മട്ടുപ്പാവ് കൃഷി
അല്പം മനസ്സുവെച്ചാല്‍ ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പിലോ, ടെറസ്സിലോ ഉത്പാദിപ്പിക്കാന്‍ കഴിയും. വീട്ടുവളപ്പില്‍ അടുക്കളത്തോട്ടം സാധ്യമല്ലാത്ത അവസ്ഥയില്‍ മട്ടുപ്പാവിലെ കൃഷിയാണ് നല്ലത്. മട്ടുപ്പാവില്‍ മഴമറ തീര്‍ക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു ചതുരശ്രമീറ്റര്‍ മഴമറ തീര്‍ക്കുന്നതിന് 350-400 രൂപ ചെലവുവരും. വിവിധ ഏജന്‍സികള്‍ ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നുണ്ട്. കേരള കൃഷിവകുപ്പില്‍നിന്ന് സാമ്പത്തികസഹായവും ലഭ്യമാകുന്നുണ്ട്.
മഴമറക്കകത്ത് ചെടിച്ചെട്ടികളിലോ, പ്ലാസ്റ്റിക് കൂടകളിലോ, സിമന്റ് ബാഗുകളിലോ പച്ചക്കറി കൃഷിചെയ്യാം. 1:1:1 എന്ന അനുപാതത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ്, മണല്‍, ഉണക്കചാണകപ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതം തയ്യാറാക്കി കൂടകള്‍ നിറയ്ക്കാം. ടെറസ്സില്‍ ഭിത്തിക്കുമുകളിലായി ചെങ്കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് തടം തീര്‍ത്ത് തടത്തില്‍ പോര്‍ട്ടിങ് മിക്‌സ്ചര്‍ നിറയ്ക്കുക. ഈ രീതി സ്വീകരിക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പുവരുത്തണം.
നല്ലയിനം പച്ചക്കറിവിത്തുകള്‍ വിശ്വാസയോഗ്യമായ ഏജന്‍സികളില്‍നിന്നും ശേഖരിക്കുക. വെണ്ട, മുളക്, തക്കാളി, ചീര, വഴുതിന തുടങ്ങിയവയും പാവല്‍, പയര്‍, പടവലം, പീച്ചിങ്ങ തുടങ്ങിയ പന്തല്‍ ഇനങ്ങളും കൃഷിചെയ്യാനായി തിരഞ്ഞെടുക്കാം. വിത്തുകള്‍ 8-10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം മേല്പറഞ്ഞ പോര്‍ട്ടിങ് മിശ്രിതത്തില്‍ നടാം. നടുന്നതിനുമുമ്പ് കൂടയൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് നല്ലതാണ്. നടീലിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ ക്രമമായ തോതില്‍ നനച്ചുകൊടുക്കണം. കൂടകളിലുള്ള ജൈവവളങ്ങള്‍ വെള്ളത്തില്‍ ഒഴുകി നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെ പറയുന്ന ജൈവവളങ്ങളില്‍ ഏതെങ്കിലുമൊന്ന് ഏഴ്-എട്ട് ദിവസത്തെ ഇടവേളകളില്‍ ചേര്‍ത്ത് കൊടുക്കണം.
പച്ചച്ചാണകം, ബയോഗ്യാസ് സ്ലറി, കപ്പലണ്ടി പിണ്ണാക്ക്, ഇവയിലൊന്ന് 200 ഗ്രാം 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തടത്തില്‍ ഒഴിച്ചുകൊടുക്കണം. മണ്ണിര കമ്പോസ്റ്റ് 4 കി.ഗ്രാം ക്രമത്തിലും ഗോമൂത്രം രണ്ടുലിറ്റര്‍ 16 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചും നല്‍കാം. അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, മൈക്കോ റൈസ മുതലായ ജീവാണുവളങ്ങളും ജൈവവളത്തോടൊപ്പം ചേര്‍ത്ത് ചെടികള്‍ക്ക് കൊടുക്കാം. ഇവ അന്തരീക്ഷ ൈനട്രജനെ ആഗിരണം ചെയ്ത് സസ്യവളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.
ഈ രീതിയില്‍ കൃഷിചെയ്യുമ്പോള്‍ രോഗങ്ങളും കീടങ്ങളും പൊതുവേ കുറവുതന്നെ. രോഗങ്ങളും കീടങ്ങളും കാണുകയാണെങ്കില്‍ ജൈവിക നിയന്ത്രണമാര്‍ഗങ്ങള്‍ മാത്രം സ്വീകരിക്കുക. മട്ടുപ്പാവിലെ കൃഷിയില്‍ രാസപദാര്‍ഥങ്ങള്‍ ഒരിക്കലും ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാസവസ്തുക്കള്‍ ടെറസ്സിനുതന്നെ ദോഷം വരുത്തിവെക്കും.
https://www.facebook.com/Malayalivartha