വരള്‍ച്ചയെ ചെറുക്കാന്‍ വൈറ്റ് കാന്‍ഡില്‍
സ്തൂപിക പോലെ നെടുനീളന്‍ തൂവെള്ളപ്പൂക്കള്‍; കടും പച്ചിലകളുടെ പശ്ചാത്തലത്തില്‍ നിറയെ തൂവെള്ളപ്പൂക്കള്‍ മെഴുകുതിരിപോലെ നിറഞ്ഞുനില്‍ക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര് അന്വര്‍ഥമായതുപോലെ ഈ ഉദ്യാനസസ്യത്തിന് വൈറ്റ് കാന്‍ഡില്‍ അഥവാ വെളുത്ത മെഴുകുതിരി എന്നു തന്നെയാണ് ഓമനപ്പേര്. വെളുത്ത പൂക്കള്‍ക്കോരോന്നിനും രണ്ടു മൂന്നിഞ്ചു നീളം. വീണ്ടും വീണ്ടും പൂ ചൂടുന്ന സ്വഭാവം. വിറ്റ്ഫീല്‍ഡ്യൂ ഇലോജേറ്റ എന്നു സസ്യനാമം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശി ടി. വിറ്റ്ഫീല്‍ഡ് എന്ന സസ്യസ്‌നേഹിയുടെ സ്മരണാര്‍ഥമാണ് ഈ ഉദ്യാനസുന്ദരിക്ക് വിറ്റ് ഫീല്‍ഡ്യൂ എന്നു പേരു നല്‍കിയത്. നിത്യഹരിതസ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നിവര്‍ന്നു വളരുന്നതാണ് ശീലമെങ്കിലും ശിഖരങ്ങളും മറ്റും ക്രമമല്ലാത്ത വിധം പടര്‍ന്നു വളരാനും മതി. നൈജീരിയയിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ് വൈറ്റ് കാന്‍ഡിലിന്റെ ജന്മദേശം.
വിറ്റ് ഫീല്‍ഡിയ എന്ന ജനുസ് ഉള്‍പ്പെടുന്ന അക്കാന്തേസി സസ്യകുലത്തില്‍ ഏതാണ്ട് പത്തിനം ചെടികളുണ്ട്. ആഫ്രിക്കന്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലാണിവ അധികവും വളരുന്നത്. ഇലകള്‍ക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. ശിഖരാഗ്രങ്ങളിലാണ് തുവെള്ളപ്പൂക്കള്‍ കൂട്ടമായി വിടരുക. ഓരോ പൂമൊട്ടും അഗ്രം കൂര്‍ത്ത ടോര്‍പിഡോ പോലിരിക്കും. വളഞ്ഞു വെളുത്ത ഇതളുകളുമായി ഇതു വിടരും. എത്ര അഗാധമായ തണലത്തും സാമാന്യം നന്നായി പുഷ്പിക്കുന്ന അപൂര്‍വം ചെടികളിലൊന്നാണ് വൈറ്റ് കാന്‍ഡില്‍.
വളക്കൂറും നീര്‍വാര്‍ച്ചയും തെല്ല് പുളിരസവുമുള്ള മണ്ണില്‍ ഈ ചെടി നന്നായി വളരുന്നതു കണ്ടിട്ടുണ്ട്. വര്‍ഷം മുഴുവന്‍ ചെടി പുഷ്പിണിയായിരിക്കുമെങ്കിലും ചെടി നിറയെ പരമാവധി പൂചൂടുന്നത് നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്താണ്. വളരുന്നതനുസരിച്ച് തലപ്പ് നുള്ളിവിട്ടാല്‍ ചെടി കൂടുതല്‍ പടര്‍ന്നു വളരുകയും നിറയെ പൂ ചൂടുകയും ചെയ്യും. ചെടി പരമാവധി നാലു മുതല്‍ ആറടി വരെ ഉയരത്തിലാണു വളരുക.
അധികം പൂ പിടിക്കാത്ത തണ്ടു മുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം. പൂക്കള്‍ ഒരാഴ്ച വരെ ചെടിയില്‍ വാടാതെ നില്‍ക്കും. തടത്തിനു പുറമെ ചട്ടിയില്‍ വളര്‍ത്താനും ഉത്തമമാണ് വൈറ്റ് കാന്‍ഡില്‍ ചെടി. ചട്ടിയാകുമ്പോള്‍ 2-3 ഇഞ്ച് ഉയരത്തില്‍ വളര്‍ത്തി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. ശരിയായ രീതിയില്‍ കൊമ്പുകോതിയാല്‍ ഇത്തരത്തില്‍ ഉയരം ക്രമീകരിക്കാന്‍ കഴിയും. അതിരാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക് ഇഷ്ടമാണ്. എന്നാല്‍ ഉച്ചസമയത്തും ഉച്ചതിരിഞ്ഞും ലഭിക്കുന്ന തണലാണ് ഇതിന്റെ ഇലകളുടെ കടും പച്ച നിറത്തിനു നിദാനം എന്നു കണ്ടിരിക്കുന്നു.
ഒരു പരിധിവരെ വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും വൈറ്റ് കാന്‍ഡില്‍ ചെടിക്കുണ്ട്. വേരുപിടിച്ചുകഴിഞ്ഞാല്‍ ഇടയ്ക്കും മുറയ്ക്കും അല്പം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഏതെങ്കിലും രാസവള മിശ്രിതം വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് തെളിയൂറ്റി ചെടിത്തടത്തില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മറ്റ് ഉദ്യാനസസ്യങ്ങളുമായി ഇടകലര്‍ത്തി മിക്‌സ്ഡ് പ്ലാന്റിംഗിനും, പശ്ചാത്തലച്ചെടിയായും തണല്‍ വീണ ഉദ്യാനങ്ങളിലും വളര്‍ത്താന്‍ ഉത്തമമാണ് വൈറ്റ് കാന്‍ഡില്‍.
https://www.facebook.com/Malayalivartha