സംസ്ഥാനത്തെ പച്ചക്കറിയില്‍ വിഷാംശം കുറയുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കടകളില്‍ ലഭ്യമാകുന്ന പച്ചക്കറികളിലെ വിഷാംശം കുറയുന്നതായി ഗവേഷണറിപ്പോര്‍ട്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും വിഷാംശം വന്‍തോതില്‍ കുറഞ്ഞെന്ന് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളില്‍നിന്ന് ശേഖരിച്ച 29 ഇനം പച്ചക്കറികളുടെ 76 സാമ്പിള്‍ വെള്ളായണി കാര്‍ഷിക കോളേജ് ലാബിലാണ് പരിശോധിച്ചത്. എഫ്എസ്എസ്എഐ നിഷ്‌കര്‍ഷിച്ച പരിധിക്കുമുകളില്‍ ഒരു സാമ്പിളിലും വിഷാംശം കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പൊതുവിപണി, ജൈവപച്ചക്കറി ഷോപ് എന്നിവിടങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും നേരിട്ട് ശേഖരിച്ച 24 ഇനം പഴവര്‍ഗങ്ങളുടെ 38 സാമ്പിളില്‍ എഫ്എസ്എസ്എഐ നിഷ്‌കര്‍ഷിച്ച പരിധിക്കുമുകളില്‍ ഒരു സാമ്പിളിലും വിഷാംശം കണ്ടെത്തിയില്ല. എന്നാല്‍, വെണ്ണപ്പഴത്തില്‍ (അവക്കാഡോ) വിഷാംശം കണ്ടെത്തി. സുഗന്ധവ്യഞ്ജനങ്ങള്‍ പരിശോധിച്ചതില്‍ ഏലക്കയുടെ സാമ്പിളില്‍ വിഷാംശം കണ്ടെത്തി. വറ്റല്‍മുളക്, മുളകുപൊടി, ജീരകം, പെരുംജീരകം എന്നിവയുടെ സാമ്പിളുകളിലും വിഷാംശമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളിലെ വിഷാംശത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൈവപച്ചക്കറി ഉല്‍പ്പന്നങ്ങളും ഇത്തവണ പരിശോധിച്ചു. ജൈവപച്ചക്കറി എന്ന പേരില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയില്‍ വിഷാംശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ തടയാനും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha