എ ടി എം തട്ടിപ്പ് വഴി അദ്ധ്യാപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍
കോട്ടയത്ത് സി.എം.എസ് കോളേജിലെ രണ്ട് അദ്ധ്യാപകരുടെ 1.10ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അദ്ധ്യാപകരുടെ ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായി. കാഞ്ഞിരപ്പള്ളിയിലെ ഒരു അദ്ധ്യാപകന്റെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ നിമിഷങ്ങള്‍കൊണ്ട് കവര്‍ന്നത്. ബാങ്കില്‍ ശമ്പളം വരുന്ന സമയം മനസിലാക്കിയാണ് ഇവരുടെ ഓപ്പറേഷന്‍. ബാങ്ക് മാനേജര്‍ എന്ന വ്യാജേനയാണ് ഇവര്‍ അദ്ധ്യാപകരെ ബന്ധപ്പെടുന്നത്. ഈ രീതിയില്‍ മൂന്നു ദിവസം കൊണ്ട് അദ്ധ്യാപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങളാണ്.
അസിസ്റ്റന്റ് മാനേജര്‍ എന്നു പറഞ്ഞാണ് ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ അദ്ധ്യാപികമാരെ വിളിച്ചത്. ഭര്‍ത്താവിന്റെ പേരും വീട്ടുപേരും ജോലിയും കൃത്യമായി പറയുന്നതോടെ അദ്ധ്യാപികമാര്‍ക്ക് യാതൊരു സംശയവും തോന്നിയില്ല. അക്കൗണ്ട് നമ്പറും കൃത്യമായി പറഞ്ഞു. ഒ.ടി.പി നമ്പര്‍ ഇല്ലെങ്കില്‍ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡ് ലഭിക്കില്ലെന്നും പഴയ കാര്‍ഡ് ഉടന്‍ റദ്ദാകുമെന്നും ഇതോടെ അക്കൗണ്ട് മരവിക്കുമെന്നും ഇവര്‍ പറയും. ഇതോടെയാണ് മിക്കവരും ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുക്കുക.
നമ്പര്‍ പറഞ്ഞുകൊടുത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ മെസേജ് വരും. നോക്കുമ്പോള്‍ ചെറിയൊരു തുക എടുത്തു എന്നാകും കാണിക്കുക. എന്നാല്‍ അടുത്ത മെസേജോടുകൂടി അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും നഷ്ടപ്പെട്ടിരിക്കും. പണം നഷ്ടമായെന്ന് ബോദ്ധ്യമായാലുടന്‍ വിളി വന്ന മൊബൈലിലേക്ക് തിരിച്ചുവിളിച്ചാല്‍ സ്വിച്ച് ഓഫ് അല്ലെങ്കില്‍ പരിധിക്ക് പുറത്ത് എന്ന സന്ദേശമാകും ലഭിക്കുക. അതോടെയാണ് തട്ടിപ്പെന്ന് വ്യക്തമാകുക.
തട്ടിപ്പുസംഘത്തിന്റെ കൈവശം കേരളത്തിലെ അദ്ധ്യാപകരുടെ ഡാറ്റാ ബാങ്ക് ഉണ്ടെന്നാണ് അറിയുന്നത്. ആധാര്‍ വിവരം ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തിന്റെ കൈയ്യില്‍ എങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റും ലഭിക്കുന്നുവെന്നതാണ് ഈ നിഗമനത്തിലെത്താന്‍ കാരണം.
https://www.facebook.com/Malayalivartha