ജൈവപച്ചക്കറി കൃഷി
കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയില്‍. വിശ്രമവേളകള്‍ ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികള്‍ ചാക്കില്‍ വളര്‍ത്തുന്നതാണ്. കാലിയായ പ്ലാസ്റ്റിക് ചാക്കുകളിലോ, ചണചാക്കുകളിലോ ചെടികള്‍ വളര്‍ത്താം. ഇതിനുപുറമേ ഗ്രോ-ബാഗുകളും ഉപയോഗിക്കാം.
കൃഷിക്ക് ആവശ്യമായ മണ്ണ് മിശ്രിതം തയാറാക്കുന്നതിനായി രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ചാണകപ്പൊടിയും ചേര്‍ത്തിളക്കുക. ഇപ്രകാരം തയ്യാറാക്കിയ മണ്ണ് മിശ്രിതം ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റി വച്ചതിനുശേഷം 25-30 സെന്റീമീറ്റര്‍ കനത്തില്‍ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ഭാരക്കുറവ്, വിലക്കുറവ്, മണ്ണിന്റെ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് ചാക്കിന്റെ പ്രയോജനങ്ങള്‍.
തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ കൃഷിചെയ്യാന്‍ ഒരേ ചാക്കു മതിയാകും. ഓരോ കൃഷി കഴിയുമ്പോഴും പുതിയ കൃഷി ഇറക്കുന്നതിനു മുമ്പായും മണ്ണില്‍ വേണ്ടത്ര ജൈവവളം ചേര്‍ക്കണം. തക്കാളി, വഴുതന, മുളക്, ചീര, പയര്‍, കുറ്റിയമര, വെണ്ട തുടങ്ങിയ വിളകള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാം. കയറുപയോഗിച്ച് പന്തല്‍ കെട്ടാനുള്ള സൗകര്യമുണ്ടെങ്കില്‍ പാവല്‍, പടവലം, കോവല്‍, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും മട്ടുപ്പാവില്‍ കൃഷിചെയ്യാവുന്നതാണ്. മട്ടുപ്പാവില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മൂന്ന് ഇഷ്ടികകള്‍ അടുപ്പുപോലെ കൂട്ടി അതിനു മുകളില്‍ ചാക്കുവയ്ക്കുന്നതാണു നല്ലത്. ആവശ്യമെങ്കില്‍ മാത്രം ജലസേചനം നടത്തുക. മഴസമയത്ത് മട്ടുപ്പാവില്‍ വെള്ളം കെട്ടാതിരിക്കാനും നീര്‍വാഴ്ച ഉറപ്പുവരുത്തുന്നതിനും ചാക്കിന്റെ അടിഭാഗത്ത് ഇഷ്ടികകള്‍ വയ്ക്കുന്നത് സഹായിക്കും. രാസവളപ്രയോഗവും രാസ കീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക.
ജൈവകൃഷിക്ക് ചാണകപ്പൊടി, കോഴിക്കാഷ്ഠം, കമ്പോസ്റ്റ് എന്നീ ജൈവവളങ്ങള്‍ മാത്രം നല്‍കുക. മട്ടുപ്പാവിലെ കൃഷിയില്‍ സാധാരണയായി കീടരോഗബാധകള്‍ കുറവായിരിക്കും. ഓരോ ദിവസവും ചെടിയുടെ ഇലകള്‍ പരിശോധിച്ച് കീടങ്ങള്‍ ഉണ്ടെങ്കില്‍ അവയെ പെറുക്കിയെടുത്ത് നശിപ്പിക്കുക. പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരേ പുകയിലക്കഷായം, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, വേപ്പിന്‍കുരുസത്ത്, കിരിയാത്ത് എമല്‍ഷന്‍ എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
തിരക്കേറിയ നഗരജീവിതത്തിനും ഉപഭോഗസംസ്‌കാരത്തിനും പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് ചുരുങ്ങിയ ചെലവിലും മണ്ണിലും രുചിയേറിയ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് മട്ടുപ്പാവുകൃഷി. വളര്‍ന്നുവരുന്ന നമ്മുടെ പുതുതലമുറയ്ക്കു അന്യംനിന്നുപോകുന്ന കാര്‍ഷിക സംസ്‌കാരം പകര്‍ന്നു നല്‍കാനുള്ള ഒരു മാര്‍ഗദീപമാകട്ടെ ഇത്.
https://www.facebook.com/Malayalivartha