മാലിന്യസംസ്‌ക്കരണത്തിന് ഒരു മന്ത്രി മാതൃക
സ്വന്തം വീട്ടിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് ചെടികള്‍ക്ക് വളവും വീട്ടാവശ്യത്തിന് ഗ്യാസും ഉണ്ടാക്കുന്ന ഒരു മന്ത്രിയുണ്ട് നമുക്ക്. ആരാണെന്നല്ലേ. കെ.ബി.ഗണേശ്‌കുമാര്‍. മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് ഗണേശ്‌കുമാറിന്റെ മനസില്‍ ഈആലോചന ഉടലെടുത്തത്.
നഗരം ചീഞ്ഞ് നാറുമ്പോള്‍ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിച്ച് മന്ത്രി മാതൃകയാകുന്നു. വഴുതക്കാട്ടുളള മന്ത്രിയുടെ വീട് പത്ത് സെന്റിലാണ് സ്ഥിതി ചെയ്യുന്നത്. ബയോഗ്യാസ് പ്ലാന്റെന്ന് പറയുന്നത് അത്ര വലുതൊന്നുമല്ല. ചെറിയ ഒരു കിണറിന്റെ വലുപ്പത്തിലുളള പ്ലാസ്റ്റിക് ടാങ്കാണത്. വീട്ടില്‍ സ്ഥലം ഇല്ലാത്തവര്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് ടെറസില്‍ സ്ഥാപിക്കാവുന്നതേയുളളൂവെന്ന് മന്ത്രി പറയുന്നു. 15000 രൂപയാണ് ചെലവായത്. ഇതിന്റെ 75% സബ്‌സിഡിയായി തിരിച്ച് കിട്ടും. ഭക്ഷണാവശിഷ്‌ടങ്ങള്‍ ഇതില്ലിട്ടാല്‍ ഒന്നരമണിക്കൂര്‍ വരെ കത്തിക്കാനുളള ഗ്യാസ് കിട്ടും അത്രേ. വീട്ടിലെ സാധാരണ ഗ്യാസ് ഉപയോഗം കുറയുകയും ചെയ്‌തു. ഇറച്ചിയുടെ അവശിഷ്‌ടങ്ങള്‍ വരെ ഇതിലിടാം. പ്ലാന്റിന്റെ മറുവശത്ത് കൂടി ലഭിക്കുന്നതാകട്ടെ നല്ല ഒന്നാന്തരം വളവും.
മാലിന്യസംസ്‌കരണത്തില്‍ വിജയം കൈവരിച്ച ഇദ്ദേഹം ഇനി സൗരോര്‍ജ്ജപാനല്‍ കൂടി സ്ഥാപിച്ച് വൈദ്യുതി ഉപഭോഗത്തിലും സ്വയം പര്യാപ്‌തനാകാന്‍ പോകുകയാണ്. അങ്ങനെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്‌ക്ക് അല്‍പ്പം ആശ്വാസമുണ്ടാക്കാന്‍ തന്നാലാകും വിധം ശ്രമിക്കുകയാണ് മന്ത്രി.മറ്റുളളവരും തന്നെപ്പോലെ ചെയ്‌ത് സംസ്ഥാനത്തെ രക്ഷിക്കണമെന്നാണ് മന്ത്രിയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha