അക്കൗണ്ട് ഉടമകളെ വലച്ച് എസ്ബിഐ യോനോ; നിസ്സഹായരായി ജീവനക്കാരും, പ്രതികരിക്കാതെ എസ്ബിഐ ഉന്നതാധികാരികള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്ബിഐ യോനോ അക്കൗണ്ട് ഉടമകളെ ബുദ്ധിമുട്ടിക്കുന്ന പരാതി. യോനോ ആപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് പുതിയ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്നില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ ആദ്യത്തെ ഒന്നോ രണ്ടോ ഘട്ടം കഴിയുമ്‌ബോള്‍ തടസ്സം നേരിടുകയോ മുന്നോട്ട് പോകാനാകില്ലെന്ന് അറിയിക്കുന്ന എറര്‍ മെസേജ് ലഭിക്കുകയോ ചെയ്യുന്നു.
ബാങ്കിന്റെ ശാഖകളില്‍ പരാതിയുമായി ചെന്നവര്‍ക്കുമുന്നില്‍ ജീവനക്കാരും നിസ്സഹായരാവുകയാണ്. വീണ്ടും ശ്രമിക്കാന്‍ ആവശ്യപ്പെടുകമാത്രമാണ് അവര്‍ ചെയ്യുന്നതെന്നും അക്കൗണ്ട് ഉടമകള്‍ പറയുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ച പലര്‍ക്കും ആപ്പ് തുറക്കാനുമാകുന്നില്ല.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാലും നടപടി പൂര്‍ത്തിയാക്കാനുള്ള ഒടിപിയോ എസ്എംഎസോ ലഭിക്കുന്നില്ല. പകരം എസ്ബി001 ടെക്‌നിക്കല്‍ എറര്‍ എന്ന സന്ദേശമാണ് ആവര്‍ത്തിച്ച് വരുന്നത്. ചിലര്‍ക്ക് അക്കങ്ങളും അക്ഷരങ്ങളും ഇടകലര്‍ന്ന കോഡ് സന്ദേശം മറുപടിയായി ലഭിക്കുന്നു.
ബാങ്ക് ശാഖയില്‍നിന്നുള്ള നിര്‍ദേശപ്രകാരം ആപ്പിന്റെ വകഭേദമായ യോനോ ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും ഇതേ സന്ദേശമാണ് ലഭിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ കയറി പണമിടപാട് നടത്താനാണ് ശാഖകളില്‍ നിന്ന് പറയുന്നത്. ആഴ്ചകളായി ഈ പ്രശ്‌നം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ എസ്ബിഐ ഉന്നതാധികാരികള്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha