കാനഡയില്‍ കണ്ടെത്തിയത് 3800 വര്‍ഷം പഴക്കമുള്ള ഉരുളക്കിഴങ്ങു തോട്ടം
3800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ഉരുളക്കിഴങ്ങു തോട്ടം വെള്ളത്തിനടിയില്‍ കണ്ടെത്തി. സൈമണ്‍ ഫ്രൈസര്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ടാന്‍ജ ഹോഫ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണു യാദൃച്ഛികമായി തോട്ടം കണ്ടെത്തിയത്.
നൂറ്റാണ്ടുകളായി വെള്ളം കെട്ടിനില്‍ക്കുകയായിരുന്നതുകൊണ്ടാണു തോട്ടത്തിലെ ഉരുളക്കിഴങ്ങു ചെടികള്‍ നശിക്കാതെ നിന്നതെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. പണിയെടുക്കാനുപയോഗിക്കുന്ന തടികൊണ്ടുണ്ടാക്കിയ 150 ആയുധങ്ങളും ഇവിടെ നിന്നു കേടുകൂടാതെ കിട്ടി.
വടക്കേ അമേരിക്കയിലെ പുരാതന മനുഷ്യര്‍ കൃഷിത്തോട്ടങ്ങള്‍ എങ്ങനെ നന്നായി പരിപാലിച്ചിരുന്നുവെന്നതിലേക്കാണ് ഇവയെല്ലാം വെളിച്ചംവീശുന്നത്. റേഡിയോ കാര്‍ബണ്‍ പരിശോധനകളാണു തോട്ടത്തിന്റെ പഴക്കം നിര്‍ണയിച്ചത്. 3800 വര്‍ഷംമുന്‍പ് ഈ തോട്ടം ഉരുളക്കിഴങ്ങു കൃഷി ചെയ്യാന്‍ ഉപയോഗിച്ചിരുന്നുവെന്നും 3200 വര്‍ഷം മുന്‍പ് ഏതോ കാരണത്താല്‍ തോട്ടം ഉപേക്ഷിച്ചുവെന്നുമാണു മനസ്സിലാകുന്നത്. ഇതു സംബന്ധിച്ച പഠനം സയന്‍സ് അഡ്വാന്‍സസ് എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha