സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഇനി ചില്ലറ നിക്ഷേപകര്‍ക്കു നേരിട്ടു വാങ്ങാം.., റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ചില്ലറ നിക്ഷേപകര്‍ക്ക് നേരിട്ടുവാങ്ങാന്‍ അവസരമൊരുക്കുന്ന, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. പുതിയ സംവിധാനം കടപ്പത്ര വിപണിയിലേക്കുള്ള സാധാരണക്കാരുടെ വരവ് എളുപ്പമാക്കുമെന്നു മോദി പറഞ്ഞു. ഇതുവരെ ചില്ലറ നിക്ഷേപകര്‍ക്കു മ്യൂച്ചല്‍ഫണ്ടുകളിലൂടെയും മറ്റും മാത്രമേ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നുള്ളു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ കടപ്പത്രങ്ങള്‍ പുതിയ സംവിധാനത്തിലൂടെ വാങ്ങാന്‍ അവസരമുണ്ടാകും. ട്രഷറി ബില്ലുകള്‍, ഡേറ്റഡ് സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍ തുടങ്ങിയ പുതിയ സംവിധാനത്തിലൂടെ ലഭ്യമാണ്. ആര്‍ബിഐയുടെ പ്രത്യേക പോര്‍ട്ടല്‍വഴി റീട്ടെയ്ല്‍ ഡയറക്ട് ഗില്‍റ്റ്(ആര്‍ഡിജി) അക്കൗണ്ടുകള്‍ തുറന്നാണു ചില്ലറ നിക്ഷേപകര്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങേണ്ടത്.
ഇന്ത്യയിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, സാധുതയുള്ള തരിച്ചറിയല്‍ രേഖ, ഇ മെയില്‍ ഐഡി, രജിസ്റ്റേര്‍ഡ് മൊബൈല്‍ നന്പര്‍ തുടങ്ങിയവയുള്ളവര്‍ക്ക് ആര്‍ബിഐയുടെ ആര്‍ഡിജി അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരു നിക്ഷേപകനു മറ്റൊരാള്‍ക്ക് കടപ്പത്രം സമ്മാനിക്കാന്‍ സംവിധാനമുണ്ട്. നോമിനികളെ ചേര്‍ക്കാനും സാധിക്കും. വാങ്ങിയ ബോണ്ടുകള്‍ സെക്കന്‍ഡറി വിപണിയില്‍ മറിച്ചുവില്‍ക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ കഴിയും.
ഏറ്റവും സുരക്ഷിത നിക്ഷേപമാര്‍ഗമായി കരുതുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകവഴി വലിയ വരുമാന സമാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒരു രാജ്യം ഒറ്റ ഓംബുഡ്‌സ്മാന്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായുള്ള ഏകീകൃത ഓംബുഡ്‌സ്മാന്‍ സംവിധാനവും പ്രധാനമന്ത്രി അവതരിപ്പിച്ചു. 1995ല്‍ ആരംഭിച്ച ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ സംവിധാനവും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി 2018 ല്‍ ആരംഭിച്ച എന്‍ബിഎഫ്‌സി ഓംബുഡ്‌സ്മാന്‍ സംവിധാനവും 2019 ല്‍ ആരംഭിച്ച ഡിജിറ്റല്‍ ഇടപാട് ഓംബുഡ്‌സ്മാന്‍ സംവിധാനവും സംയോജിപ്പിച്ചുകൊണ്ടുള്ള ക്രമീകരണമാണിത്.
50 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള, ഷെഡ്യൂള്‍ ചെയ്യാത്ത പ്രാഥമിക സഹകരണ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ നല്കിയ പരാതിയില്‍ 30 ദിവസമായിട്ടും പരിഹാരം ലഭിക്കാത്ത സാഹചര്യങ്ങളില്‍ സമീപിക്കാവുന്ന അപ്പീല്‍ സംവിധാനമായാണ് പുതിയ ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തിക്കുക. ബാങ്കുകളും മറ്റും നല്കിയ പരിഹാര നടപടിയില്‍ സംതൃപ്തരല്ലെങ്കിലും പുതിയ സംവിധാനത്തെ ആശ്രയിക്കാം.
ഉപഭോക്തൃ വിദ്യാഭ്യാസച്ചുമതലയുള്ള ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടരായിരിക്കും പുതിയ സംവിധാനത്തിലെ അപ്പീല്‍ അധികാരി. ഒറ്റ ഇ-മെയിലൂടെയോ, ഒറ്റ വിലാസത്തിലൂടെയോ അല്ലെങ്കില്‍ ഒറ്റ പോര്‍ട്ടലിലൂടെയോ പരാതി നല്കാനാവും. നല്കിയ പരാതിയിലുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയുന്നതിനും സംവിധാനമുണ്ടാകും. 14448 എന്ന ടോള്‍ ഫീ നന്പരില്‍ വിശദാംശങ്ങള്‍ അറിയാം. പരാതിക്കുള്ള വെബസൈറ്റ്: cms.rbi.org.in
https://www.facebook.com/Malayalivartha