രോഗവിമുക്തിക്കും, ആരോഗ്യപരിപാലനത്തിനും ലോങ്ങന്‍ പഴം
ചൈനയുടെ പരമ്പരാഗത ചികിത്സാരീതിയില്‍, രോഗവിമുക്തിക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്ന മൂന്നു പഴങ്ങളാണ് ജുജൂബ (എലന്ത), ലോങ്ങന്‍, ഗോജിബെറി എന്നിവ. ഇവയില്‍ സ്ത്രീസൗന്ദര്യ പരിപാലനത്തിനായി 4000 വര്‍ഷങ്ങള്‍ക്കുമുമ്പേ ഉപയോഗിച്ചുകൊണ്ടിരുന്ന പഴമാണ് ലോങ്ങന്‍. ഉണക്കിയും, സിറപ്പായും, മധുരപാനീയങ്ങളായും, സൂപ്പായും, ചായയുണ്ടാക്കിയും ഇത് ഉപയോഗിക്കുന്നു. അമിതമായി കഴിച്ചാല്‍ ദഹനക്കേടുണ്ടാക്കുമെന്നല്ലാതെ യാതൊരു പാര്‍ശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. നമ്മുടെ നെല്ലിക്ക പോലെ ഒരു അദ്ഭുത പഴം എന്നുതന്നെ പറയാം. മറ്റുപഴങ്ങളുമായി താരതമ്യം ചെയ്താല്‍ ലോങ്ങന്റെ ആരോഗ്യദായക മികവ് അനുപമ മാണ്.
ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴം എന്നതിലുപരി അദ്ഭുതകരമായ സിദ്ധികളാണ് ലോങ്ങന്‍ പഴത്തിനുള്ളത്. പുതുരക്തം ഉത്പാദിപ്പിക്കുവാനും രക്തധമനികളെ ഉത്തേജിപ്പിച്ച് രക്തസംക്രമണം സുഗമമാക്കാനും ഈ പഴത്തിന് കഴിവുണ്ട്. ഇതിലുള്ള ഇരുമ്പ് (0.13 മില്ലിഗ്രാം) എളുപ്പം ആഗീരണം ചെയ്യപ്പെടുന്നതിനാലും വൈറ്റാമിന്‍ പി ഉള്ളതിനാലുമാണിത്. അനീമിയരോഗത്തിന് മരുന്നായി ചൈനയില്‍ ഇതുപയോഗിക്കുന്നു. ലോങ്ങന്‍ പഴത്തില്‍, ഇരുമ്പ്, മുന്തിരിയിലുള്ളതിനേക്കാള്‍ 20 മടങ്ങും ഇലക്കറികളിലുള്ളതിനേക്കാള്‍ 15 മടങ്ങും കാണപ്പെടുന്നു. രക്തദൂഷ്യം ഇല്ലാതാക്കും. ഹൃദയാരോഗ്യം നിലനിര്‍ത്തുവാന്‍ ഉതകുന്ന ഒന്നാന്തരം ടോണിക്കാണ്. യൗവനവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നു. ഇതിലുള്ള വിറ്റാമിന്‍ 'സി' യും ആന്റി ഓക്‌സിഡന്‍കുകളും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. കാന്‍സറിനെ ചെറുക്കുന്നു. എല്ലിന്റെ സുസ്ഥിതിക്കും ഉത്തമമാണ്.
തൊലി, തലമുടി, കണ്ണ് എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ അത്യുത്തമമാണ് ലോങ്ങന്‍. തൊലിക്ക് മാര്‍ദ്ദവവും, തിളക്കവും നല്‍കി, സ്ത്രീകളുടെ സൗന്ദര്യം, അംഗലാവണ്യം, വശ്യത, ലൈംഗീകത, യുവത്വം എന്നിവ ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള ഒന്നാന്തരം ടോണിക്കാണ് ലോങ്ങന്‍ പഴം. ഇക്കാരണങ്ങളാല്‍ ചൈനയിലെ ചക്രവര്‍ത്തിനിമാര്‍ യുഗങ്ങള്‍ക്കു മുമ്പുതന്നെ സൗന്ദര്യ വര്‍ധനവിന് ഈ പഴം നിത്യേന ഉപയോഗിച്ചിരുന്നു. വേറൊരു പഴത്തിനും ഈ ഖ്യാതി ലഭിച്ചതായി കാണുന്നില്ല. പ്രായാധിക്യത്തെ ചെറുക്കുന്ന ചില ഘടകങ്ങള്‍ ലോങ്ങനിലുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനാലായിരിക്കാം ലോങ്ങന്‍ പഴം ഒരുത്തമ ഭക്ഷണമായി ചൈനക്കാര്‍ കരുതുന്നത്. കണ്ണിന്റെ അസുഖങ്ങള്‍ വരാതെ കാത്തുകൊള്ളും അത്‌ലറ്റുകള്‍ക്ക് പറ്റിയ നല്ല ഭക്ഷണമാണ്. കൂടാതെ പൊണ്ണത്തടി കുറയക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കും കൊള്ളാം. തലമുടി വളരുവാനും പഴം നല്ലതാണ്
ഓര്‍മശക്തി വര്‍ധിപ്പിക്കാനുതകുന്ന ഒന്നാന്തരം ടോണിക്കായി ലോങ്ങന്‍ പഴത്തെ ചൈനക്കാര്‍ കരുതുന്നു. പഴത്തില്‍ ധാരാളം ഗ്ലൂക്കോസുള്ളതിനാല്‍ തലച്ചോറിനെ പരിപോഷിപ്പിക്കുകയും ഓര്‍മക്കുറവ്, വൈകല്യം, ഉറക്കമില്ലായ്മ, ക്ഷീണം, എന്നിവ മാറ്റുകയും ചെയ്യുന്നു. ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് എന്ന രോഗത്തെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നും കരുതപ്പെടുന്നു. ആശങ്ങകളെ ദൂരെയറ്റി ശാന്തത പ്രദാനം ചെയ്യാനും നല്ല ഉറക്കം ലഭിക്കുന്നതിനും പഴം ഉപകരിക്കും. പ്രമേഹരോഗികള്‍ക്കും പഴം കഴിക്കാം. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിര്‍ത്തുമെന്നാണ് കരുതന്നെങ്കിലും സൂക്ഷിച്ചുകഴിക്കുന്നതാണ് നല്ലത്. അകാരണമായി തൂക്കം കുറയുന്നവര്‍ക്ക് ഫലപ്രദമായ ഭക്ഷണമാണ്. പെട്ടെന്ന് ഊര്‍ജ്ജം ആവശ്യമുള്ളവര്‍ക്ക് ഏതാനും പഴങ്ങള്‍ കഴിക്കാം. എപ്പോഴും നല്ല ശാരീരിക ബലം പ്രദാനം ചെയ്യുന്നതിനും ക്ഷീണിതര്‍ക്ക് ഉണര്‍വേകുവാനും പഴം ഉപകരിക്കും
വിത്തില്‍ നിന്നും ഉത്പാദിപ്പിച്ച തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. എങ്കിലും നല്ല ഇനങ്ങള്‍ ഒട്ടിച്ചെടുക്കുകയോ ലെയറിംഗ് രീതിയില്‍ വേരുപിടിപ്പിച്ചെടുക്കുകയോ ചെയ്യാം. കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. പെരുണ്ണാമുഴിയിലെ ഐഐഎസ്ആര്‍ ഫാമില്‍ നിന്നാണ് തൈകള്‍ ലഭിച്ചത്. പക്ഷെ കായ്കള്‍ ചെറുതായിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പുഷ്പിച്ചത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ കായയ്കള്‍ ലഭ്യമാകും. പുഴുത്തകായുടെതൊലിക്ക് ഇളം തവിട്ടുനിറമായിരിക്കും. അമിതമായി പഴുത്താല്‍ തൊലിവിണ്ടുകീറും. കായ്കള്‍ കുലകളായിട്ടാണ് ഉണ്ടാകുന്നത്.
പ്രധാനമായും മൂന്നിനങ്ങള്‍ ലോങ്ങനില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 'കൊഹാല' എന്നയിനത്തിനാണ് വലുപ്പമുള്ള കായ്കളുള്ളത്. ഏറ്റവും നല്ല പഴങ്ങള്‍ തെക്കന്‍ ചൈനയിലെ ഫുജി പ്രോവീന്‍സില്‍ നിന്നും ലഭിക്കുന്നു. നല്ല മധുരവും രൂചിയുമുള്ള ഈ പഴം ആരും ഇഷ്ടപ്പെടും. പഴം ഉണക്കി സൂക്ഷിക്കുവാനും കഴിയും.
കേരളത്തിലെ മിക്കവാറും എല്ലാ നഴ്‌സറികളിലും ലോങ്ങന്‍ തൈകള്‍ കിട്ടും. കാഞ്ഞിരപ്പള്ളിയിലുള്ള ഹോംഗ്രോണ്‍ നഴ്‌സറി മാത്രമാണ് ഒട്ടുതൈകള്‍ നല്‍കുന്നതായി കണ്ടിട്ടുള്ളത്. പ്രായമായ മരങ്ങള്‍ പുഷ്പിക്കുന്നതിനായി തടിയുടെ ചുറ്റും വട്ടത്തില്‍ തൊലികളയാറുണ്ട്. കായകള്‍ക്ക് വലിപ്പം കിട്ടുന്നതിന് പയറുമണി വലുപ്പമാകുമ്പോള്‍ കുലയുടെ മൂന്നിലൊന്നോ പകുതിയോ മുറിച്ചുകളയുന്നു. വിളവെടുപ്പിനു ശേഷം കമ്പുകള്‍ കോതുന്നതും കൊള്ളാം. കാര്യമായ കീടങ്ങളോ രോഗങ്ങളോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ പലസ്ഥലങ്ങളിലും ലോങ്ങന്‍ വളരുന്നുണ്ട്.
ലോങ്ങന്‍ പോലെ പോഷകഗുണവും ആരോഗ്യദായകവുമായ വേറെ ഏതുപഴമാണുള്ളത്. നെല്ലിക്കയില്‍ മാത്രമേ സമാനത കണ്ടെത്തുവാന്‍ കഴിയൂ. നമ്മുടെ ആയൂര്‍വേദം പോലെ തലമുറകളിലൂടെ അനുഭവസമ്പത്തുള്ള ചൈനീസ് ചികിത്സാരീതിയെ നാം അവിശ്വസിക്കേണ്ട കാര്യമില്ല. കൂടാതെ ധാരാളം പഠനങ്ങള്‍ നടക്കുന്നുമുണ്ട്. അവയെല്ലാം ഈ അറിവിനെ ബലപ്പെടുത്തുന്നവയാണ്. സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്മാര്‍ക്കും പഴം ഉത്തമമാണ്.
https://www.facebook.com/Malayalivartha