നിലനാരകം അപൂര്‍വ ഔഷധി
പണ്ടൊക്കെ പറമ്പിലും റോഡരികിലും കണ്ടിരുന്ന ഔഷധസസ്യമാണ് നിലനാരകം. പക്ഷേ, ഇന്ന് അപൂര്‍വമായിമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. 30 സെ.മീ.വരെ വളരുന്ന ചെറിയ സസ്യമാണിത്. പശ്ചിമഘട്ടമേഖലയില്‍ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലും നിലനാരകം വളരുന്നതായി കണ്ടിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ ചെടി കാണുന്നുണ്ട്. ഹിന്ദിയില്‍ \'തിനപാമി\'യാണ് ഈ ചെടി. സംസ്‌കൃതത്തില്‍ \'അംലവല്ലി\'യും കന്നടയില്‍ നിലനാരങ്ങയും തെലുങ്കില്‍ \'പഗാപാപ്പു\' എന്നുമാണീ ചെടിയുടെ പേര്.
തമിഴിലും മലയാളത്തിലും \'നിലനാരക\'മെന്നറിയപ്പെടുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മണമുണ്ട്. നാരകത്തിന്റെ ഇലകളുടെ മാതിരിയാണിതിന്റെ ഇലകളും. വേരുകള്‍ക്ക് നല്ല ഔഷധഗുണമുണ്ട്. പൂക്കള്‍ വെളുത്തിരിക്കും. വിത്തുമുഖേനയാണ് ഈ ചെടി പ്രധാനമായി പ്രജനനം നടത്തുന്നതെങ്കിലും വേരടങ്ങിയ ചിനപ്പുകള്‍ നട്ടാലും വളരും. മണ്ണ്, മണല്‍, കാലിവളം എന്നിവ നിറച്ച് ചെടിച്ചട്ടിയിലും നിലനാരകത്തൈ നടാം.
മികച്ച പച്ചമരുന്നായി അറിയപ്പെട്ടിരുന്ന \'നിലനാരക\'ത്തിന് ആയുര്‍വേദമേഖലയില്‍ നല്ല പ്രിയമുണ്ട്. ആയുര്‍വേദാചാര്യന്മാര്‍ നിലനാരകത്തെ നിരവധി ദീനങ്ങള്‍ക്കെതിരെ നല്ല മരുന്നായി പരാമര്‍ശിച്ചിട്ടുണ്ട്.
ശരീരകലകളെ ശീതികരിക്കാന്‍ ശേഷിയുള്ള നിലനാരകം മുറിവ്, ചതവ്, ശരീരവേദന എന്നിവയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.
ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍, വാതരോഗം ശമിപ്പിക്കാന്‍, പ്ലീഹാവീക്കം, ശരീരത്തിലെ ചൊറിച്ചില്‍, രക്തശുദ്ധീകരണം, വായ്‌നാറ്റം പനിബാധ, വയറിളക്കം, വലിവ്, ദഹനക്കേട്, നേത്രരോഗം, മലേറിയ, മഞ്ഞപ്പിത്തം, ചെന്നിക്കുത്ത് ഇവയ്‌ക്കെല്ലാം നിലനാരകം നല്ല മരുന്നായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലനാരകത്തിന്റെ ഇലയുടെ പ്രത്യേകഗന്ധം, പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്. നിലനാരകയില ചതച്ചരച്ച് പച്ചമുളക് (കാന്താരി), വെളുത്തുള്ളി എന്നിവ അരച്ചുചേര്‍ത്ത് ഇരട്ടി അളവില്‍ വെള്ളംചേര്‍ത്ത് തളിച്ചാല്‍ മികച്ച കീടനാശിനിയായി. ഇലക്കറി വിളകളിലെ പ്രാണിശല്യം നിയന്ത്രിക്കാന്‍ നല്ല മരുന്നാണിത്. ഇതില്‍ സോപ്പ് പതപ്പിച്ച് തളിച്ചാല്‍ ഗുണമേറും.
വളര്‍ത്തുപക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ദേഹത്തെ പേന്‍ശല്യം നിയന്ത്രിക്കാന്‍ നിലനാരകം അടയ്ക്കാമണിയന്‍ചെടിയുമായോ ചണ്ണക്കൂവ എന്ന ചെടിയുമായോ ചേര്‍ത്തരച്ചുണ്ടാക്കിയ ലായനി ഉപയോഗിച്ചാല്‍ നല്ലതാണ്.
https://www.facebook.com/Malayalivartha