കുരുമുളക് ടെറസിലും കൃഷിചെയ്യാം
സ്ഥലപരിമിതിയുള്ള പട്ടണവാസികള്‍ക്കുപോലും വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തമായി ഉണ്ടാക്കാം. ഏറ്റവും അനുയോജ്യമായ ഇടമാണ് ടെറസ്. സൂര്യപ്രകാശ ലഭ്യതയും, ജലസേചനവും ചെയ്താല്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് കൃഷിചെയ്ത് ആവശ്യമായതും, കൂടുതല്‍ സ്ഥലസൌകര്യമുണ്ടെങ്കില്‍ വിറ്റ് വരുമാനമുണ്ടാക്കാനുമാകും.
കൃഷിരീതി
കുറ്റിക്കുരുമുളക് വളര്‍ത്താന്‍ നടീല്‍വസ്തുവായി കുരുമുളകുചെടിയുടെ പാര്‍ശ്വശാഖകളാണ് വേണ്ടത്. സാധാരണ കുരുമുളകുകൃഷിക്ക് ചെന്തലകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിന് പാര്‍ശ്വശാഖകളാവാന്‍ ശ്രദ്ധിക്കണം. സെപ്തംബര്‍മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. പാര്‍ശ്വശാഖകള്‍ (വശങ്ങളിലേക്കു വളര്‍ന്നത്) നാലഞ്ച് മുട്ടുകള്‍വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന് വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണം പാര്‍ശ്വശാഖയില്‍ വേരുപിടിക്കാന്‍. ഇതിന് കൂടുതല്‍ പ്രചോദനത്തിനായി ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുക. ഇതില്ലെങ്കില്‍ സെറാഡിക്‌സ്-ബി പൊടിയില്‍ തണ്ടിന്റെ മുറിഭാഗം മുക്കിയശേഷം നടാം. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.
നടേണ്ടവിധം
സാമാന്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ ഉപയോഗിക്കാം. അടിയില്‍ വെള്ളം വാര്‍ന്നുപോകാന്‍ ഏതാനും ദ്വാരങ്ങള്‍ ഉണ്ടാവണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ്മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. നന അധികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറയാനും പാടില്ല.
വളപ്രയോഗം: രാസവളം ഇല്ലാതെയാണെങ്കില്‍ മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ 'െ്രെടക്കോഡര്‍മ' എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം ഉള്‍പ്പെടെ തടയാം. സ്യൂഡൊമോണസ് ലായനിയോ, ബോഡോമിശ്രിതമോ തളിക്കാം. ബോഡോ മിശ്രിതം അനുവദനീയമാണ്. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം.
രാസവള കൃഷിയാണെങ്കില്‍ മാസത്തില്‍ ഒരുതവണ 30 ഗ്രാം വീതം 10:4:14 എന്ന രാസവിള മിശ്രിതം ചേര്‍ത്തുകൊടുക്കാം. പരമാവധി ജൈവരീതിതന്നെ സ്വീകരിക്കുക.
നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 മുതല്‍ ഒരുകി.ഗ്രാംവരെ ഒരു ചെടിയില്‍നിന്ന് കിട്ടും. വിളഞ്ഞുനില്‍ക്കുന്ന കുറ്റിക്കുരുമുളക് ഒരലങ്കാരംകൂടിയാണ്്.
https://www.facebook.com/Malayalivartha