വിവിധ പ്രദേശങ്ങളിൽ ഇന്ന് പരക്കെ മഴ ശക്തിപ്പെടും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് പരക്കെ മഴ ശക്തിപ്പെടും. അറബി കടലിലും മധ്യ, തെക്കൻ കേരളത്തിലും മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. അതിനാൽ മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഉറങ്ങുകയോ മറ്റോ ചെയ്യുന്നത് സുരക്ഷിതമല്ല. കേരള തീരത്ത് തുടരുന്ന ന്യൂനമർദ പാത്തി , ചക്രവാത ചുഴികൾ എന്നിവയാണ് മഴക്ക് കാരണം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശപ്രദേശങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രി മുതൽ മഴ ലഭിച്ചു തുടങ്ങി.
തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളം കയറി. രാവിലെ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. കോട്ടയം ജില്ലകളിലാണ് മഴ ശക്തമായതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നത്. ഭരണങ്ങാനം വട്ടോളി പാലത്തിൽ ജലനിരപ്പ് 11 അടിയിൽ എത്തി. രാവിലെ ആറരയോടെ ഇടമറുക് രണ്ടാട്ടുമുന്നി പാലത്തിൽ വെള്ളം കയറിയതായി മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകൾക്കും ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ കടലിൽ പോകുന്നതിനും വിലക്ക് നിലനിൽക്കുന്നു. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും ശക്തിപ്രാപിക്കുന്നത് കേരളത്തിൽ കൂടിയ അളവിൽ മഴ ലഭിക്കാൻ കാരണമാകുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിനുള്ളിൽ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ / ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
https://www.facebook.com/Malayalivartha