പന്ത്രണ്ടു രൂപയ്ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് ; സേവിംഗ് ബാങ്ക് അക്കൗണ്ട് വേണമെന്നതാണു പ്രധാന നിബന്ധന
സാധാരണക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ആവിഷ്‌കരിക്കുന്ന പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയുടെ ഉദ്ഘാടനം ഒന്‍പതിനു നടക്കും. പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണു നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഒരാള്‍ക്ക് 12 രൂപയാണു പ്രീമിയമായി അടയ്‌ക്കേണ്ടേത്. പ്രീമിയം എടുത്ത ആള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും.
കൂടാതെ പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയാത്തവിധത്തില്‍ രണ്ടു കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുകയോ ഇരുകൈകളും കാലുകളും അപകടത്തില്‍ നഷ്ടമാകുകയോ ചെയ്താലും ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പണം ലഭിക്കും. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുകയോ ഒരു കാലിന്റെയോ കൈയുടേയോ കായികശക്തി നഷ്ടമാകുകയോ ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
പതിനെട്ടിനും 70നും ഇടയില്‍ പ്രായമുള്ള ആര്‍ക്കുവേണമെങ്കിലും ഈ പദ്ധതിയില്‍ അംഗങ്ങളാകാം. സേവിംഗ് ബാങ്ക് അക്കൗണ്ട് വേണമെന്നതാണു പ്രധാന നിബന്ധന. ദേശസാത്കൃത ബാങ്കുകളുടെ ഏതു ശാഖയില്‍നിന്നു വേണമെങ്കിലും ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്്. ഓരോ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കണം. രാജ്യത്തു ആദ്യമായാണ് ഇത്രയും കുറഞ്ഞ പ്രീമിയം അടച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്നത്. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയാണ് പുതുമ നിറഞ്ഞ മറ്റൊരു ഇന്‍ഷ്വറന്‍സ് സ്‌കീം. ഒരു വര്‍ഷത്തേയ്ക്ക് 330 രൂപയാണു പ്രീമിയം തുകയായി അടയ്‌ക്കേണ്ടത്. 18നും 50നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അംഗമാകാവുന്നത്. ഏതു കാരണത്താല്‍ മരണമടഞ്ഞാലും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്കു ലഭ്യമാകും. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha