മണ്ണിനെ പൊന്നാക്കാന്‍ 'മാം' എത്തുന്നു! ഇന്ന് ലോക മണ്ണ് സംരക്ഷണ ദിനം
വിലപ്പെട്ട ജീവനുകള്‍, കാലങ്ങളുടെ സമ്പാദ്യം...എന്നിങ്ങനെ പറയാന്‍ പലതുണ്ടെങ്കിലും പ്രളയാനന്തര കേരളം നേരിട്ട ഏറ്റവും വലിയ നഷ്ടം നമ്മുടെ മണ്ണ് ജീവനില്ലാത്തതായി തീര്‍ന്നു എന്നതാണ്. വലിയൊരു സ്വത്ത് ഏറെ ബാധിക്കപ്പെട്ടതിന്റെ ആ പിറകോട്ടടി നേരിടുകയാണ് കേരളം. ജീവനില്ലാത്ത മണ്ണ്.. ഫലഭൂയിഷഠത കുറഞ്ഞ് പലയിടത്തും കൃഷിക്ക് യോഗ്യമല്ലാതായി. വെള്ളവും ഈര്‍പ്പവും പിടിച്ചു നിര്‍ത്താനാവാതെ ചൂടിന്റെ കൂടാരമായി.
മണ്ണിന്റെ ജീവന്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ശാസ്ത്രജ്ഞരും കര്‍ഷകരും. ലോക മണ്ണ് സംരക്ഷണ ദിനമായ ബുധനാഴ്ച ഈ ദിശയിലുള്ള വലിയൊരു ചുവടുവെപ്പിന്റെ നാള്‍ കൂടിയാണ്. മണ്ണിനെപ്പറ്റി എല്ലാ വിവരങ്ങളുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ 'മാം' (മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്) മണ്ണ് പര്യവേക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച സംസ്ഥാന മണ്ണ് ദിനത്തില്‍ ഇത് പ്രകാശനം ചെയ്യേണ്ടതായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവീകരിക്കാനായി മാറ്റിവെച്ചു.
മാര്‍ച്ച് 31-നകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 18,000-ല്‍ അധികം കര്‍ഷകര്‍ക്ക് ആപ്പ് ലഭ്യമാവും. തൃശൂര്‍ ജില്ലയില്‍ ഈമാസം 27-ന് പ്രകാശനം ചെയ്യും. ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് അതത് സ്ഥലത്തെ മണ്ണിന്റെ ജൈവിക ഘടനയും കാര്‍ഷിക ഉപയുക്തതയും പറഞ്ഞുതരും. രാജ്യത്ത് ഇത്തരമൊരു ആപ്പ് ആവിഷ്‌കരിക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം.
മേല്‍മണ്ണാകെ ഒലിച്ചു പോയ പ്രളയമാണ് കടന്നുപോയത്. എവിടെ എന്തു നട്ടാലും മുളയ്ക്കുന്ന 'നമ്മുടെ സ്വന്തം' മണ്ണാണ് പ്രളയമെടുത്തു കൊണ്ടുപോയത്. വേരിനും ഇലക്കും മുകളില്‍ മണ്ണുമൂടി. 'ഫൈന്‍ ക്ലേ' എന്ന നേര്‍ത്ത കളിമണ്ണ് പരന്നതുവഴി ഇലയുടെയും വേരിന്റേയും ശ്വസന നാളികളാണ് അടഞ്ഞത്. സ്വാഭാവികമായും ചെടികള്‍ 'ചത്തു'. പ്രളയം ഏറെ ദോഷമുണ്ടാക്കിയ പെരിയാറിന്റെ കരകളിലെ ജാതിക്കൃഷി പാടെ തുടച്ചു നീക്കപ്പെടാന്‍ ഒരു കാരണം ഇതാണ്.
പ്രളയത്തോടെ മണ്ണിന്റെ അമ്ലത്വം കൂടി, പൊട്ടാഷ് കുറഞ്ഞു. വെള്ളം ഉള്ളിലേക്ക് ഊറ്റിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട മണ്ണാണ് ഇന്ന് അധികവും. അതോടെ മണ്ണിനു ചൂടു കൂടി. പ്രളയത്തിനു തൊട്ടുപിന്നാലെ നദികളും മറ്റു തണ്ണീര്‍ത്തടങ്ങളും വറ്റിയതിന് ഒരു കാരണം ഇതാണെന്ന് മണ്ണ് ഗവേഷണ രംഗത്തുള്ളവര്‍ പറയുന്നു.പ്രളയത്തിനു ശേഷം ചിലയിടങ്ങളില്‍ മണല്‍ മാത്രമായി. അത്തരം ഭൂമിയില്‍ ചെളിയും ജൈവ വളവും ചേര്‍ത്ത് ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ചെളി മാത്രമായ മണ്ണില്‍ മണല്‍ മിശ്രിതമാക്കുകയാണ്. ജലാംശം നിലനിര്‍ത്താന്‍ വേണ്ടിയാണിത്.
https://www.facebook.com/Malayalivartha