ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്
രാജ്യത്തെ ബാങ്കിങ് രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ബാങ്കിങ് മേഖലയുടെ ചരിത്രത്തില്‍ പ്രധാന സംഭവമായി മാറും. കേരളത്തില്‍ 14 എണ്ണം ഉള്‍പ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന 'പോസ്റ്റ് ബാങ്ക്' ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫിസുകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ മേഖലയിലേതുള്‍പ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ സജ്ജമായാണ് പോസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്.
ബാങ്കിങ് സേവനങ്ങള്‍ സാര്‍വ്വത്രികമായി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2015 ഓഗസ്റ്റില്‍ 11 സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ്‌സ് ബാങ്കിനുള്ള അനുമതി നല്‍കിയത്. 100% സാമ്പത്തിക സാക്ഷരതയിലേക്കുള്ള പാതയില്‍ രാജ്യത്തിന് വലിയ മുന്നേറ്റമാണ് ഇതുണ്ടാക്കുക. ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്കു കൈവരും. സേവനങ്ങള്‍ ഇടപാടുകാരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്നുവെന്നതും സവിശേഷതയാണ്. മൂന്നു ലക്ഷത്തോളം വരുന്ന തപാല്‍ ജീവനക്കാരെയാണ് ഇതിനു നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണ് വാതില്‍പ്പടി സേവനം ലഭ്യമാക്കുക. രണ്ടു വര്‍ഷത്തിനകം ബാങ്ക് ലാഭത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വായ്പ നല്‍കില്ലെന്നതിനാല്‍ മറ്റു ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കടം എന്ന പ്രശ്‌നം ഐപിപിബിയെ ബാധിക്കില്ല.
കൗണ്ടര്‍ സേവനങ്ങള്‍ക്ക് പുറമെ ഡിജിറ്റല്‍ സേവനങ്ങളും മൊബൈല്‍ ആപ് തുടങ്ങിയ ചാനലുകളും ലഭ്യമായിരിക്കും. അക്കൗണ്ട് ഉടമകള്‍ക്ക് ലഭ്യമാക്കുന്ന 'ക്യൂആര്‍ കാര്‍ഡ്' (ക്വിക് റെസ്‌പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഒന്നും ഓര്‍ത്തുവയ്ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താന്‍ സഹായിക്കുന്ന സംവിധാനമാണു ക്യൂആര്‍ കാര്‍ഡ്. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.
https://www.facebook.com/Malayalivartha