ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാശു പോകും
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന മുദ്രാവാക്യവുമായി മോഡി സര്‍ക്കാര്‍ മുന്നേറുകയാണ്. അതിനിടയില്‍ നമ്മുടെ അക്കൗണ്ടിനെപ്പറ്റി ഒരു ശ്രദ്ധയില്ലെങ്കില്‍ പണം പോകുന്നത് അറിയില്ല. മിനിമം ബാലന്‍സു മുതല്‍ എടിഎം ഉപയോഗിക്കുമ്പോള്‍ വരെ ഇത് ശ്രദ്ധിക്കണം.
ഇപ്പോള്‍ ബാങ്കുകള്‍ സേവനത്തിനായുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ സ്വകാര്യ ബാങ്കുകളാണു സേവന നിരക്കുകളില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നാലു പ്രമുഖ സ്വകാര്യ ബാങ്കുകളാണു സേവനനിരക്കില്‍ വര്‍ധന വരുത്തിയത്. 5,000 മുതല്‍ 10,000 രൂപ വരെയാണ് ഇക്കൂട്ടത്തില്‍ മിക്ക ബാങ്കുകളും അനുവദിച്ചിട്ടുള്ള മിനിമം ബാലന്‍സ്. നഗരപ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് തുക വീണ്ടും ഉയരും. ഇതില്‍ കുറവു വന്നാല്‍ 100 മുതല്‍ 300 രൂപ വരെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണു തീരുമാനം.
ഈ നിരക്കുകളില്‍ ഓരോ ബാങ്കിനും വിത്യാസമുണ്ടെന്നതു മാത്രമാണ് ആശ്വാസം. ഇനി മുതല്‍ ബാങ്കിന്റെ ശാഖകളിലെത്തി പണം അടയ്ക്കുന്നതിനും പ്രത്യേക ചാര്‍ജ് നല്‍കണം. എന്നാല്‍, എടിഎം വഴി നിക്ഷേപിക്കുന്നതിനു പണം ഈടാക്കില്ലെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. മാസത്തില്‍ ഒരുതവണ സൗജന്യമായി എടിഎം വഴി പണം നിക്ഷേപിക്കാം. രണ്ടാമത്തെ തവണമുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിന് ആയിരം രൂപയ്ക്ക് അഞ്ചു രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണു സ്വകാര്യ ബാങ്കുകളുടെ തീരുമാനം. ഈ നിരക്കും ഓരോ ബാങ്കിലും വിത്യസ്തമായിരിക്കും.
ഉപഭോക്താവറിയാതെ പോക്കറ്റ് കാലിയാക്കുന്ന തന്ത്രം എടിഎം സേവനങ്ങളെപ്പറ്റിയും പുതുതായി കൊണ്ടുവന്ന സര്‍വീസ് ചാര്‍ജുകളെപ്പറ്റിയും ഉപഭോക്താക്കളിലധികവും അജ്ഞരാണ്. പലപ്പോഴും പണം നഷ്ടപ്പെട്ട ശേഷമാവും ഇവര്‍ അറിയുന്നത്. പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും മൊബൈലില്‍ സന്ദേശം വരുന്നതിനു വര്‍ഷത്തില്‍ 200 രൂപവരെയാണു മിക്ക ന്യൂജനറേഷന്‍ ബാങ്കുകളും ഈടാക്കുന്നത്. വ്യക്തികളുടെ അക്കൗണ്ട് ബാലന്‍സ് അനുസരിച്ചു നിരക്കില്‍ വ്യത്യാസമുണ്ടാകും. പുതിയ നിരക്കുകളെപ്പറ്റി ജീവനക്കാര്‍ക്കും വലിയ ബോധ്യമില്ല. ഇക്കാര്യത്തെച്ചൊല്ലി ശാഖകളില്‍ തര്‍ക്കങ്ങളുണ്ടാകുന്നതു പതിവാണ്.
സീറോ ബാലന്‍സ് അക്കൗണ്ടുകാരും പണം നല്‍കേണ്ടിവരും. നേരത്തേ എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ സൗജന്യമായിരുന്നു. എന്നാല്‍, നിലവില്‍ മറ്റു എടിഎമ്മുകളില്‍നിന്നു മാസത്തില്‍ അഞ്ചുതവണ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. ബാലന്‍സ് നോക്കിയശേഷം പണം പിന്‍വലിക്കാതിരുന്നാലും ഇക്കാര്യം ബാധകമാണ്. അഞ്ചു തവണയ്ക്കു ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപ മുതല്‍ 25 രൂപവരെയാണു മിക്ക ബാങ്കുകളും ഈടാക്കുന്നത്. ഇതുകൂടാതെയാണു സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
ശമ്പളം അക്കൗണ്ട് വഴി വരുന്നവരെയും തൊഴിലുറപ്പു പദ്ധതിക്കായും ജന്‍ധന്‍ യോജന വഴിയും അക്കൗണ്ട് തുറന്നവരെയും പുതിയ തീരുമാനം ഏറെ ബാധിക്കുമെന്നുറപ്പാണ്. ഈ പദ്ധതികളില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയ പാവപ്പെട്ടവരും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാകും. മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍, ഇടയ്ക്കിടെയുള്ള പണം പിന്‍വലിക്കല്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാകും സാധാരണക്കാര്‍.
https://www.facebook.com/Malayalivartha