ഗ്രോ ബാഗില്‍ എങ്ങനെ കൃഷി ചെയ്യാം
കൃഷിചെയ്യുന്നവര്‍ക്കും കൃഷിയില്‍ താത്പര്യം ഉള്ളവര്‍ക്കും പരിചിതമായ ഒന്നാണ് 'ഗ്രോ ബാഗുകള്‍'. എന്നാല്‍ കൃഷിയെ സ്‌നേഹിക്കുന്നവരില്‍ എന്താണ് 'ഗ്രോ ബാഗ്' എന്നത് അറിയാത്തവരും ഉണ്ടാകും. അത്തരത്തിലുള്ളവര്‍ക്ക് ഈ വിവരം ഉപകാരപ്രദമാകും.
അടുക്കള തോട്ടങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമായി വരുകയാണ് എന്ന് തന്നെ പറയാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഗ്രോ ബാഗ് കൃഷി വളരെയധികം ഉപകാരപ്രദമാണ്. ഇതിന്റെ ഗുണമേന്മകളില്‍ എടുത്ത് പറയേണ്ടത് ഈട് നില്പ് തന്നെയാണ്. മൂന്നുമുതല്‍ 4 വര്‍ഷങ്ങള്‍ വരെ ഗ്രോ ബാഗുകള്‍ കേടുകൂടാതെ നിലനില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്ത നാലുവര്‍ഷത്തേയ്ക്ക് ആശങ്ക വേണ്ട എന്നര്‍ത്ഥം. മട്ടുപ്പാവ് കൃഷിയ്ക്ക് അനുയോജ്യമായ ഗ്രോ ബാഗുകള്‍ പല വലിപ്പത്തില്‍ വിപണിയില്‍ ലഭ്യമാണ്. ചെറിയ ബാഗുകള്‍ക്ക് 10 മുതല്‍ 15 രൂപവരെ വിലവരാം, വലുതിന് 20 മുതല്‍ 25 വരെയും നല്‍കണം.
എന്താണ് ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത് കൊണ്ടുള്ള മെച്ചം എന്നാകും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കാരണം സാധാരണ വീട്ടില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് ബാഗുകളും കവറുകളൂം ഇത്തരം ചെറിയ അടുക്കള കൃഷിക്കായി പലരും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ അവയൊക്കെ എളുപ്പത്തില്‍ നശിച്ച് പോകുകയും അതോടെ നിങ്ങള്‍ കൃഷി തന്നെ മടുക്കാന്‍ കാരണമാകുകയും ചെയ്യാം.
അവിടെയാണ് ഗ്രോ ബാഗുകളുടെ പ്രസക്തി, ഇവ ഈട് നില്‍ക്കും എന്ന് മാത്രമല്ല കീറി നശിക്കും എന്ന ഭയവും വേണ്ട. ഗ്രോ ബാഗുകളുടെ ഉള്‍വശം കറുപ്പാണ്, ചെടിവേരുകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യപ്രകാശം ആവശ്യാനുസരണം ആഗിരണം ചെയ്യാന്‍ ചെടികളെ സഹായിക്കും. ഗ്രോ ബാഗുകളുടെ അടി ഭാഗത്ത് തുളകള്‍ ഉള്ളത് കൊണ്ട് ആവശ്യത്തിനു ജലവും ലഭ്യമാകും. എങ്ങനെയാണ് ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നതെന്നു നോക്കാം
ആദ്യം ബാഗിന്റെ അടിവശം കൃത്യമായി മടക്കി ഉള്ളില്‍ മണ്ണി നിറയ്ക്കുക. ബാഗിന്റെ മുക്കാല്‍ ഭാഗം മണ്ണ് നിറച്ച് ബാക്കി ഭാഗം ഒഴിച്ചിടുക. വെള്ളവും വളവും നല്‍കാന്‍ ഈ സ്ഥലം ആവശ്യമായി വരും. നന്നായി ഇളക്കി കല്ലും കട്ടകളും നീക്കം ചെയ്ത മണ്ണ് കുറച്ച് ദിവസം നന്നായി വെയില്‍ കൊള്ളിയ്ക്കുക
. തക്കാളി പോലുള്ള പച്ചക്കറികള്‍ നടുമ്പോള്‍ നന്നായി വെയിലേറ്റ മണ്ണ് കൂടുതല്‍ ഗുണകരമാകും. ചെടി നട്ട ഗ്രോ ബാഗ് ടെറസ്സില്‍ ആണ് വയ്ക്കുന്നതെങ്കില്‍ അടിവശത്ത് ഇഷ്ടിക നിരത്തിയശേഷം ബാഗ് വയ്ക്കുക. ഇത് ചെടി നനയ്ക്കുമ്പോള്‍ അധികമായി വരുന്ന വെള്ളം ഒഴുകി ഒലിച്ച് ടെറസ്സ് കേട് വരാതിരിക്കാന്‍ സഹായിക്കും
ഒപ്പം ഗ്രോ ബാഗില്‍ രാസവളവും രാസ കീടനാശിനികളും ഒഴിവാക്കുന്നതും ടെറസ്സ് കേടാകാതെ സംരക്ഷിക്കും. അതായത് മട്ടുപ്പാവിലെ കൃഷിയില്‍ പൂര്‍ണ്ണമായും ജൈവ കൃഷിരീതികള്‍ അവലംബിക്കുന്നതാണ് എന്തു കൊണ്ടും ഉത്തമം.
പയര്‍, ചീര, തക്കാളി , ഇഞ്ചി, കാച്ചില്‍, ബീന്‍സ്, കാബേജ്, കോളിഫഌവര്‍, ക്യാരറ്റ്, പച്ചമുളക്, ചേന, കപ്പ, വെണ്ട തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഗ്രോബാഗില്‍ സമൃദ്ധമായി വളര്‍ന്ന് നല്ല വിളവ് ലഭിക്കും
https://www.facebook.com/Malayalivartha