മത്സ്യക്കൃഷി പദ്ധതിയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി കോഴിക്കോട് നഗരസഭ
വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍ വിപണി കീഴടക്കുന്ന കാലത്ത് ആധുനിക സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. കോവിഡ് കാലത്ത് കടല്‍മത്സ്യങ്ങളുടെ ലഭ്യത കുറയുകയും നല്ല മത്സ്യങ്ങള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീടുകളില്‍ മത്സ്യക്കൃഷി സാധ്യത വര്‍ധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്.
മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ച് വളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്തുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോഫ്‌ലോക്കാണ് നഗരസഭ പരീക്ഷിക്കുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ 30 കര്‍ഷകരെ പങ്കെടുപ്പിച്ചാണ് പരീക്ഷണം.
മത്സ്യങ്ങള്‍ക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ഠത്തിലെ ഖരമാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്ടീരിയയെ ടാങ്കില്‍ മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്തുകയാണ് ബയോഫ്‌ലോക്കിന്റെ രീതി. ഭൂനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് കൂടൊരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. മാറ്റി സ്ഥാപിക്കാന്‍ കഴിയുംവിധമായിരിക്കും നിര്‍മാണം. കാല്‍ സെന്റില്‍ 1200 മത്സ്യങ്ങളെ വളര്‍ത്താം.
ഗിഫ്റ്റ് തിലോപിയ ഇനമാണ് പ്രധാനമായും വളര്‍ത്തുക. ആനബസ്, ചെമ്മീന്‍, വനാമി, വാള, കാരി, രോഹു ഇനങ്ങളും കൃഷി ചെയ്യാം. ഓക്‌സിജന് എയറേറ്റഡ് മോട്ടറും ഇന്‍വെര്‍ട്ടര്‍ യൂണിറ്റും സ്ഥാപിക്കണം. ഒരു കിലോ മത്സ്യം ഉല്‍പാദിപ്പിക്കാന്‍ തീറ്റ ചെലവും മത്സ്യക്കുഞ്ഞിന്റെ വിലയും വൈദ്യുതി നിരക്കും പരിപാലനവും അടക്കം 70 - 80 രൂപ വരും. ലാക്ടോ ബാസിലസ് ബാക്ടീരിയയെ ഒപ്പം വളര്‍ത്തുന്നതിനാല്‍ തീറ്റയിനത്തില്‍ കര്‍ഷകന് 30% വരെ ലാഭം ലഭിക്കും.
https://www.facebook.com/Malayalivartha