നാല് ജില്ലകളില്‍ ശക്തമായ മഴ പ്രവചനം; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
ഞായറാഴ്‌ച നാല് ജില്ലകളില്‍ ശക്തമായ മഴ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ 7 സെന്‍റി മീറ്റര്‍ മുതല്‍ 11 സെന്‍റി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കനത്ത മഴ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ കാരണമായേക്കാം എന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ മരങ്ങള്‍ കടപുഴകുന്നതിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നതും വളര്‍ത്തുമൃഗങ്ങളുമായി പോകുന്നതും ഒഴിവാക്കുക. കോമറിന്‍ മേഖലയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
തമിഴ്നാടിന്റെ തെക്കൻ തീരദേശ ജില്ലകളിൽ നാളെയും 19നും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈ അടക്കമുള്ള മറ്റു തീരദേശ ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റവും കടലിൽ നിലനിൽക്കുന്ന ആർദ്രതയുമാണ് മഴയ്ക്കു കാരണം. 23 വരെ സംസ്ഥാനത്തെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26 ഡിഗ്രി സെൽഷ്യസുമായിരിക്കും.
19ന് സന്നിധാനം, ഇടയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഖാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കായിരിക്കും സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്.
ഇന്ന് തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
18/01/2025 & 19/01/2025 വരെ: തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha