പെരുംജീരകകൃഷി
പെരുംജീരകം നമ്മുടെ ഭക്ഷണങ്ങളിലെ ചേരുവകളില്‍ നിത്യ പരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ബില്‍ കൗണ്ടറില്‍ ഒരു കൊച്ചു പ്‌ളേറ്റില്‍, ഭക്ഷണത്തിനുശേഷം വായ സുഗന്ധപൂരിതമാക്കാന്‍ പെരുംജീരകം വയ്ക്കുന്നത് സാധാരണമാണ്. പലതരം അപ്പങ്ങളിലും രുചിയും സുഗന്ധവും കിട്ടാന്‍ പെരുംജീരകം ചേര്‍ത്തുവരുന്നുണ്ട്. ആയുര്‍വേദത്തില്‍ ഔഷധപ്രാധാന്യമുള്ള ഒന്നായി പെരുംജീരകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമുക്കാവശ്യമായ പെരുംജീരകം സ്വന്തമായി ഉണ്ടാക്കാന്‍കഴിഞ്ഞാല്‍ അതൊരു നേട്ടമാവും.അതൊന്നു പരീക്ഷിച്ചു നോക്കിയാലോ
മണ്ണ് നന്നായി കിളച്ചിളക്കി കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം അവിടെ വിത്തുപാകണം. കടയില്‍നിന്നു ലഭിക്കുന്ന ജീരകം വിത്തായി ഉപയോഗിച്ചപ്പോള്‍ മുളച്ചതായി കണ്ടിട്ടുണ്ട്. വിത്തുപാകി മുളപ്പിച്ച തൈകള്‍ ഒരുമാസത്തോടെ പറിച്ചുനടാം. നിലം ഒരുക്കി ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. തൈകള്‍ക്ക് ആദ്യഘട്ടത്തില്‍ ചെറിയ താങ്ങ് കൊടുക്കേണ്ടിവരും. മേല്‍വളമായി മണ്ണിരകമ്പോസ്‌റ്റോ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ നിലക്കടല പിണ്ണാക്കോ ചേര്‍ക്കാം. കളകള്‍ നീക്കണം. ഒന്നരമാസത്തോടെ പൂത്ത് മൂന്നുമാസത്തോടെ വിളവെടുക്കാനും സാധിക്കും.
കാരറ്റിന്റെ കുടുംബത്തിലാണത്രെ പെരുംജീരകം പെടുക. പച്ചിനിറത്തിലുള്ള ഇലകളും പൂക്കള്‍ക്ക് മഞ്ഞനിറവുമാണ് ഉണ്ടാവുക. പച്ചനിറം മാറുന്നതിനുമുമ്പേ ജീരകം പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കാം. ദഹനക്കേട് തടയാനും, ശ്വാസശുദ്ധിക്കും, രക്തസമ്മര്‍ദം കുറയ്ക്കാനും മലശോധനയ്ക്കും ഇതൊരു ഔഷധമാണ്. ഇവയുടെ കായ്കള്‍ മാത്രമല്ല ഇലയും, കിഴങ്ങും, തണ്ടുമെല്ലാം ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാം. വിഎഫ്പിസികെയുടെ പരീക്ഷണവിജയം നമുക്കും കൃഷിയിലൂടെ കൈവരിക്കാം.
https://www.facebook.com/Malayalivartha