അടുത്ത സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്തെ എ ടി എമ്മുകളില്‍ പകുതിയും അടച്ചു പൂട്ടാന്‍ സാധ്യത
വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുമൂലം രാജ്യത്തെ അന്‍പത് ശതമാനം എടിഎമ്മുകളും അടുത്ത മാര്‍ച്ചോടെ അടച്ചു പൂട്ടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവില്‍ രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍, ഇതില്‍ 1,15,000 എടിഎമ്മുകളെങ്കിലും അടുത്ത വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടാനാണ് നീക്കം. ഗ്രാമപ്രദേശങ്ങളില്‍ കൂടുതലായി ഉളള പ്രവര്‍ത്തന ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത എടിഎമ്മുകളാവും ആദ്യഘട്ടത്തില്‍ അടച്ചു പൂട്ടുന്നത്. അതിനാല്‍ സ്വാഭാവികമായും ഗ്രാമീണജനതയാവും ഇതുമൂലമുള്ള പ്രതിസന്ധി ആദ്യം നേരിടേണ്ടി വരുന്നത്. നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മുകള്‍ക്ക് മുന്‍പിലുള്ള നീണ്ട ക്യൂവിന് രാജ്യം വീണ്ടും സാക്ഷിയായേക്കാം.
നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ വന്നത്തോടെ അതിന് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ എടിഎമ്മുകളില്‍ വരുത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് എടിഎമ്മുകളുടെ സാങ്കേതിക സംവിധാനങ്ങളും തുടര്‍ച്ചയായി പരിഷ്‌കരിക്കേണ്ടി വരികയും ചെയ്തു. അതുകൊണ്ട് തന്നെ ഇതെല്ലാം എടിഎം നടത്തിപ്പിന്റെ ചെലവ് വര്‍ദ്ധിപ്പിച്ചു. ഭൂരിപക്ഷം ബാങ്കുകളും എടിഎമ്മുകളുടെ പരിപാലനവും പണം നിറയ്ക്കലും അടക്കമുള്ള ചുമതലകള്‍ പുറം കരാര്‍ നല്‍കിയിരിക്കുകയാണ്. എടിഎം പരിപാലനത്തിന് വേണ്ടിവരുന്ന ഈ അധിക ചെലവ് വഹിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാത്ത പക്ഷം അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടച്ചുപൂട്ടാനാണ് സാധ്യത.
നോട്ട് നിരോധനത്തിന് ശേഷമുള്ള ഒരു വര്‍ഷത്തോളം കടുത്ത ജോലിഭാരമാണ് രാജ്യത്തെ എടിഎം സേവനദാതക്കാള്‍ക്ക് നേരിടേണ്ടി വന്നത്. ഇതുകൂടാതെ പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്ന തരത്തില്‍ ക്യാഷ് ക്യാസറ്റ്‌സ് ഒരുക്കുന്നതിന് വേണ്ടി മാത്രം 3500 കോടി രൂപ എടിഎം സര്‍വീസ് ഏജന്‍സികള്‍ക്ക് ചെലവായിട്ടുണ്ട്. എന്നാല്‍ ചെലവിനൊത്തുള്ള വരുമാനം ഒരു ഘട്ടത്തിലും അവര്‍ക്ക് ലഭിച്ചില്ല. എടിഎം ഇന്റര്‍ചാര്‍ജ് അടക്കമുള്ളവ ഇപ്പോഴും പഴയ നിരക്കില്‍ തുടരുകയാണ്. ബാങ്കുകളുമായി നാലും അഞ്ചും വര്‍ഷത്തെ കരാറുകളാണ് പല ഏജന്‍സികളും ഒപ്പു വച്ചരിക്കുന്നത്. കരാര്‍ ഏറ്റെടുക്കുമ്പോഴുള്ള അവസ്ഥയല്ല ഇന്ന് ഈ മേഖലയിലുള്ളത്.
https://www.facebook.com/Malayalivartha