ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍
തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ. ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്.
നല്ല നീര്‍വാര്‍ച്ചയും കൂടിയ ജൈവാംശവുമുള്ള മണ്ണാണ് മാവ് കൃഷിക്ക് അനുയോജ്യം. ഒരു വര്‍ഷം പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്റ്റാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. രണ്ട് മാവുകള്‍ തമ്മില്‍ ഒമ്പത് മീറ്റര്‍ അകലം വേണം. ഗ്രാഫ്റ്റ് നട്ടുകഴിഞ്ഞാല്‍ ഒട്ടിച്ച ഭാഗത്തിനുതാഴെനിന്നുണ്ടാകുന്ന തളിര്‍പ്പുകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യം. നാലുവര്‍ഷമെങ്കിലും പ്രായമാകാതെ മാവ് കായ്ക്കാന്‍ അനുവദിക്കരുത്.
ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ മാവ് നടാനായി തയ്യാറാക്കാം. 10 കിലോഗ്രാം വീതം കമ്പോസ്റ്റും ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്ത് കുഴി നിറയ്ക്കണം. കുഴിയൊരുക്കി ഒരു മാസത്തിനുശേഷം മാത്രമേ ഗ്രാഫ്റ്റ് നടാവൂ. കുഴിയുടെ മധ്യത്തിലായി ഒരു ചെറിയ കുഴിയുണ്ടാക്കി ഒട്ടിച്ച ഭാഗം മണ്ണിനുമുകളില്‍ വരത്തക്കവിധമാണ് ഗ്രാഫ്റ്റ് നടേണ്ടത്. ഗ്രാഫ്റ്റ് തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മാറ്റുമ്പോള്‍ വേരിന് ചുറ്റുമുള്ള മണ്ണ് ഇളകാതെ നോക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കാറ്റത്ത് ഒടിയാതിരിക്കാന്‍ ഒരു ചെറിയ കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടാം.
മാവ് ഗ്രാഫ്റ്റിന് ശരിയായ പരിചരണവും കൂടിയുണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ആദ്യത്തെ അഞ്ചുവര്‍ഷം വേനല്‍ക്കാലത്ത് പത്തു ദിവസത്തിലൊരിക്കലെങ്കിലും നനയ്ക്കണം. വളത്തിന്റെ അളവ് ക്രാമാനുഗതമായി കൂട്ടാം. ഒന്നാം വര്‍ഷം 20 കിലോഗ്രാം ജൈവവളമാണ് നല്‍കേണ്ടത്. ഓരോ വര്‍ഷവും 10 കിലോഗ്രാം എന്ന തോതില്‍ കൂട്ടി 7 വര്‍ഷം പ്രായമായ മാവിന് 80 കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലവളവും ചാരവും ചാണകപ്പൊടിയും അടങ്ങിയ െജെവവളക്കൂട്ടാണ് മാവിന് ഉത്തമം. മരത്തില്‍നിന്ന് മാറി ഇലച്ചാര്‍ത്തിന് കീഴെ ഒരടി ആഴത്തില്‍ ചാലുകീറി കാലവര്‍ഷക്കാലത്താണ് ജൈവവളം നല്‍കേണ്ടത്. നാലുവയസ്സുവരെ മുഴുവന്‍ രാസവളവും ജൈവവളത്തോടൊപ്പംതന്നെ ചേര്‍ക്കണം. 7 വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ രാസവളം ചേര്‍ക്കാം. ഓരോ തവണയും അര കിലോഗ്രാം യൂറിയയും ഒരു കിലോഗ്രാം വീതം എല്ലുപൊടിയും പൊട്ടാഷും മെയ്-ജൂണ്‍ മാസത്തിലും ആഗസ്ത്-സപ്തംബര്‍ മാസത്തിലുമായി നല്‍കണം.
8 മാസത്തെ വളര്‍ച്ചയെത്തിയ ശിഖരങ്ങളിലാണ് മാവ് പൂക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് പൂക്കളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, പൂകരിച്ചില്‍ കുറയ്ക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha