കേരള ബാങ്ക് രൂപീകരണം; സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് റിസര്‍ബാങ്ക് നിലപാട് അനുകൂലം
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 19 വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്ക് തൃപ്തി അറിയിച്ചു. നബാര്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളസംഘം മുംബയിലെത്തി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ രിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച 19 നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും നബാര്‍ഡ് നിര്‍ദ്ദേശിച്ച മൂന്ന് അധിക നിര്‍ദ്ദേശങ്ങളെക്കുറിച്ചുളള വിശദീകരണവും സര്‍ക്കാര്‍ നബാര്‍ഡുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. ജില്ലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് ആശയകുഴപ്പമില്ലെന്ന പ്രതികരണമാണ് നബാര്‍ഡില്‍ നിന്നുണ്ടായത്.
ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേവല ഭൂരിപക്ഷം മതിയെന്ന് തിരുത്തിയിരുന്നു. ഇത് തത്വത്തില്‍ നബാര്‍ഡ് അംഗീകരിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒഴികെയുളള വായ്‌പേതര സഹകരണ സംഘങ്ങള്‍ക്ക് കൂടി ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ഭരണസമിതിയില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി പരിഗണന ലഭിക്കാന്‍ വേണ്ടിയാണെന്ന് നബാര്‍ഡ് അതികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന് കേരളം അറിയിച്ചു. ഇതോടെ, കേരളബാങ്ക് രൂപീകരിക്കാനുള്ള വലിയൊരു പ്രതിസന്ധി അതിജീവിക്കാനായി. സംസ്ഥാന നിയമമനുസരിച്ചാണ് ജില്ലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടും നബാര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.
കേരളബാങ്ക് രൂപീകരണത്തെ മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള ജില്ലാബാങ്കുകള്‍ കേവല ഭൂരിപക്ഷത്തോടെ പിന്തുണച്ചിരുന്നു. സംസ്ഥാനത്തെ മൊത്തം സഹകരണബാങ്ക് പ്രതിനിധികളില്‍ 68 ശതമാനം പേരും കേരളബാങ്കിന് അനുകൂലമായ നിലപാടാണെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha