്കാന്‍ ചീഞ്ഞമാംസത്തിന്റെ ദുര്‍ഗന്ധം ചുറ്റുപാടുമുണ്ടാകും. മാംസ ഗന്ധം തേടിയെത്തുന്ന വണ്ടുകളാണ് പരാഗണം നടത്തുന്നത്.
ജര്‍മനിയില്‍ നിന്നാണ് ഇന്തൊനീഷ്യയിലെ സുമാത്രയിലെ നിത്യഹരിതവനങ്ങളില്‍ കാണുന്ന ചെടി പേര്യയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന് സമ്മാനമായി കിട്ടിയത്.വര്‍ഷങ്ങളുടെ ഇടവേളകളില്‍ പൂക്കുന്ന പൂ വിരിയാന്‍ ഏറെ ദിവസമായി ആളുകള്‍ കാത്തിരിക്കുകയായിരുന്നു. പൂവാണെന്നു പറയാമെങ്കിലും ശാസ്ത്രലോകത്തെ പലരും ഇതിനെ പൂങ്കുലയെന്നാണ് വിളിക്കുന്നത്. കാരണം പൂവിന്റെ മേലാപ്പിനു ചുവട്ടിലായി അതിനെ പൊതിഞ്ഞ് ആയിരക്കണക്കിന് ആണ്‍, പെണ്‍ പൂക്കളുള്ളതു തന്നെ. ഇന്തൊനീഷ്യന്‍ വനങ്ങളില്‍ കണ്ടുവരുന്ന റഫ്‌ലീഷ്യാ എന്ന സസ്യത്തിന്റെ പൂവാണ് ലോകത്തിലെ ഏറ്റവും വലിയ പൂവ്.
https://www.facebook.com/Malayalivartha