വളര്‍ത്തുമൃഗങ്ങള്‍ക്കും ആധാര്‍ വരുന്നു
സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ആനിമല്‍ ആധാര്‍ വ്യവസ്ഥ നടപ്പിലാക്കണമെന്ന് 2013 ലെ കാര്‍ഷിക വികസന നയം. വളര്‍ത്തുമൃഗങ്ങളുടെ ഉല്‍പാദനക്ഷമത വിശകലനം ചെയ്യുകയും ഒപ്പം 'അനിമല്‍ പെര്‍ഫോമന്‍സ് ആന്റ് കണ്‍ട്രോള്‍' എന്ന പദ്ധതിയിലൂടെ അവയെ നിരന്തര നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കിയാല്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ഇതിനായി ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിലെ കന്നുകാലികളുടെ വിശദമായ ഒരു വിവരശേഖരം തയാറാക്കും. ഇത് ഉപയോഗപ്പെടുത്തിയായിരിക്കും പിന്നീട് കന്നുകാലികളുടെ ആരോഗ്യരക്ഷ, രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പ്, പ്രജനന പരിപാടികള്‍ തുടങ്ങിയവയുടെ ആസൂത്രണവും നടത്തിപ്പും നിര്‍വഹിക്കുക. മറ്റിടങ്ങളില്‍ നിന്നും പടര്‍ന്നുപിടിക്കുന്ന രോഗങ്ങളുടെ ഉറവിടം കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. ഇതിനായി റേഡിയോ ഫ്രീക്വന്‍സി ഐഡിന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി) പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ കാര്‍ഷിക കരട് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 33.72 ലക്ഷം ടണ്‍ പാലും 4.95 ടണ്‍ മാംസവും 594 കോടി മുട്ടയും ആവശ്യമായിരുന്നപ്പോള്‍ ഇവയുടെ ഉല്‍പാദനം യഥാക്രമം 27.13 ലക്ഷം ടണ്‍ പാലും 3.4 ലക്ഷം ടണ്‍ മാംസവും 170 കോടി മുട്ടയുമായിരുന്നു. ഇത്തരം പ്രകടമായ വ്യത്യാസത്തെ ഇല്ലാതാക്കാന്‍ ആധികാരികമായ വിവരശേഖരം അത്യാവശ്യമാണെന്നാണ് നയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് ഏറ്റവും ഉചിതം ആര്‍.എഫ്.ഐ.ഡി ഉപയോഗിച്ചുള്ള വിവരശേഖരണവും വിശകലനവുമാണ്.
ആര്‍.എഫ്.ഐ,ഡി ഉപയോഗിച്ചുള്ള വിശകലന പദ്ധതിയിലൂടെ ഒരു വെറ്റിനറി സര്‍ജന് തന്റെ അധീനതയിലുള്ള ഓരോ ഉരുവിന്റെയും വിശദാംശങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. ഉരുവിന്റെ രോഗപ്രതിരോധം, കൃത്രിമ ബീജസങ്കലനം, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌വെക്കാനും അതിലൂടെ ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യാനും കഴിയും. ഇത്തരത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഉരുക്കളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇതൊരടിസ്ഥാന രേഖയാക്കാം.
ആര്‍.എഫ്.ഐ,ഡി സാങ്കേതിക വിദ്യയെ ആഡ്രോയിഡ് ആപ്ലിക്കേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുമായി ബന്ധപ്പെടുത്തിയാല്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളുടെ സകല വിവരങ്ങളും ടാബ് ലെറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ ലഭ്യമാക്കിയാല്‍ കാലതാമസമില്ലാതെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha