സുഗന്ധവിളകൃഷിയില്‍ ബ്രഹ്മി
എല്ലാ ഭാഗങ്ങള്‍ക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ലാദിവസവും അല്‍പം ബ്രഹ്മിനീര് പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അകാല വാര്‍ധക്യം തടയുന്നതിനും ആയുസ് വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ്. സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, മാനസമിത്രം ഗുളിക തുടങ്ങിയ മരുന്നുകളില്‍ ബ്രഹ്മി ഒരു സുപ്രധാന ചേരുവയാണ്.
നെല്‍പ്പാടങ്ങളിലും നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളിലും ബ്രഹ്മി കൃഷി ചെയ്യാം. ഇതിനായി നിലം ജൈവവളങ്ങളും പച്ചിലയും മറ്റും ചേര്‍ത്ത് നന്നായി ഉഴുതുമറിക്കണം. പിന്നീട് വെള്ളം കെട്ടിനിര്‍ത്തണം. ഒരാഴ്ച കഴിഞ്ഞ് വെള്ളം ഭാഗികമായി വാര്‍ത്തുകളയണം. ഒരു ഏക്കറിനു 500 കിലോഗ്രാം കുമ്മായം ചേര്‍ക്കണം. നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം വേരോടെ പിഴുതെടുത്ത ബ്രഹ്മി നിലത്തു വിതറിയിടണം. ജലനിരപ്പ് ആവശ്യാനുസരണം നിയന്ത്രിക്കണം. കള യഥാസമയം നീക്കുകയും വേണം.
നാലു മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. മുറിഞ്ഞുപോയ ചെടികള്‍ വീണ്ടും വളരുന്നു. വിളവെടുപ്പു കഴിഞ്ഞ് വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ വിതറിക്കൊടുക്കുന്നത് ചെടികള്‍ വീണ്ടും തഴച്ചു വളരുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ഒരു വര്‍ഷം 3–4 തവണ വിളവെടുക്കാം. ഏകദേശം 800 കിലോഗ്രാം ബ്രഹ്മി ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കും.
https://www.facebook.com/Malayalivartha