മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം
ഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്തുകയാണ്.മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. പ്രത്യേകിച്ച് 'സിയാറ്റിന്‍' ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. ഘാനയിലും മറ്റും മുരിങ്ങയിലസത്ത് ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെയാണ്. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്‌സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്‌പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക.
പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള്‍ ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക.
കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും.
പഞ്ചഗവ്യത്തോടൊപ്പം രണ്ട് ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിയുകയുണ്ടായി.
https://www.facebook.com/Malayalivartha