കൃഷിയുല്‍പന്നങ്ങളുടെ നീക്കത്തിനുള്ള കിസാന്‍ റെയില്‍ സര്‍വീസിന് ഇന്ന് തുടക്കമാകും
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്ന കിസാന്‍ റെയില്‍ സര്‍വീസിന് ഇന്നു തുടക്കം. ഓരോ മേഖലയിലെയും കൃഷിയുല്‍പന്നങ്ങള്‍ അടുത്ത വിപണിയിലെത്തിക്കുകയാണ് ഉദ്ദേശ്യം. പൊതു സ്വകാര്യ സംരംഭമാണ് കിസാന്‍ റെയില്‍.
മഹാരാഷ്ട്രയിലെ ദേവ്ലാലി സ്റ്റേഷനില്‍ ഇന്നു രാവിലെ 11-മണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ട്രെയിന്‍ നാളെ വൈകിട്ട് 6.45-ന് ബിഹാറിലെ ധാനാപുര്‍ സ്റ്റേഷനിലെത്തും. കാര്‍ഷികമേഖലകളിലൂടെയുള്ള ട്രെയിനിനു നാസിക് റോഡ്, ജല്‍ഗാവ്, ബുസാവല്‍, ബുര്‍ഹാന്‍പുര്‍, ഖണ്ഡ്വ, ഇറ്റാര്‍സി, ജബല്‍പുര്‍, സത്ന, കട്‌നി, മണിക്പുര്‍, പ്രയാഗ്രാജ്, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍, ബക്‌സര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. പട്‌ന, പ്രയാഗ്രാജ്, സത്ന എന്നിവിടങ്ങളിലെ വിപണികള്‍ കേന്ദ്രീകരിച്ചാകും ഉല്‍പന്നങ്ങളുടെ വിതരണം. പൂര്‍ണമായി ശീതീകരിച്ച പാഴ്‌സല്‍ വാനുകളുള്ള ട്രെയിന്‍ വൈകാതെ മറ്റു സോണുകളിലേക്കും വ്യാപിപ്പിക്കും.
2009-ല്‍ യുപിഎ സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റില്‍ മമത ബാനര്‍ജിയാണ് ഫ്രീസറുള്ള പാഴ്‌സല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. അതു നടപ്പായില്ലെങ്കിലും പിന്നീടു റെയില്‍വേ വിവിധയിടങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകള്‍ ആരംഭിച്ചിരുന്നു.
ട്രെയിനുകള്‍ വൈകുന്നത് പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി റെയില്‍ പാതകളിലെ തകരാര്‍ പെട്ടെന്നു കണ്ടുപിടിച്ചു പരിഹരിക്കാന്‍ ഓവര്‍ഹെഡ് എക്യുപ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ ആപ് തയാറാക്കി. പട്രോളിങ് നടത്തുന്നവരുടെ ജിപിഎസ് ട്രാക്കിങ്, ഉടന്‍ പടമെടുത്ത് അയയ്ക്കാന്‍ സംവിധാനം എന്നിവ ആപ്പിലുണ്ട്.
230 സ്‌പെഷല്‍ ട്രെയിനുകളൊഴികെ മറ്റു സര്‍വീസുകള്‍ ഈ മാസം 12 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വീസുകള്‍ 100% സമയകൃത്യത പാലിച്ചതായി കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha