ഔഷധഗുണമേറിയ ഗ്രാമ്പൂ
മലയോര മേഖലയ്ക്ക് വളരെയധികം യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. ഈ വിള തെങ്ങ്, കവുങ്ങിന്‍ തോപ്പുകളില്‍ ഇടവിള യായും കൃഷി ചെയ്യാം.
ആഹാരസാധനങ്ങള്‍ക്ക് എരിവും മണവും കൂട്ടാന്‍ ചേര്‍ക്കുന്ന ഗ്രാമ്പൂവിന് ഏറെ ഔഷധ ഗുണങ്ങളുമുണ്ട്. ദഹനക്കുറവ്, വയറു വേദന, പല്ലുവേദന, വിരശല്യം, വായുക്ഷോഭം എന്നിവയ്‌ക്കെതിരേ ഫലപ്രദമാണിത്. കോളറ രോഗാണുവിനെ നശിപ്പിക്കാനുള്ള കഴിവ് ഗ്രാമ്പൂ തൈലത്തിനുണ്ട്. ഇതിനാല്‍ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം പലപ്പോഴായി കുടിക്കുന്നത് കോളറ ശമിക്കാന്‍ സഹായിക്കും.
ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്റെ പൂക്കള്‍ മൊട്ടായിരിക്കുമ്പോള്‍ തന്നെ, വിടരുന്നതിനു മുമ്പായി, പറിച്ചെടുത്ത് ഉണക്കുന്നതാണ് 'നമ്മള്‍ ഉപയോഗിക്കുന്ന ഗ്രാമ്പൂ. ഇവയുടെ ഇലകളുടെ മുകള്‍ വശത്തിന് കടുംപച്ച നിറവും, അടി വശത്തിന് മങ്ങിയ പച്ചനിറവുമാണ്. ഇലകളുടെ അഗ്രഭാഗത്ത് ധാരാളം എണ്ണ ഗ്രന്ഥികളുണ്ട്. ഇവയുടെ ഫലത്തിനും രൂക്ഷ ഗന്ധമുണ്ട്.
സമുദ്ര നിരപ്പില്‍ നിന്ന് 800-900 മീറ്റര്‍ ഉയരത്തില്‍ വരെ ഗ്രാമ്പൂ വളരുമെങ്കിലും നല്ല വളര്‍ച്ചയും വിളവും കണ്ടുവരുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലാണ്. 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും 150-250 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് ഏറ്റവും ഉചിതം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള എക്കല്‍ മണ്ണാണ് ഗ്രാമ്പൂ കൃഷിക്ക് അനു യോജ്യം. ഭാഗികമായി തണലുള്ള സ്ഥലങ്ങള്‍ വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ഗ്രാമ്പൂവിന്റെ വിത്താണ് പ്രജനനത്തിനുപയോഗിക്കുന്നത്.
നന്നായി വിളവു തരുന്ന, ലക്ഷണമൊത്ത മാതൃ വൃക്ഷത്തില്‍ നിന്നു വേണം വിത്തുകള്‍ ശേഖരിക്കാന്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നന്നായി പഴുത്ത് പാകമായ വിത്തുകള്‍ ശേഖരിക്കാം. വിത്തിനു പുറമെ മാംസളമായ ഒരു ഭാഗമുണ്ട്. വെള്ളത്തിലിട്ട് തിരുമ്മി, മാംസള മായ ഭാഗം നീക്കം ചെയ്ത ഉടനെ തന്നെ വിത്തുകള്‍ പാകാം. ശേഖരിച്ച വിത്തുകള്‍ പാകാന്‍ സാധിച്ചില്ലെങ്കില്‍ നനവുള്ള മണ്ണിലോ അറക്കപ്പൊടിയിലോ ഒരാഴ്ച വരെ സൂക്ഷിക്കാം. ആവശ്യത്തിനു ജൈവവളമോ, കമ്പോസ്‌റ്റോ ചേര്‍ത്ത് ബെഡു കളില്‍, 2-5 സെന്റീമീറ്റര്‍ താഴ്ച യിലും, 12-15 സെന്റീമീറ്റര്‍ അകലത്തിലുമായി വിത്തുകള്‍ പാകാം. നഴ്‌സറിക്ക് തണലും രണ്ടു തവണ നനയും ആവശ്യ മാണ്. 20 ദിവസം കഴിയുന്നതോടെ വിത്തുകള്‍ മുളച്ചു തുടങ്ങും.
ഇത് 100-120 ദിവസം വരെ തുടരാം. തൈകള്‍ 25-30 സെന്റീമീറ്റര്‍ ഉയരമാകുന്നതു വരെ നഴ്‌സറിയില്‍ സൂക്ഷിക്കാം. ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലേക്കോ, കൂടുകളിലേക്കോ മാറ്റി നടാം. ഒന്നര വര്‍ഷം പ്രായമായ തൈകളാണ് മാറ്റി നടാനായി തെരഞ്ഞെടുക്കേണ്ടത്. അവയ്ക്ക് രണ്ടോ മൂന്നോ ശാഖകളും 45 സെന്റീമീറ്ററില്‍ കുറയാതെ ഉയരവും ഉണ്ടായിരിക്കും. ചെടികള്‍ തമ്മില്‍ ആറു മീറ്റര്‍ അകലം കിട്ടത്തക്ക വിധം 60 ഃ 60 ഃ 60 സെന്റീമീറ്റര്‍ വലിപ്പത്തിലാണ് കുഴികളെടുക്കേണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളില്‍ ആവശ്യത്തിന് മേല്‍മണ്ണും, ജൈവവളവും ചേര്‍ത്ത് മേയ്-ജൂണ്‍, ഓഗസ്റ്റ്-സെപ്റ്റം ബര്‍ മാസങ്ങളില്‍ തൈകള്‍ മാറ്റി നടാം
.
ചെടിയൊന്നിന് ആദ്യവര്‍ഷം 15 കിലോ ഗ്രാം ജൈവവളവും, തുടര്‍ന്ന് അളവു കൂട്ടി നാലാം വര്‍ഷം മുതല്‍ 55 കിലോ എന്ന തോതിലും മേയ-ജൂണ്‍ മാസങ്ങളില്‍ ചേര്‍ത്തു കൊടുക്കുക.
തുടര്‍ന്ന് ഓരോ വര്‍ഷവും അളവു കൂട്ടി, 15-ാം വര്‍ഷം മുതല്‍ 652 ഗ്രാം യൂറിയ, 1250 ഗ്രാം രാജ്‌ഫോസ്, 1250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ചേര്‍ക്കുക. വളങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണകളായി മേയ്-ജൂണിലും, സെപ്റ്റംബര്‍ - ഒക്ടോബറിലും ചേര്‍ക്കാം. ചെടിയ്ക്ക് ചുറ്റും 1-1.25 മീറ്റര്‍ അകലത്തില്‍ രാസവളം വിതറി മണ്ണ് വലിച്ചിട്ട് മൂടുക. ചെടി ചുവട്ടില്‍ കളകള്‍ വരാതെ നോക്കുക.
വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും വേണം. പുതയിടുന്നത് വേനല്‍ കാഠിന്യത്തെ അതിജീവിക്കാനും ഉപകരിക്കും. നട്ട് 6-7 വര്‍ഷം മുതല്‍ ഗ്രാമ്പൂ പൂവിട്ടു തുടങ്ങും. ജനുവരി, ഫെബ്രുവരി, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് പൂവിടുന്ന കാലം. പൂമൊട്ടുകള്‍ വളരെ ശ്രദ്ധയോടെ പറിച്ചെടുക്കണം. പച്ചനിറം മാറി ഇളം ചുവപ്പാകുമ്പോള്‍ മൊട്ടുകള്‍ പറിക്കാം. ഇളം തണ്ടുകള്‍ക്ക് കേടു പറ്റാതെ വേണം നുള്ളിയെടുക്കാന്‍. ഇല, തണ്ട് എന്നിവ നീക്കി വൃത്തിയുള്ള പായ്കളില്‍ നിരത്തി വെയിലത്ത് ഉണക്കണം.
നല്ല വെയിലുള്ള കാലാവസ്ഥയില്‍ 4-5 ദിവസം കൊണ്ട് ഗ്രാമ്പൂ നന്നായി ഉണങ്ങും. ശരിയായി ഉണങ്ങിയാല്‍ മൊട്ടിന്റെ തണ്ടിന് കടും തവിട്ടു നിറവും ബാക്കി ഭാഗത്തിന് ഇളം തവിട്ടു നിറവുമായിരിക്കും. ഗ്രാമ്പൂവിന്റെ തൈലത്തിനാണ് ഏറ്റവും ഔഷധ ഗുണമുള്ളത്. ഗ്രാമ്പൂ മൊട്ടില്‍ 17 ശതമാനവും, തണ്ടുകളില്‍ ആറു ശതമാനവും, ഇലകളില്‍ മൂന്നു ശതമാനവും തൈലം അടങ്ങിയിട്ടുണ്ട്. മഴയ്ക്കു മുമ്പായി ബോര്‍ഡോ മിശ്രിതം തളിക്കുന്നത് പൂപ്പല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha