സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത; കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി....
സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസവും വ്യാപകമായി നേരിയതോ, ഇടത്തരം മഴയ്ക്കോ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ പെയ്യുന്നത്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റ് സമാന ശക്തിയില്‍ തുടരുന്നു. നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്തിലെ നാലിയയില്‍ നിന്ന് 320 കി.മി ഉം പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറായി 200 കി.മി ഉം പാകിസ്താനിലെ പസനിയില്‍ നിന്ന് 300 കി.മി ഉം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒമാനിലേക്കാണ് അസ്‌ന ചുഴലിക്കാറ്റ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒമാനിലെ മസ്‌കത്തില്‍ നിന്ന് 760 കി.മി കിഴക്കാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധ രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്തംബർ 01 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കാണ് സാധ്യത. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
3വരെ: വടക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha