ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത; വിവിധ ജില്ലകളിൽ 30ന് കനത്ത മഴ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനിലയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പു പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ 24ന് അനുഭവപ്പെട്ട 36.6 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില. 36.5 ഡിഗ്രിയുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. മധ്യകേരളത്തിൽ താപനില വർധിക്കുന്ന പ്രവണത അടുത്ത കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ തന്നെ സ്വയം നിയന്ത്രിത മാപിനികളിൽ പല സ്ഥലങ്ങളിലും താപനില 38 ഡിഗ്രിക്കും മുകളിലാണ്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും സംസ്ഥാനത്ത് 3 ഡിഗ്രി വരെ താപനില ഉയരുമെന്ന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഭൂമധ്യരേഖ പിന്നിട്ട് സൂര്യന്റെ വടക്കോട്ടുള്ള ഗമനം പുരോഗമിക്കുന്നതോടെ കേരളത്തിലും മറ്റും മാർച്ച് മാസം മുതലാണ് ചൂട് വർധിച്ചിരുന്നത്. ജനുവരിയിൽ 37 ഡിഗ്രി വരെ ചൂട് ഇതിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നു. പുനലൂരും മറ്റുമായിരുന്നു ഇതിനു മുൻപ് ജനുവരി മാസത്തെ കൂടിയ താപനില അനുഭവപ്പെട്ടിരുന്നത്.
എന്നാൽ കണ്ണൂർ വിമാനത്താവളവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും വന്നതോടെ കൂടിയ താപനില അവിടെ രേഖപ്പെടുത്താൻ തുടങ്ങി. മധ്യകേരളത്തിൽ ജനുവരി മാസത്തിൽ അൽപ്പം കൂടിയ ചൂട് അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. എന്നാൽ മാർച്ച്– ഏപ്രിൽ ആകുന്നതോടെ പാലക്കാട് ഭാഗത്താവും കൂടിയ ചൂട് അനുഭവപ്പെടുക. അതേ സമയം ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി കോട്ടയത്താണ്.
അതിനിടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30/01/2025: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിനിടെ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
27/01/2025: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha