ബാങ്കുകള്‍ വാതില്‍പ്പടിയില്‍; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം കടലാസില്‍ ഒതുങ്ങി
എഴുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കിങ് സേവനം വാതില്‍പ്പടിയില്‍ എത്തിക്കണമെന്ന നിര്‍ദേശമാണ് കടലാസില്‍ ഒതുങ്ങിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്ക് ശാഖകളില്‍ പ്രത്യേക കൗണ്ടര്‍, പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ ഏത് ശാഖയിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷത്തിലധികമായിട്ടും നടപ്പിലായില്ല.
അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണം വീട്ടിലെത്തിക്കല്‍, നിക്ഷേപ തുക സ്വീകരിക്കല്‍, ഡിമാന്റ് ഡ്രാഫ്റ്റ് എത്തിക്കല്‍, കെ.വൈ.സി( നോ യുവര്‍ കസ്റ്റമര്‍ ) രേഖകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കല്‍ എന്നീ സേവനങ്ങള്‍ 2017 ഡിസംബര്‍ 31 നകം നടപ്പാക്കാനായിരുന്നു നിര്‍േദശം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന് പിന്നാെല കേന്ദ്ര ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വിഭാഗവും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാനുള്ള ഒരു ശ്രമവും അതാത് ബാങ്കുകളുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഫലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടുവാതില്‍ക്കല്‍ ലഭിക്കേണ്ട ബാങ്കിങ് സേവനം ഇന്നും അകലെയാണ്.
സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ബാങ്കുകളില്‍ വന്നാല്‍ ഒരു പരിഗണന കൊടുക്കാറുണ്ട്. ഇവര്‍ക്കായി പ്രത്യേകമായി കൗണ്ടറുകളൊന്നും ബാങ്കുകളില്‍ ഇല്ല. മെ ഐ ഹെല്‍പ് യു എന്ന കൗണ്ടറുകള്‍ എല്ലാം ബാങ്കുകളില്‍ വേണമെന്നാണ്. പക്ഷേ അത്തരം കൗണ്ടറുകളൊന്നും എവിടെയുമില്ല. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക കൗണ്ടര്‍ തുറന്നെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ അത് പ്രവര്‍ത്തിപ്പിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതേസമയം തന്നെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഫീല്‍ഡ് ജീവനക്കാരെ പല പേരിലും നിയമിക്കുന്നുമുണ്ട്. മാത്രമല്ല മുന്‍പൊക്കെ എട്ട് ആളുകള്‍ വരെ ഇരുന്ന ബാങ്കുകളില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പേരാണ് ഉള്ളത്. ഇതും ഒരു പ്രശ്‌നമാണെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.
മാത്രമല്ല മുതിര്‍ന്ന പൗരന്‍മാരോട് ഓണ്‍ലൈന്‍ സേവനത്തെ ആശ്രയിക്കാന്‍ പറയുന്നതും പ്രായോഗികമല്ല. കാരണം അവര്‍ ടെക്‌നോളജിയുമായി അത്ര ബന്ധമുണ്ടായിരിക്കില്ല. 70 കഴിഞ്ഞവരില്‍ മിക്കവരും നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങും ഉപയോഗിക്കുന്നവരായിരിക്കില്ല. മാത്രമല്ല എ.ടി.എം തട്ടിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും നടക്കുന്നതുകൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പിക്കാനും സാധിക്കില്ല.
'2017 ലെ സര്‍ക്കുലറാണ് ഇത്. പക്ഷേ മിക്കവാറും ബാങ്കുകള്‍ ഇപ്പോള്‍ അണ്ടര്‍ സ്റ്റാഫ്ഡ് ആണ്. ദൈംനദിന കസ്റ്റമര്‍ സര്‍വീസിന് പോലും പ്രയാസപ്പെടുന്നുണ്ട്. വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സൃഷ്ടിക്കുന്ന കടുത്ത ജോലി ഭാരമാണ് ശാഖാ തലത്തില്‍ ഈ ഉത്തരവ് നടപ്പാക്കാനുള്ള പ്രധാന തടസ്സമായി ജീവനക്കാര്‍ പറയുന്നത്. ആവശ്യത്തിനുള്ള ജീവനക്കാരെ കൊടുത്താന്‍ ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha