കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര യോജന ബാങ്കുകള്‍ക്ക് ബാധ്യതയാകുമോ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായാണ് മുദ്ര ലോണിനെ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. 2015 ഏപ്രിലിലാണ് മുദ്ര വായ്പ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ലക്ഷം കോടി രൂപ മുദ്ര വായ്പ ഇനത്തില്‍ വിതരണം ചെയ്യണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2019 മാര്‍ച്ച് 31നുള്ളില്‍ വിതരണം ചെയ്തിരിക്കുന്നത് 2.73 ലക്ഷം കോടി രൂപ മാത്രമാണ്. മുദ്ര വായ്പ നല്‍കി തുടങ്ങിയ ശേഷം ഇതാദ്യമായാണ് വാര്‍ഷിക വിതരണ ലക്ഷ്യം സാക്ഷാത്കരിക്കാതിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് മുദ്ര പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം 2.12 ലക്ഷം കോടി ആയിരുന്നു. ഒരു മാസം രാജ്യത്തെ ബാങ്കുകള്‍ എല്ലാം കഠിനാധ്വാനം ചെയ്താണ് 72,000 കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്തത്. 'വായ്പ കിട്ടാക്കടമാകുമെന്ന ഭയം കൊണ്ടാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ മുദ്ര വായ്പാ വിതരണം മന്ദഗതിയിലാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ വന്‍തോതില്‍ വായ്പകള്‍ വിതരണം ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ടായത് മാര്‍ച്ചില്‍ വലിയതോതില്‍ വായ്പാ വിതരണം നടക്കാന്‍ കാരണമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിപ്ലവകരമായ വികസന ചുവടുവെപ്പായ മുദ്ര വായ്പയെ പൊതുസമൂഹം പലവിധത്തിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. 'യാതൊരു ഈടുമില്ലാതെ പ്രധാനമന്ത്രി തരുന്ന തിരിച്ചടക്കേണ്ടാത്ത വായ്പയെന്ന പേരിലാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും മുദ്ര ലോണ്‍ അന്വേഷിച്ചുവരുന്നത്. അവരെ പറഞ്ഞ് മനസിലാക്കുന്നതുതന്നെ വലിയൊരു ജോലിയാണ്. മുന്‍ഗണനാവിഭാഗത്തില്‍ പെടുന്ന വായ്പ എന്ന നിലയില്‍ ബാങ്കുകള്‍ക്ക് ഇതില്‍ ടാര്‍ജറ്റുണ്ട്. 'ലക്ഷ്യം തികയ്ക്കാനും പലതലത്തിലുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുമൊക്കെയാണ് മുദ്ര വായ്പ നല്‍കുന്നത്. ഒരു നിവൃത്തിയുണ്ടെങ്കില്‍ അത് നല്‍കാതെ നോക്കും. തിരിച്ചടവ് മുടങ്ങുമെന്ന ഭയം തന്നെയാണ് കാരണം, 'തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ'യെന്ന പേരില്‍ എങ്ങനെയെങ്കിലും മുദ്ര വായ്പ തരപ്പെടുത്താന്‍ നടക്കുന്നവര്‍ ഏറെയുണ്ട്. അതുപോലെ തന്നെ നിലവിലെ ബിസിനസ് വിപുലീകരിക്കാന്‍ മുദ്ര വായ്പക്കായി നടന്ന് ലഭിക്കാത്തവരും ഏറെ ഉണ്ട്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് മുദ്ര വായ്പ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സംരംഭം വളര്‍ത്തുന്നതില്‍ ഫണ്ടിന്റെ പങ്ക് നിര്‍ണായകമാണെങ്കിലും അത് ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. മികച്ച ബിസിനസ് ആശയം, സംരംഭം വളരാനുള്ള അനുകൂല ഘടകം, സംരംഭകന്റെ അദമ്യമായ അഭിലാഷം എന്നിവയെല്ലാം ചേര്‍ന്നു വന്നാലെ സംരംഭം വിജയിക്കൂ. മുദ്ര വായ്പ എത്രമാത്രം സംരംഭകത്വ വികസനത്തില്‍ സ്വാധീനം ചെലുത്തി എന്നതിന് ദേശീയതലത്തില്‍ തന്നെ വ്യക്തമായ ചിത്രമില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മുദ്ര വായ്പാ വിതരണത്തില്‍ ദേശീയതലത്തില്‍ അതിദ്രുത വളര്‍ച്ചയാണുണ്ടായത്. മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) യുടെ കണക്കുകള്‍ പ്രകാരം 2017 18 സാമ്പത്തിക വര്‍ഷത്തില്‍ മുദ്ര വായ്പകളുടെ വിതരണത്തില്‍ 41 ശതമാനം വര്‍ദ്ധനയാണുണ്ടായത്. ആ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യം 2.40 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ വിതരണം ചെയ്തത് 2.46 കോടി രൂപയാണ്. എന്നാല്‍ 2018 19ല്‍ മുദ്ര വായ്പാ വിതരണ തോതിലെ വര്‍ദ്ധന കുറഞ്ഞിട്ടുണ്ട്. 11 ശതമാനം മാത്രമാണ് വര്‍ദ്ധനാനിരക്ക്. വായ്പാദാതാക്കള്‍ വായ്പാ വിതരണത്തില്‍ ശ്രദ്ധാലുക്കളാകുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ മുദ്ര വായ്പയിലെ നിഷ്‌ക്രിയാസ്തിയില്‍ 50 ശതമാനത്തോളം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ റിസര്‍വ് ബാങ്ക് തന്നെ ഈ മേഖലയിലെ കിട്ടാക്കടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുദ്ര വായ്പായിനത്തിലെ നിഷ്‌ക്രിയാസ്തി റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന പരിധിക്കുള്ളില്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ ഇതുവരെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന മുദ്ര വായ്പയുടെ ശരാശരി തുക 51,000 രൂപയില്‍ താഴെയാണ്. ഒരു സ്റ്റാര്‍ട്ടര്‍ ലോണ്‍ എന്ന നിലയ്ക്കാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇതുവരെ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത വലിയൊരു വിഭാഗത്തിന് സാമ്പത്തിക പിന്തുണ നല്‍കി അവരെ സൂക്ഷ്മ, ചെറുകിട സംരംഭകരാക്കി സമൂഹത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയെന്നതാണ് മുദ്ര വായ്പയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്തെ ബാങ്കുകള്‍ വന്‍തോതിലുള്ള കിട്ടാക്കടം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ ഈയിനത്തിലെ നിഷ്‌ക്രിയാസ്തി കൂടി വരുമ്പോള്‍ അത് വലിയ തലവേദനയായി മാറും.
സംരംഭകത്വ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ട ആയിരിക്കുമ്പോള്‍ തന്നെ, നാമമാത്രമായ തുക നല്‍കലില്‍ അത് ഒതുങ്ങരുത്. മറിച്ച്, സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് വളര്‍ത്താനുള്ള സാഹചര്യവും പരിതസ്ഥിതിയും സൃഷ്ടിക്കപ്പെടുക കൂടി വേണം. അല്ലാത്തപക്ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അവതാളത്തിലാക്കുന്ന ജനപ്രിയ പദ്ധതി മാത്രമായി മുദ്രയും ഒതുങ്ങും.
https://www.facebook.com/Malayalivartha