വിളകളെ രോഗങ്ങളില്‍നിന്നു രക്ഷിക്കാന്‍ മിത്ര ബാക്‌ടീരിയ
കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ് സ്യൂഡോമോണാസ്. രാസവിഷങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള ജൈവിക നിയന്ത്രണമാര്‍ഗമെന്ന നിലയില്‍ സ്യൂഡോമോണാസിന്റെ പ്രചാരം ഓരോദിവസവും കര്‍ഷകര്‍ക്കിടയില്‍ വ്യാപിച്ചുവരികയാണ്. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു കഴിയും. ചെടികളുടെ വേരുപിടിപ്പിക്കാനും വളര്‍ച്ച വേഗത്തിലാക്കാനുമൊക്കെ നഴ്‌സറികളില്‍ ഉപയോഗിച്ചുവരുന്ന രാസവസ്‌തുവാണ് ഇന്‍ഡോര്‍ അസറ്റിക് ആസിഡ്. ഇതുപയോഗിച്ച് ഒരു മില്ലിലിറ്റര്‍ ലായനിയില്‍ 70 മൈക്രോഗ്രാം വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. പരീക്ഷണശാലയില്‍ പ്രത്യേകമാധ്യമത്തില്‍ വളര്‍ത്തുമ്പോള്‍ തിളങ്ങുന്ന സ്വഭാവമുള്ളതിനാല്‍ ഫ്‌ളൂറസന്റ് സ്യൂഡോമോണാസ് എന്ന് ഇതറിയപ്പെടുന്നു.
ഇല, തണ്ട്, വേര് എന്നിവയിലെല്ലാം ഈ ബാക്‌ടീരിയ ജീവിക്കും. അതിനാല്‍ ഏതു ഭാഗത്തുനിന്നുണ്ടാകുന്ന രോഗാക്രമണത്തെയും ബാക്‌ടീരിയ കീഴ്‌പ്പെടുത്തും. അഞ്ചോളം ആന്റിബയോട്ടിക്കുകള്‍ ഈ ബാക്‌ടീരിയ ഉല്‍പാദിപ്പിക്കും. ഇത് ഉല്‍പാദിപ്പിക്കുന്ന സൈട്രറോഫോര്‍ എന്ന രാസവസ്‌തു ഇരുമ്പു കിട്ടാത്ത അവസ്‌ഥയുണ്ടാക്കിയും രോഗാണുക്കളെ നശിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല വേര്‍തിരിച്ചെടുത്ത പിഒന്ന് എന്ന സ്യൂഡോമോണാസ് ഇനമാണ് കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.
വിത്ത് അല്ലെങ്കില്‍ തൈ മുക്കിവക്കുന്നതിനുള്ള ലായനിയായും ഇലകളില്‍ തളിച്ചുകൊടുക്കുന്നതിനുള്ള ലായനിയായും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതിനുള്ള ലായനിയായും ഇത് ഉപയോഗിക്കാം . ടാല്‍ക്കം പൗഡര്‍ വാഹിനിയായി വെള്ളപ്പൊടി രൂപത്തിലാണ് സ്യൂഡോമോണാസ് പാക്കറ്റുകള്‍ ലഭിക്കുന്നത്. മുറിച്ച തണ്ട്, വേരുപിടിപ്പിച്ച തണ്ട്, പറിച്ചു നടുന്ന ചെടികളുടെ വേരുപടലം എന്നിവ സ്ലറിയില്‍ 30 മിനിറ്റുനേരം മുക്കിവച്ചശേഷം നടാവുന്നതാണ്. ഇതിന് കാല്‍ കിലോഗ്രാം സ്യൂഡോമോണാസ് മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ മുക്കണം. നെല്‍വിത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍ 10 ഗ്രാം പൊടി ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ വിത്തുമുളപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ എട്ടുമണിക്കൂര്‍ വക്കണം. അതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് വിത്തുമുളക്കാന്‍ അനുവദിക്കുക. ഇലകളില്‍ തളിക്കുന്നതിനോ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതിനോ ഉപയോഗിക്കുമ്പോള്‍ രണ്ടുശതമാനം വീര്യമുള്ള ലായനി വേണം. ഇരുപതു ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇത് ഉണ്ടാക്കാം.
തൈകള്‍ക്ക് രോഗസാധ്യതയനുസരിച്ച് മഴക്കാലത്ത് പത്തു ദിവസം മുതല്‍ നാലാഴ്‌ച വരെ ഇടവേളകളില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. തടം കുതിരുന്നതു വരെ ഒഴിക്കണം. വളര്‍ച്ചയെത്തിയ തൈകള്‍ക്ക് ഇടവപ്പാതിക്കു മുമ്പും തുലാവര്‍ഷത്തിനു മുമ്പും ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. കുമിള്‍ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ഒരു നിയന്ത്രണമാര്‍ഗമാണ് സ്യൂഡോമോണാസ്. നെല്ലിന്റെ പോളരോഗം, ബാക്‌ടീരിയല്‍ ലീഫ് ബ്ലൈറ്റ്, ഓലചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, പൊള്ളുരോഗം, ഇഞ്ചിയുടെ അഴുകല്‍, ബാക്‌ടീരിയില്‍ വാട്ടം, വാനിലയുടെ ഫ്യൂസേറിയം വാട്ടം, ഏലത്തിന്റെ അഴുകല്‍ എന്നിവക്കെല്ലാം എതിരെ സ്യൂഡോമോണാസ് ഫലപ്രദമായി ഉപയോഗിക്കാം. കുരുമുളക്, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയുടെ നഴ്‌സറികളിലുണ്ടാകുന്ന കുമിള്‍ രോഗങ്ങളെ ഇതു തടയും. ആന്തൂറിയം, വെറ്റിലകൊടി എന്നിവയിലെ ഇലപ്പുള്ളി രോഗത്തെയും ഇത് തടയും. വിള ഏതെന്നനുസരിച്ചും ആക്രമണസമയവും രോഗത്തിന്റെ കാഠിന്യവും കണക്കിലെടുത്തും സ്യൂഡോമോണാസ് പലതവണ തളിക്കേണ്ടിവന്നേക്കാം. തുടര്‍ച്ചയായ ഉപയോഗം കൊണ്ടുമാത്രമേ രോഗനിയന്ത്രണം സാധ്യമാവുകയുള്ളു.
സ്യൂഡോമോണാസ് മറ്റു കീടനാശിനികള്‍ക്കൊപ്പമോ രാസവളങ്ങള്‍ക്കൊപ്പമോ ഉപയോഗിക്കാന്‍ പാടില്ല. ജീവാണുവളങ്ങളുമായി ചേര്‍ത്തും ഉപയോഗിക്കരുത്. ലബോറട്ടറിയില്‍ നിര്‍മ്മിച്ച് നാലുമാസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദം. മിശ്രിതം തയ്യാറാക്കുമ്പോള്‍ പൊടി അടിയില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ തളിക്കുന്നതിനു മുമ്പ് നന്നായി ഇളക്കണം. ഒട്ടുമിക്ക സസ്യരോഗങ്ങള്‍ക്കുമെതിരെ ഫലപ്രദമായ കര്‍ഷകമിത്രമാണ് സ്യൂഡോമോണാസ്. ഇത് ചെടികള്‍ നന്നായി വളരാനും സഹായിക്കും.
https://www.facebook.com/Malayalivartha