സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...
സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീര്‍ റോസ് വിപണി കീഴടക്കി തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാര്‍ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോള്‍ വില്‍ക്കുന്നത് പനിനീര്‍ റോസയാണ്. ഇതോടെ പനിനീര്‍ റോസിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്.
അരളിയുടെ വിലക്കുമൂലം പനിനീര്‍ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില വര്‍ദ്ധിക്കുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്‌നാട്ടിലെ വിപണിയില്‍ 150 മുതല്‍ 200 രൂപ വരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോള്‍ 250 രൂപ വരെയാകും. തമിഴ്‌നാട്ടില്‍ അരളിയുടെ ആവശ്യം കുറഞ്ഞില്ലെന്നതാണ് ഇതിന് കാരണം. കൂടാതെ കനത്ത വേനല്‍ കാരണം ഉത്പാദനത്തില്‍ കുറവുണ്ടാകുകയും ചെയ്തു.
സാധാരണ ദിവസങ്ങളില്‍ 50 കിലോവരെ അരളിപ്പൂ വിറ്റിരുന്ന കച്ചവടക്കാരന്‍ ഇപ്പോള്‍ പത്തും പതിനഞ്ചും കിലോ മാത്രമാണ് വില്‍ക്കുന്നത്. സാധാരണ ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 500 കിലോവരെ അരളിപ്പൂ ചെലവായിരുന്നു. ഇതാണ് 70 ശതമാനം ഇടിഞ്ഞത്. പത്തനംതിട്ടയിലാകട്ടെ അരളിപ്പൂവില്‍പ്പന 90 ശതമാനം കുറഞ്ഞുവെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. കൊല്ലത്തെ വില്‍പ്പന അമ്പതുശതമാനമായി.
70 രൂപ മുതല്‍ 120 രൂപവരെയുണ്ടായിരുന്ന പനിനീര്‍ റോസിന് 150 രൂപമുതല്‍ 200 രൂപവരെയായി വില. സീസണ്‍ അവസാനിച്ചതോടെ വില താഴേണ്ട സമയമായിട്ടും കുറവു വന്നിട്ടില്ല. സീസണ്‍ കഴിയുമ്പോള്‍ തെച്ചിപ്പൂവിന്റെ വില 60 രൂപയായി താഴാറുണ്ട്. ഇതും 150 മുതല്‍ 200 രൂപ വരെയായി ഉയര്‍ന്നു. പനിനീര്‍റോസിന്റെയും തെച്ചിയുടെയും ഉത്പാദനം കുറവാണെന്നതിനാലാണ് വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
അരളിപ്പൂവിലക്കുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ ഇതുപേക്ഷിച്ച് പകരം പനിനീര്‍റോസും തെച്ചിയും കൃഷിചെയ്യാനാണ് നീക്കം നടത്തുന്നത്. പക്ഷേ, ഈ പൂക്കള്‍ വിപണിയിലെത്താന്‍ കൃഷി ആരംഭിച്ച് ഒന്നരവര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ പൂവിപണിയിലെ വിലക്കയറ്റം തുടരുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം .
"
https://www.facebook.com/Malayalivartha