വിവിധതരം ഓര്‍ക്കിഡുകളെ പരിചയപ്പെടാം
മലയാളി ആദ്യമായി വളര്‍ത്തി പരിചയിച്ച ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിന്റെ സ്ഥാനത്തേക്ക് ഇന്ന് ഓര്‍ക്കിഡിന്റെ എത്രയോ ഇനങ്ങളാണ് വന്നെത്തുന്നത്. മിക്കവയും രണ്ടും മൂന്നും ജനുസുകളുടെ സങ്കരണം വഴി ഉല്‍പാദിപ്പിച്ചവയും. വിദേശ രാജ്യങ്ങളില്‍നിന്നു നമ്മുടെ വിപണിയില്‍ എത്തുന്നവയില്‍ പലതും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുകയോ പൂവിടുകയോ ചെയ്യാറില്ല.
പുറംരാജ്യങ്ങളിലെ ഫാമുകളിലുള്ള സമീകൃത അന്തരീക്ഷത്തില്‍ വളര്‍ത്തി പൂവിട്ടവയാണ് വിപണിയില്‍ ലഭിക്കുന്നതില്‍ ഏറെയും. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു യോജിക്കില്ല. അതിനാല്‍ പുതിയ ഇനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് അവ നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ പറ്റിയവയാണോ എന്ന് ഉറപ്പാക്കണം.
കൂടാതെ, ഇത്തരം ചെടികള്‍ നടാനുള്ള മിശ്രിതം, വളര്‍ന്നു പൂവിടാന്‍ ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ്, പൂവിടാന്‍ പറ്റിയ കാലാവസ്ഥ ഇവയെക്കുറിച്ചെല്ലാം മനസ്സിലാക്കിയിരിക്കണം. അല്ലെങ്കില്‍ മുന്തിയ വില നല്‍കി വാങ്ങിയ ഇവ വെറും ഇലച്ചെടികളായി മാത്രം നില്‍ക്കും. ഓര്‍ക്കിഡ് പ്രേമികള്‍ക്കു തിരഞ്ഞെടുക്കാനായി നാലു വ്യത്യസ്ത അലങ്കാരയിനങ്ങളെ പരിചയപ്പെടാം.
ബ്രാസവോള
ലേഡി ഓഫ് നൈറ്റ് എന്ന് അറിയപ്പെടുന്ന ബ്രാസവോളയുടെ വെളുത്ത പൂക്കളുള്ള നോഡോസ ഇനമാണ് നമ്മുടെ നാട്ടില്‍ യോജിച്ചത്. നാരങ്ങാസുഗന്ധമുള്ള പൂക്കള്‍ രാത്രിയിലാണു വിരിയുക. നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടത്തും ഗ്രീന്‍ നെറ്റിന്റെ തണലിലും തെങ്ങിന്റെ ചോലയിലും ബ്രാസവോള നന്നായി വളര്‍ന്നു പൂവിടും. തെക്കേ അമേരിക്ക ജന്മദേശമായ ഈ ഓര്‍ക്കിഡിന്റെ ആറ് ഇതളുകളുള്ള പൂവിന്റെ ഒരിതള്‍ മാത്രം നല്ല വലുപ്പത്തില്‍ ഹൃദയാകൃതിയിലാണ്. ബ്രാസവോളയുടെ തണ്ട് നേര്‍ത്ത് ചെറുതാണ്. ഈ തണ്ടിന്റെ അഗ്രഭാഗത്താണു വീതി കുറഞ്ഞ് തടിച്ച ഇല കാണപ്പെടുക. ഇലയും തണ്ടും ചേരുന്ന മുട്ടില്‍നിന്നാണ് പൂങ്കുല ഉണ്ടായി വരുന്നത്. ഒരു പൂങ്കുലയില്‍ 3-4 പൂക്കളേ കാണുകയുള്ളൂ. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്ന ചെടിയുടെ ഇലകളില്‍ മങ്ങിയ ചുവപ്പുപുള്ളികള്‍ സവിശേഷതയാണ്. ഇത്തരം ഇലകളോടുകൂടിയ ചെടിക്ക് പൂവിടാന്‍ വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഒരടിയോളം വലുപ്പം വയ്ക്കുന്ന ബ്രാസവോള വളര്‍ന്നുവന്ന് ചട്ടി നിറയെ ഒരു കൂട്ടമായിത്തീരും. ചെടി നടാനായി മരക്കരി, കൊക്കോചിപ്‌സ്, ഓടിന്റെ കഷണം ഇവ ചേര്‍ത്തു തയാറാക്കിയതു മതി. ആവശ്യത്തിനു സുഷിരങ്ങളുള്ള മണ്‍ചട്ടിയാണ് ഉചിതം.
ആസ്‌കോസെന്‍ട്രം
ബാസ്‌കറ്റ് വാന്‍ഡ ഇനങ്ങള്‍പോലെ നെറ്റ് ബാസ്‌കറ്റില്‍ മാധ്യമം ഒന്നുമില്ലാതെ വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. കുഞ്ഞന്‍ വാന്‍ഡയുടെ പ്രകൃതം. മഞ്ഞ, പിങ്ക്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളില്‍ മിക്കവയ്ക്കും നേര്‍ത്ത സുഗന്ധമുണ്ട്. വര്‍ഷത്തില്‍ പലതവണ പൂവിടുന്ന ആസ്‌കോസെന്‍ട്രത്തിന്റെ പൂക്കള്‍ ചെടിയില്‍ ഒരു മാസത്തോളം നില്‍ക്കും. വാന്‍ഡയെ അപേക്ഷിച്ച് ചെറിയ പൂക്കളാണെങ്കിലും ഒരു കുലയില്‍ 25-30 എണ്ണം വരെ ഉണ്ടാകും. ഒരു പരിധിവരെ നേരിട്ടു വെയിലത്തു വളരാന്‍ കഴിവുണ്ട് ഈയിനത്തിന്. ഇലകള്‍ വാന്‍ഡയിലെന്നപോലെ രണ്ടു വശത്തേക്ക് അടുക്കായിട്ടാണു ക്രമീകരിച്ചിരിക്കുന്നത്. ചെടിയുടെ ചുവട്ടില്‍നിന്നുമാണു വേരുകള്‍ അധികമായി ഉണ്ടായി വരിക. ചിലപ്പോള്‍ ഇലകളുടെ ഇടയില്‍നിന്നു വേരുകള്‍ കാണാം. നല്ല തടിച്ച വേരുകള്‍ എങ്ങും പറ്റിപ്പിടിക്കാതെ വായുവിലേക്ക് വളരുന്നു. നന്നായി പ്രായമെത്തിയ ചെടി ചുവട്ടില്‍ തൈകള്‍ ഉല്‍പാദിപ്പിക്കും. വേരുകളാണ് ആസ്‌കോസെന്‍ട്രത്തിന്റെ ആരോഗ്യം. വേരുകള്‍ക്ക് നല്ല ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
അയണോപ്‌സിസ്
സെന്‍ട്രല്‍ അമേരിക്കയും കരീബിയന്‍ ദ്വീപുകളും സ്വദേശമായ കുഞ്ഞന്‍ അലങ്കാര ഇനം പൂവിട്ടാല്‍ പിന്നെ പൂക്കള്‍ കൊണ്ട് ആറാട്ടാണ്. ഡെലിക്കേറ്റ് വയലറ്റ് ഓര്‍ക്കിഡ് എന്ന് ഇംഗ്ലീഷില്‍ വിളിപ്പേരുള്ള അയണോപ്‌സിസ് നമ്മുടെ നാട്ടില്‍ അനുകൂല കാലാവസ്ഥയില്‍ വര്‍ഷത്തില്‍ രണ്ടു തവണ പൂവിടും. കുറുകിയ തണ്ടില്‍ ചെറുകൂട്ടമായാണ് ഇലകള്‍ കാണുന്നത്. ഇലകള്‍ രണ്ടുവശത്തേക്ക് അടുക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. വേരുകള്‍ നേര്‍ത്തതും നല്ല നീളമുള്ളതുമാണ്. അര മീറ്ററോളം നീളമുള്ള പൂങ്കുല നിറയെ ശാഖകളും അവയില്‍ തിങ്ങിനിറഞ്ഞു പൂക്കളും ഉണ്ടാകും. പൂക്കള്‍ വിരിഞ്ഞുവരുമ്പോള്‍ വെള്ളനിറവും പിന്നീടു വയലറ്റ് നിറവുമാകും. പൂവിന്റെ നല്ല വലുപ്പമുള്ള ലിപ് ആണ് മുഖ്യ ആകര്‍ഷണം. പൂക്കള്‍ ചെടിയില്‍ രണ്ടു മാസത്തോളം കാണാം. പാതി തണല്‍ കിട്ടുന്നിടത്ത് അയണോപ്‌സിസ് നന്നായി വളരും. ചട്ടിയില്‍ നടാന്‍ മരക്കരി മാത്രം നിറച്ച മാധ്യമം മതി. പഴകിയ തടിക്കഷണത്തിലോ പൊതിമടലിലോ വേരുഭാഗം മാത്രം പൊതിഞ്ഞുകെട്ടി തൂക്കിയിട്ടും വളര്‍ത്താം. വേനല്‍ക്കാലത്തു വേരുകള്‍ക്ക് 2-3 തവണ നന നല്‍കുന്നതു നന്ന്. അയണോപ്‌സിസ് പരിപാലിക്കുന്നിടത്തു ചൂട് അധികമായാല്‍ ഇലകളില്‍ ചുവപ്പുകലര്‍ന്ന തവിട്ടുനിറം കാണും.
ഡെന്‍ഡ്രോബിയത്തിലെ വേറിട്ട ഇനങ്ങള്‍
നമുക്കു സുപരിചിതമായ ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിന്റെ അത്രയ്ക്കു പരിചിതമല്ലാത്ത സങ്കരയിനങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ഇവയില്‍ ഹിബിക്കി, ഡോണ്‍മാരി എന്നിവയ്ക്ക് ഈയിടെയാണ് പ്രിയമേറിയത്. ഡെന്‍ഡ്രോബിയം ജനുസിലെ ഏറ്റവും വലുപ്പം കുറഞ്ഞ ചെടിയാണു ഹിബിക്കി. 5–6 ഇഞ്ച് ഉയരത്തില്‍ വളരുന്ന ഹിബിക്കിയുടെ പൂക്കള്‍ക്ക് കടുംപിങ്ക് നിറമാണ്. ഒറ്റനോട്ടത്തില്‍ പൂവിട്ട ചെറിയ ബാള്‍സം ചെടിയുടെ പ്രകൃതം. ഇലകളോടുകൂടിയ തണ്ടുകള്‍ കൂട്ടമായി ഉല്‍പാദിപ്പിക്കുന്ന ഈ ചെടിയുടെ തണ്ടില്‍നിന്ന് ഇലകള്‍ മുഴുവനായി കൊഴിയുമ്പോഴാണു പൂവിടുക. പൂങ്കുലയില്‍ 3–4 പൂക്കള്‍വരെ ഉണ്ടാകും. ഒരു തണ്ടു തന്നെ പല തവണ പൂവിടും. വര്‍ഷത്തില്‍ പലവട്ടം പുഷ്പിക്കുന്നു. നല്ല വലുപ്പത്തില്‍ പൂക്കള്‍ ഉള്ളതാണ് ഡോണ്‍മാരി ഇനം. നീളം കുറഞ്ഞ പൂങ്കുലയില്‍ 4–5 പൂക്കള്‍ മാത്രമാണ് ഉണ്ടാകുക. വെള്ള നിറത്തിലുള്ള പൂവിന്റെ ആകര്‍ഷണം ഓറഞ്ച്, പീച്ച് അല്ലെങ്കില്‍ മഞ്ഞ വര്‍ണത്തിലുള്ള പ്രത്യേക ഇതളാണ്. പൂക്കള്‍ ചെടിയില്‍ രണ്ടാഴ്ചയോളം കാണാം. പരമ്പരാഗത ഡെന്‍ഡ്രോബിയത്തിന്റെ സസ്യപ്രകൃതിയും വളര്‍ച്ചാരീതിയുമാണ് ഈയിനത്തിനുള്ളത്. ഓടിന്റെയും കരിയുടെയും കഷണങ്ങള്‍ കലര്‍ത്തിയെടുത്തതില്‍ ഇവ രണ്ടും നട്ടുവളര്‍ത്താം. ഒരു പരിധിവരെ നേരിട്ടു സൂര്യപ്രകാശം ഉള്ളിടത്ത് നന്നായി വളരുകയും പൂവിടുകയും ചെയ്യും.
https://www.facebook.com/Malayalivartha