ഔഷധഗുണമുള്ള അരിനെല്ലി
കേരളമെമ്പാടും മുന്‍കാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട് നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്നു. നെല്ലിപ്പുളി എന്നും വിളിപ്പേരുണ്ട്. പഴയകാലത്തെ പോലെ ഇപ്പോള്‍ നഗരങ്ങളില്‍ സുലഭമായി പുളിനെല്ലി കാണാറില്ലെങ്കിലും ഇന്നും നാട്ടിന്‍പുറങ്ങളിലും കാട്ടുപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്.
ശിഖരങ്ങളും, ഉപശിഖരങ്ങളുമായി തണല്‍ വീശി നില്ക്കുന്ന നെല്ലിമരം യൂഫോര്‍ബിയേഷ്യ കുടുംബത്തില്‍പ്പെടുന്നു. ഫിലാ ന്‍ത്തസ് അസിഡസ് എന്നാണ് ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ സ്റ്റാര്‍ ഗൂസ്‌ബെറി (നക്ഷത്രനെല്ലി) എന്നാണു പേര്. ഏപ്രില്‍-മേയ്, ഓഗസ്റ്റ്-സെപ്തംബര്‍ എന്നിവയാണ് പ്രധാന വിളവെടുപ്പ് കാലം. നെല്ലിപ്പൂവുകള്‍ വെള്ള നിറത്തിലാണു കാണപ്പെടുന്നത്. ശീമനെല്ലിക്കയില്‍ നിന്നു വ്യത്യസ്തമായി വളരെ മാര്‍ദവമുള്ളതാണ് ചെറിയ നെല്ലിക്കായ്കള്‍. ഇളം പച്ച നിറത്തില്‍ കാണപ്പെടുന്ന ഇവ നന്നായി വിളഞ്ഞു പഴുക്കുമ്പോള്‍ ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.
വിളവെടുപ്പ് കാലത്ത് ശിഖരങ്ങള്‍ നിറയെ കുലകുലകളായി കായ്ച്ചുലഞ്ഞ് നില്ക്കുന്ന പുളിനെല്ലിമരം കണ്ണിനും നല്ലൊരുകാഴ്ചയാണ്. ഏകദേശം ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ അരിനെല്ലി വളരും. കവര്‍പ്പില്ലാത്ത പുളി രസം കലന്ന നെല്ലിക്കായ്കള്‍ ഔഷധഗുണമേറിയതാണ്. നെല്ലിക്കായ്കള്‍ അച്ചാറുകള്‍ തയാറാക്കുവാനും ചട്‌നിക്കും ഉപയോഗിക്കുന്നു. ഇവയുടെ ഇലകളും വേരും ഔഷധഗുണമുള്ളവയാണ്. കരളിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുന്നതിനും നെല്ലിക്ക ഗുണകരമാണ്. വാതരോഗ പ്രതിവിധിയായി ഇലകളും, വയര്‍ ശുദ്ധീകരിക്കുവാന്‍ നെല്ലിയുടെ വേരും ഉപയോഗിക്കുന്നു. വിത്തു മുളപ്പിച്ചും, തൈകള്‍ നട്ടും, തണ്ടു മുറിച്ചുനട്ടും പതിവെച്ചും പുളിനെല്ലിയുടെ പുതിയ ഇനങ്ങള്‍ ഉണ്ടാക്കാം. എല്ലാത്തരം മണ്ണിലും പുളിനെല്ലി വളരും. തൈകള്‍ക്കു ആവശ്യമായ വെള്ളവും ജൈവ വളവും നല്കി പരിപാലിക്കുന്നത് നല്ല കായ്ഫലം ലഭ്യമാകും.
https://www.facebook.com/Malayalivartha