വര്‍ണാഭമായി ചെമ്പരത്തി
മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില്‍ കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില്‍ നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില്‍ നാടന്‍ ചുവപ്പു ചെമ്പരത്തി അതിരുകാവലാളായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങള്‍ക്കൊപ്പം ഇവയും നട്ടു വളര്‍ത്തുന്നുണ്ട്.
വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വര്‍ണങ്ങളില്‍ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കും. വര്‍ണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.
നട്ടുവളര്‍ത്താന്‍
മുന്‍പു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളര്‍ത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിര്‍ത്തി ബാക്കി ഇലകള്‍ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും
കലര്‍ത്തിയതില്‍ ഈ കമ്പു നടാം. പോളിബാഗില്‍ നട്ട കമ്പ് വിപണിയില്‍ ലഭ്യമായ കുമിള്‍നാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം. ഈ വിധത്തില്‍ തയാറാക്കിയത് അധിക ഈര്‍പ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറില്‍ വയ്ക്കണം.
ഇത്തരം ചേംബറില്‍ ഒരാഴ്ച മുഴുവന്‍ വച്ച കമ്പ് തുടര്‍ന്നുള്ള ആഴ്ചകളില്‍ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതല്‍ വായുസഞ്ചാരവും കുറഞ്ഞ ഈര്‍പ്പവുമുള്ള സാഹചര്യത്തില്‍ സംരക്ഷിക്കണം.
നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളില്‍ വേരുപിടിക്കും. വേരുകള്‍ വന്നു വളരാന്‍ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളര്‍ച്ചയായാല്‍ പൂവിടാന്‍ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങള്‍ 8–10 ഇഞ്ച് വലുപ്പമായാല്‍ പൂവിട്ടു തുടങ്ങും. നാടന്‍ ഇനങ്ങളാകട്ടെ, പൂവിടാന്‍ 2-3 അടി ഉയരം വയ്ക്കണം.
പരിപാലനം
ചട്ടിയിലും നിലത്തും സങ്കരയിനങ്ങള്‍ പരിപാലിക്കാം. നിലത്തു വളര്‍ത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കുറഞ്ഞത് ഒരടി വലുപ്പമുള്ള ചട്ടിയാണു ചെമ്പരത്തി നടാന്‍ വേണ്ടത്. ചുവന്ന മണ്ണ്, ചകിരിച്ചോറ്, വളമായി ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം മതി.
ചെറിയ പോളിബാഗില്‍ വളര്‍ത്തിയെടുത്ത ചെടി മിശ്രിതമുള്‍പ്പെടെ ചട്ടിയിലേക്കു മാറ്റി നടാം. നേരിട്ടു വെയില്‍ കിട്ടുന്നതും വെള്ളം തങ്ങി നില്‍ക്കാത്തതുമായ ഉദ്യാനത്തിന്റെ ഭാഗങ്ങളില്‍ ചെമ്പരത്തി നിലത്തു നട്ടുവളര്‍ത്താം. ചട്ടി നിറയ്ക്കാന്‍ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.
സംരക്ഷണം
ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങള്‍ക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം 'ഇന്‍ഡോഫില്‍', ഒരു മില്ലി 'കോണ്‍ഫിഡോര്‍' എന്നീ രാസകീടനാശിനികള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയായി രണ്ടാഴ്ചയിലൊരിക്കല്‍ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും
.
ഇല മുരടിപ്പ് വേനല്‍ക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം കോണ്‍ഫിഡോര്‍ നാലു ദിവസത്തെ ഇടവേളയില്‍ 2-3 ആവര്‍ത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാല്‍ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ 'കരാട്ടെ' (ലാംബ്ഡ സൈക്‌ളോത്രിന്‍) രണ്ടു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ തയാറാക്കിയതു പ്രയോഗിച്ചാല്‍ മതി. മീലിമൂട്ടകള്‍ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാല്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം 'പെഗാസസ്' കീടനാശിനി ചെടി മുഴുവനായി 2–3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.
https://www.facebook.com/Malayalivartha