ആനക്കിടാവിരുത്തിയിലെ അമ്പതേക്കറിലെ നെല്‍കൃഷി പുളിയിളക്കം മൂലം നശിച്ചു
എടത്വയില്‍ തലവടി കൃഷിഭവന്‍ പരിധിയില്‍ മുന്നൂറേക്കര്‍ വിസ്തൃതിയുള്ള ആനക്കിടാവിരുത്തി പാടത്ത് പുളിയിളകി നെല്‍കൃഷി പൂര്‍ണമായി നശിച്ചു. കൃഷിയിറക്കി 56 ദിവസം പിന്നിട്ടതായിരുന്നു.
തലവടി തൈച്ചിറ സുഗുണന്‍, നെടുംകളം ചന്ദ്രമതി, ഇടയത്ര ചെറിയാന്‍ ജോര്‍ജ്, പുത്തന്‍ചിറ ഷീലമ്മ, പാടശേഖര സെക്രട്ടറി പി.കെ. സുന്ദരേശന്‍ എന്നിവരുടെ പാടത്തെ കൃഷിയാണു നശിച്ചത്. നെല്‍ചെടി പൂര്‍ണമായി അഴുകിയ നിലയിലാണ്. മറ്റുകര്‍ഷകര്‍ക്കും പുളിയിളക്കം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിതയിറക്കിയതിനുശേഷം രണ്ടുതവണ വളമിടീലും പറിച്ചുനടീലും കഴിഞ്ഞ പാടത്താണു നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. ഇതോടെ കര്‍ഷകര്‍ നീറ്റുകക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല.
കൃഷിഭവന്‍ നാനോസിലിക്ക പ്രയോഗിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവസ്ഥയ്ക്ക് മാറ്റം വന്നില്ല. കഠിനചൂടാണ് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. തലവടി പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം കണ്ടുതുടങ്ങിയിട്ടുണ്ട്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, കൃഷി ഓഫീസര്‍ നിവേദിത എന്നിവര്‍ കൃഷിനാശം സംഭവിച്ച പാടം സന്ദര്‍ശിച്ചു.
കൃഷി ഓഫീസര്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ടുചെയ്തു. പാടത്തെ പുളിയിളക്കത്തിനുള്ള കാരണം കണ്ടെത്തി മറ്റു പാടശേഖരങ്ങളില്‍ വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha