അലങ്കാരച്ചെടിയായി മുന്തിരി തക്കാളി
പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. കറന്റ് ടുമാറ്റോ, സ്‌നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ തുടങ്ങിയ ഇംഗ്‌ളീഷ് പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറംകലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. കേരളത്തില്‍ ഇതിന്റെ കൃഷി കുറവാണ്. ഹൈറേഞ്ചുകളില്‍ അല്‍പ്പാല്‍പ്പം കൃഷി കാണാം. ഗവേഷണാവശ്യങ്ങള്‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു.
തണുപ്പുകാലാവസ്ഥയാണ് അനുയോജ്യം. കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതുതന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നല്‍കണം. വേനലില്‍ നന നല്‍കണം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.
ജീവകം എ സി മുതലായ അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്‌സിഡന്റിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
https://www.facebook.com/Malayalivartha