സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന്‍ ഇനി രണ്ടുനാള്‍ മാത്രം
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന്‍ രണ്ടു നാള്‍ മാത്രം. ഒരു ദിവസം 40,000 രൂപ പിന്‍വലിക്കാന്‍ ഇന്നും നാളെയും കൂടി മാത്രമേ അനുമതിയുള്ളൂ. ബുധനാഴ്ച മുതല്‍ ഇത് 20,000 ആയി കുറയും. എ.ടി.എം വഴിയുള്ള പണം തട്ടിപ്പിന്റെ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും എന്നാണ് ഈ മാറ്റത്തെ എസ്.ബി.ഐ വിശദീകരിക്കുന്നത്. ബാങ്കിന്റെ ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് നിയന്ത്രണം. സില്‍വര്‍, ഗ്ലോബല്‍ കാര്‍ഡുകാര്‍ക്ക് 40,000 രൂപയും ഗോള്‍ഡ് കാര്‍ഡിന് 50,000 രൂപയും പ്ലാറ്റിനത്തിന് ഒരു ലക്ഷം രൂപയും തുടര്‍ന്നും പ്രതിദിനം പിന്‍വലിക്കാം.
20,000 രൂപയില്‍ കൂടുതല്‍ ഒറ്റ ദിവസം കാര്‍ഡ് മുഖേന പിന്‍വലിക്കണമെന്നുള്ളവര്‍ക്ക് ബാങ്ക് കാര്‍ഡ് മാറ്റാന്‍ അവസരം നല്‍കുന്നുണ്ട്. അതായത്; ക്ലാസിക്, മാസ്‌ട്രോ കാര്‍ഡ് ഉള്ളവര്‍ക്ക് പരിധി കൂടുതലുള്ള കാര്‍ഡുകളിലേക്ക് മാറാം. നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ എസ്.ബി.ഐ പുറത്തിറക്കിയ 'ബഡ്ഡി'വാലറ്റ് നവംബര്‍ ഒന്നിന് അവസാനിപ്പിക്കുകയാണ്. 'യോനോ'അവതരിപ്പിച്ച സാഹചര്യത്തിലാണിത്. ഡിസംബര്‍ 31നകം ബാങ്കിന്റെ മാഗ്‌നറ്റിക് എ.ടി.എം കാര്‍ഡുകള്‍ ഇ.എം.വി ചിപ്പ് കാര്‍ഡ് ആക്കും.
റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷിതത്വമുള്ളതാണ് പുതിയ കാര്‍ഡ്. ജനുവരി ഒന്നു മുതല്‍ മാഗ്‌നറ്റിക് കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും. നവംബര്‍ 30നകം മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha