കൃഷിയിടങ്ങളിലിറങ്ങി വിളവ് നശിപ്പിക്കുന്ന കുരങ്ങന്‍മാരെ തുരത്താന്‍ ജൈവ പ്രതിരോധ ലായനി, ചെലവ് വെറും 350 രൂപ!
കണ്ണൂര്‍ ജില്ലയിലെ ജൈവകര്‍ഷകന്‍ തെരുവംകുന്നേല്‍ കുര്യാച്ചന്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍ താരമാണ്. കുര്യാച്ചന്‍ നിര്‍മിച്ച ജൈവ പ്രതിരോധ ലായനി കുരങ്ങുകളെ കൃഷിയിടത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ പര്യാപ്തമാണെന്നു ലായനി ഉപയോഗിച്ച കര്‍ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ജൈവ ലായനി പൂര്‍ണ വിജയമാണെന്നു തെളിഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒട്ടേറെ കര്‍ഷകരാണു കുര്യാച്ചന്റെ സഹായം തേടിയെത്തുന്നത്. നേരിട്ടു വരുന്നവര്‍ക്ക് ജൈവ ലായനി നിര്‍മിച്ചു നല്‍കുകയും, ദൂരെയുള്ളവര്‍ക്കു ലായനിയുടെ നിര്‍മാണ രീതി പറഞ്ഞു കൊടുക്കുകയുമാണു ചെയ്യുന്നത്. ഇതിനു പ്രതിഫലമൊന്നും വാങ്ങാറില്ല.
പച്ച മത്സ്യവും മറ്റു 7 ലേറെ ചേരുവകളും ഉപയോഗിച്ചാണു ലായനി തയാറാക്കുന്നത്. ദിവസങ്ങളോളം മൂടി സൂക്ഷിക്കുന്ന ലായനിക്ക് രൂക്ഷഗന്ധമുണ്ടാകും. കര്‍ണാടക വനത്തില്‍ നിന്നു കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടും, അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണു കുര്യാച്ചന്‍ ജൈവ പ്രതിരോധ ലായനി സ്വയം നിര്‍മിച്ചത്. നിര്‍മ്മിച്ച ലായനിയില്‍ നിശ്ചിത അളവില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാണു കാര്‍ഷിക വിളകളില്‍ തളിക്കുന്നത്. ലായനിയുടെ രൂക്ഷ ഗന്ധം ആഴ്ചകളോളം നിലനില്‍ക്കും. ഇതോടെ കുരങ്ങുകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ മടിക്കും.
കര്‍ണാടക വനത്തിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് കുര്യാച്ചന്റെ അയല്‍വാസി വാഴക്കൃഷി നടത്തിയിരുന്നു. എന്നാല്‍ വാഴകള്‍ മുളച്ചുപൊങ്ങിയതോടെ കുരങ്ങുകള്‍ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഇക്കാര്യം സുഹൃത്ത് കുര്യാച്ചനുമായി പങ്കുവച്ചു. ഇതോടെയാണു കുര്യാച്ചന്‍ പ്രതിരോധ ലായനി നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്. നിര്‍മിച്ചെടുത്ത ലായനി സുഹൃത്തിന്റെ കൃഷിയിടത്തില്‍ തന്നെ ആദ്യം പ്രയോഗിച്ചു. ക്യഷിയിടത്തില്‍ ഇറങ്ങുന്ന കുരങ്ങുകള്‍ സാധാരണ വാഴകള്‍ വലിച്ചു കീറി ഉള്‍ഭാഗം തിന്നുകയാണു ചെയ്യുന്നത്. എന്നാല്‍ മിശ്രിതം തളിച്ചതിനു ശേഷം കൃഷിയിടങ്ങളില്‍ എത്തുന്ന കുരങ്ങുകള്‍ വാഴകളില്‍ തൊടുമ്പോള്‍ തന്നെ ലായനി കൈകളില്‍ പറ്റും. ഇത് മണത്തു നോക്കുന്നതോടെ കുരങ്ങുകള്‍ കൃഷിയിടത്തില്‍ നിന്നു പിന്‍തിരിയുകയാണു ചെയ്യുന്നത്.
പിന്നെ കുരങ്ങുകള്‍ വാഴകൃഷിയുടെ സമീപത്തുപോലും വരികയില്ല. രണ്ടര ഏക്കര്‍ സ്ഥലത്ത് തളിക്കാനുള്ള ലായനി ഉണ്ടാക്കുന്നതിനു വെറും 350 രൂപ മാത്രമാണു ചെലവ്. 3 മാസത്തിലൊരിക്കല്‍ മിശ്രിതം തളിക്കണം. കാട്ടാന ശല്യം മൂലം ജീവിതം വഴിമുട്ടിയ മലയോര കര്‍ഷകര്‍ക്ക് ഏറെ താമസിക്കാതെ തന്നെ ഒരുസന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാമെന്നു കുര്യാച്ചന്‍ ഉറപ്പു നല്‍കുന്നു. ഫോണ്‍: 9744976118.
https://www.facebook.com/Malayalivartha