ഉന്മേഷവും ആരോഗ്യവും ഒരുപോലെ നിലനിര്‍ത്താന്‍ പാഷന്‍ഫ്രൂട്ട്
ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളരുന്ന ചെടിയാണ് നാടന്‍ ബോഞ്ചിക്ക അഥവാ പാഷന്‍ഫ്രൂട്ട്. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളര്‍ച്ച അകറ്റാന്‍ സഹായിക്കും. യാതൊരു ആയാസവുമില്ലാതെ എവിടെയും പടര്‍ന്നു കയറുന്ന വള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ട് സീസണില്‍ നിറയെ കായ്ക്കുകയും ചെയ്യും. തെക്കേഅമേരിക്കയില്‍ ഏറ്റവുംകൂടുതല്‍ കൃഷി ചെയ്യുന്ന ഫലമാണ് ഇത്.
ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഹൈറേഞ്ചുകളിലാണ് പാഷന്‍ഫ്രൂട്ട് കൃഷി നടക്കുന്നത്. പാഷന്‍ഫ്രൂട്ട് സധാരണയായി ഉഷ്ണമേഖലമിതശീതോഷ്ണമെഖലയിലുമാണ് നന്നായി വളരുന്നത്. നല്ല വെയില്‍ ആവിശ്യമാണെങ്കിലും ശക്തമായകാറ്റ് കൃഷിക്ക് അനുയോജ്യമല്ല. നല്ല നനവും വളക്കൂറുള്ള മണ്ണും ഉണ്ടെങ്കില്‍ വിളവ് കൂടുതല്‍ ലഭിക്കും. സാധാരണ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുന്നത് ചെടിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. നെല്ലിയാമ്പതിയിലെ ഗവണ്‍മെന്റ് ഫാമില്‍ പാഷന്‍ഫ്രൂട്ടിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും ജൂസ് ഉല്‍പാദനവും നടക്കുന്നുണ്ട്.
പാഷന്‍ഫ്രൂട്ട് വിത്തുകള്‍ മുളപ്പിച്ചും അതുകൂടാതെ തണ്ടുകള്‍ മുളപ്പിച്ച് തൈകളാക്കിയും നടാവുന്നതാണ് വിത്തുകള്‍ വെള്ളത്തില്‍ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടര്‍ന്ന് 2 ആഴ്ച പാകമായ തൈകള്‍ പോളിബാഗുകളിലേക്ക് മാറ്റേണ്ടതാണ്. വേഗത്തില്‍ കയ്ഫലം ലഭിക്കാന്‍ തണ്ടുകള്‍ മുളപ്പിച്ചതൈകളാണ് ഉത്തമം, ഇതിനു മാതൃവള്ളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഏവിടെയും പടര്‍ത്തമെങ്കിലും പന്തലിട്ട് പടര്‍ത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ലത്.
പന്തലിന് ഏഴടി ഉയരം വേണം. തൈ നടുമ്പോള്‍ അഞ്ചുകിലോഗ്രാം ജൈവവളവും 25 ഗ്രാം നൈട്രജന്‍, 10 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാസ്യം എന്നീ രാസവളങ്ങളും, രണ്ടു മുതല്‍ നാലുവര്‍ഷം വരെ പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളം 80 ഗ്രാം നൈട്രജന്‍ 80 ഗ്രാം ഫോസ്ഫറസ് 60 ഗ്രാം പൊട്ടാസ്യം എന്ന അളവില്‍ വളം നല്‍കണം. ഇതിലേറെ പ്രായമുള്ള ചെടികള്ക്ക് 15 കിലോഗ്രാം ജൈവവളവും എന്‍.പി.കെ. 150 ഗ്രാം, 50 ഗ്രാം 100 ഗ്രാം എന്ന അളവിലും നല്‍കേണ്ടതാണ്. രാസവളങള്‍ മൂന്നോ നാലോ തവണയായി നല്‍കുന്നതാണ് നല്ലത്. ജുലൈ സെപ്റ്റംബര്‍ മാസത്തെ വിളവെടുപ്പിനുശേഷം കൊമ്പുകോതല് നടത്തുകയും വേണം.
പര്‍പ്പിള്‍, മഞ്ഞ എന്നീ രണ്ടു നിറങ്ങളിലുള്ള പാഷന്‍ഫ്രൂട്ട് ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്തു വരുന്നുണ്ട്. ഇതില്‍ പര്‍പ്പിള്‍ ഇനത്തിന് മധുരം മഞ്ഞയേക്കാള്‍ കൂടുതലാണ്. മഞ്ഞനിറത്തിലുള്ളവ ഗോള്‍ഡന്‍ ഫ്രൂട്ട് എന്നും അറിയപ്പെടുന്നുണ്ട്, ഇവ ശ്രീലങ്കയില്‍ നിന്നാണ് നമ്മുടെ നാട്ടില്‍ എത്തിയത്. പര്‍പ്പിള്‍ ഇനത്തേക്കാള്‍ പുളിരസം കൂടുതലാണ് ഇവയ്ക്ക്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ മഞ്ഞ ഈ രണ്ടു നിറങ്ങളിലുമുള്ള കായ്കള്‍ തമ്മില്‍ സങ്കരണം നടത്തി കാവേരി എന്ന പേരില്‍ ഒരു ഹൈബ്രഡ് ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് പര്‍പ്പിള്‍ നിറമാണ്.
പാഷന്‍ഫ്രൂട്ട് ഒരു ഔഷധവും കൂടിയാണ്. മൈഗ്രേന്‍ പ്രശ്‌നത്തില്‍ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവര്‍ പാഷന്‍ഫ്രൂട്ട് സ്ഥിരമായി കഴിക്കുക. ആസ്മാരോഗത്തിന്റെ ശമനത്തിന് ഇത് ഉത്തമമാണ്. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള പാസിഫോറിന്‍ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷന്‍ഫ്രൂട്ട് ദിവ്യൗഷധം തന്നെ. ഇത് മറ്റു പഴങ്ങളോടൊപ്പം ചേര്‍ത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷിയില്‍ പ്രത്യേക ഗവേഷണങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ കൃഷിക്കുവേണ്ട സാങ്കേതിക സഹായം ഈ ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് പാഷന്‍ഫ്രൂട്ടിനും സ്ഥാനം നല്‍കി പ്രകൃതിയോടിണങ്ങി ജീവിക്കു.
https://www.facebook.com/Malayalivartha