ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം, പത്ത്‌ലക്ഷം വരെ വായ്പ ലഭിക്കും
ബാങ്കിലെത്തി ആയിരം കടമ്പകള്‍ കടക്കാതെതന്നെ ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം. എടിഎം വഴിയും ഇത് സാധ്യമാണ്. നിമഷനേരങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടാകും. വായ്പ വിതരണം കാര്യക്ഷമമാക്കാന്‍ ഓട്ടോമേഷന്‍ സംവിധാനം നടപ്പാക്കിയതോടെയാണ് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെതന്നെ ലോണ്‍ വിതരണം നിമിഷങ്ങള്‍ക്കകം സാധ്യമായത്.
പണ ലഭ്യത അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനം തയ്യാറാക്കാന്‍ കഴിഞ്ഞവര്‍ഷമാണ് എസ്ബിഐ ഐബിഎമ്മുമായി കരാറുണ്ടാക്കിയത്. അപേക്ഷിച്ചയുടനെ ലോണ്‍ നല്‍കാന്‍ യോഗ്യതയുള്ള പത്ത് ലക്ഷം ഉപഭോക്താക്കളെ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ബാങ്കിന് കഴിഞ്ഞു.
നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് നടപ്പാക്കിയ 10 സെക്കന്‍ഡിനകം വായ്പ നല്‍കുന്ന സംവിധാനമാണ് പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നത്. ബാങ്കിന്റെ എക്‌സിക്യുട്ടീവെത്തി പരിശോധിച്ചായിരുന്നു ലോണ്‍ നല്‍കിയിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെയോ എടിഎം കൗണ്ടറിലൂടെയോ അപേക്ഷനല്‍കി നിമിഷനേരംകൊണ്ട് പണം കൈമാറുന്ന സംവിധാനമാണ് പുതിയതായി നടപ്പാക്കുന്നത്.
ബാങ്കിന്റെ ശാഖയിലെത്താതെ എട്ട് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഭവന വായ്പ നല്‍കുന്ന പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരുന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ കാലതാമസമില്ലാതെതന്നെ വായ്പ നല്‍കാനാവുന്നു എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.
ഡിജിറ്റല്‍ സംവിധാനം നടപ്പാക്കിയതോടെ ഉപഭോക്താക്കള്‍തന്നെ നേരിട്ട് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകളുടെ കാലതാമസം ഏറെകുറഞ്ഞിട്ടുണ്ട്. 95 ശതമാനത്തിലേറെ ഉപഭോക്താക്കളും ഡിജിറ്റല്‍ സെല്‍ഫ് സര്‍വീസ് ചാനലുകള്‍ വഴിയാണ് ഇടപാട് നടത്തുന്നതെന്ന് സിറ്റി ബാങ്ക് അധികൃതര്‍ പറയുന്നു. ഇവരില്‍തന്നെ 40 ശതമാനംപേരും സ്മാര്‍ട്ട് ഫോണാണ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha