കൊക്കറ്റീലുകള്‍
തൂവലുകളാല്‍ നെയ്യപ്പെട്ട തലയിലെ കിരീടമാണ് കൊക്കറ്റീലുകളുടെ മുഖമുദ്ര. ജനസമ്മതിയുടെ കാര്യത്തില്‍ ബഡ്‌ജീസുകള്‍ക്ക് പിന്നില്‍ രണ്‌ടാംസ്ഥാനം ഇവര്‍ക്ക് നല്‍കാം. തുവലുകളാല്‍ നിര്‍മിതമായ ചലിപ്പിക്കാവുന്ന തലപ്പൂവിന്റെ ആകര്‍ഷണം, മാന്യമായ പെരുമാറ്റം, വര്‍ണ്ണഭംഗി, ഈണത്തിലുള്ള ചൂളംവിളി, ചിരപരിചിത ശബ്‌ദങ്ങള്‍ അനുകരിക്കാനുള്ള കഴിവ്, പരിശീലനസൗകര്യം എന്നിവയെല്ലാം ഒരടിയോളം നീളം വരുന്ന ഈ ഓസ്‌ട്രേലിയന്‍ പക്ഷികളെ പക്ഷിപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
പരിമിതമായ സ്ഥലസൗകര്യങ്ങളില്‍പോലും ഈ വര്‍ണപക്ഷികള്‍ സംതൃപ്‌തരാകും. ദീര്‍ഘ ചതുരാകൃതിയില്‍ നിര്‍മിക്കപ്പെട്ട കൂടുകള്‍ നല്ലത്. 2 അടി നീളം, 2 അടി വീതി, 3 അടി ഉയരം എന്ന അളവില്‍ മൊത്തം 12 ചതുരശ്രയടി വിസ്‌തീര്‍ണമെങ്കിലും നല്‍കണം. മാന്യമായ പെരുമാറ്റമായതിനാല്‍ ആവശ്യമെങ്കില്‍ ബഡ്‌ജികള്‍, ഫിഞ്ചുകള്‍ തുടങ്ങിയ ചെറുകിളികളെയും ഒപ്പം വളര്‍ത്താം. 3-4 മാസം പ്രായമാണ് വാങ്ങാനും വില്‍ക്കാനും അനുയോജ്യം. ഈ പ്രായത്തില്‍ ഇണക്കിയെടുക്കാന്‍ എളുപ്പം. പ്രായം കൂടിയാല്‍ മനുഷ്യനോട് ഇണങ്ങാന്‍ വിഷമമാകും.
ആണ്‍ കൊക്കറ്റീലുകളുടെ മുഖത്തിന് മഞ്ഞനിറവും പെണ്ണിന് ചാരനിറവുമായിരിക്കും. മാത്രമല്ല മുഖത്തുള്ള ഓറഞ്ചടയാളത്തിന് വലിപ്പവും ഗാഢതയും പൂവന് കൂടുതലായിരിക്കും. മൂന്നു മാസം പ്രായമെത്തുമ്പോള്‍ പൂവന്‍ ആകര്‍ഷകമായ രീതിയില്‍ വിസിലടിച്ചു തുടങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയെത്തുന്നതോടെ ഇണ ചേര്‍ക്കാം. വര്‍ഷം മുഴുവന്‍ പ്രജനനം നടത്തുന്നത് കൂടുതല്‍ നല്ലത്. കൂട്ടമായി കോളനി രീതിയില്‍ ഇണകളെ ഒരുമിച്ചിടാന്‍ പ്രയാസമില്ലെങ്കിലും അടയിരിക്കുന്ന അറ പങ്കുവയ്‌ക്കുന്ന ഇവയുടെ സ്വഭാവം പ്രശ്‌നങ്ങളുണ്‌ടാക്കാം. തന്‍മൂലം ഒരു പിടയ്‌ക്ക് കൂടുതല്‍ മുട്ടകളില്‍ അടയിരിക്കേണ്‌ടി വരികയും മുട്ട വിരിയലിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അടയിരിക്കുന്ന ജോലി ഇണകള്‍ ഏറ്റെടുക്കുന്നു. പകല്‍ പൂവനും രാത്രിയും അടയിരിക്കല്‍ ജോലി നിര്‍വഹിക്കും. ശരാശരി 19 ദിവസമാണ് മുട്ട വിരിയാനെടുക്കുന്നത്. ഒരു സമയത്ത് 5-6 മുട്ടകള്‍ വീതം ഇടുന്നു. മുട്ട വിരിഞ്ഞുണ്‌ടാകുന്ന കുഞ്ഞുങ്ങള്‍ 35 ദിവസങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വിരിക്കും.
ബഡ്‌ജീസുകള്‍ക്ക് നല്‍കുന്ന വിത്തുകളുടെ മിശ്രിതം തന്നെ കൊക്കറ്റീലുകള്‍ക്ക് നല്‍കാം. ധാന്യങ്ങളും പഴങ്ങളും തീറ്റയാക്കാം. വിത്തുകള്‍ തീറ്റയായി നല്‍കുമ്പോള്‍ ജീവികം എ യുടെ കുറവ് മൂലം അടയിരിക്കല്‍ അറയില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടാമെന്നതിനാല്‍ വിറ്റമിന്‍ എ മിശ്രിതം തീറ്റയില്‍ നല്‍കണം. സൂര്യകാന്തിക്കുരു, ആപ്പിള്‍ തുടങ്ങിയവയും തീറ്റക്രമത്തില്‍ ഉള്‍പ്പെടുത്താം. കണവനാക്ക്, കരിക്കട്ടപ്പൊടി, തുളസിയില ഇവ കൂടി ഉള്‍പ്പെടുത്തി പ്രജനനകാലം സമ്പുഷ്‌ടമാക്കാം.
15 വര്‍ഷം വരെ ആയുസ് കൊക്കറ്റീലുകള്‍ക്കുണ്‌ട്. ചെറുപ്രായത്തില്‍ ഇണക്കി വളര്‍ത്തിയാല്‍ സംസാരിക്കാന്‍ ഇവര്‍ പഠിക്കും. ചാരനിറമുള്ള ഗ്രേ കൊക്കറ്റീല്‍ ആണ് സാധാരണയായി കാണപ്പെടുന്നത്. ചാരനിറമുള്ള ശരീരം, മുഖത്തിന്റെ ഇരുവശത്തും ഓറഞ്ചു നിറമുള്ള പൊട്ടുകള്‍, തവിട്ടുനിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഇവയ്‌ക്കുള്ളത്. മേല്‍പറഞ്ഞ ചാര കൊക്കറ്റീലുകള്‍ക്ക് വരുത്തിയ ജനിതക വ്യതിയാനങ്ങള്‍ നിരവധി നിറഭേദങ്ങള്‍ക്ക് വഴിയൊരുക്കി. ഇത്തരം വൈവിധ്യമാണ് കൊക്കറ്റീലുകള്‍ക്ക് ജനപ്രീതി എളുപ്പം നേടാന്‍ അവസരമൊരുക്കിയത്.
https://www.facebook.com/Malayalivartha