വ്യവസായങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി
കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച് വൈദ്യുതി ബോര്‍ഡ് .ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ കെഎസ്ഇബി തടയുന്നു. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി നിരക്കിന്റെ മൂന്നിരട്ടി വരെയാണ് കെഎസ്ഇബി ഈടാക്കുന്നത്. പൊതുമേഖല ഉള്‍പ്പെടെ സംസ്ഥാനത്തെ 15 പ്രമുഖ വ്യവസായങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന തീരുമാനമാണിത്.ഇതേത്തുടര്‍ന്നുണ്ടാകുന്ന ഉത്പാദനച്ചെലവുവര്‍ധന താങ്ങാനാവാതെ വ്യവസായമേഖല രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും .സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളുടേയും ഉത്പാദനച്ചെലവു കൂട്ടുന്നതും മല്‍സര ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതുമായ നടപടിയാണിത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അഖിലേന്ത്യാ തലത്തിലുള്ള എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് യൂണിറ്റിനു ശരാശരി രണ്ടേകാല്‍ രൂപ മുതല്‍ രണ്ടര രൂപ വരെ നിരക്കില്‍ വൈദ്യുതി ലഭിക്കുമ്പോള്‍ കെഎസ്ഇബി ഈടാക്കുന്നത് യൂണിറ്റിന് 4 രൂപ 80 പൈസ മുതല്‍ അഞ്ചു രൂപ 20 പൈസ വരെയാണ്.വൈകിട്ട് എഴു മുതല്‍ പത്തുവരെയുള്ള സമയത്ത് 7 രൂപ 60 പൈസ ഈടാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഇരട്ടി മുതല്‍ മൂന്നിരട്ടി വരെ കെഎസ്ഇബി ഈടാക്കുന്ന സ്ഥാനത്താണ് പുറത്തു നിന്നു കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നിഷേധിക്കുന്നത്.
പുറത്തു നിന്നു വൈദ്യുതി വാങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയ വ്യവസായങ്ങള്‍ക്കെല്ലാം അനുമതി നിഷേധിച്ചുകൊണ്ടു നല്‍കിയ കത്തില്‍ രണ്ടു കാരണങ്ങളാണ് കെഎസ്ഇബി പറഞ്ഞത്. വ്യവസായങ്ങള്‍ റിമോട്ട് ടെര്‍മിനല്‍ യൂണിറ്റ് (ആര്‍ടിയു) സ്ഥാപിക്കണമെന്നതാണ് അതിലൊന്ന്. ഇത്തരം മീറ്റര്‍ സ്ഥാപിക്കേണ്ടത് ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡ് തന്നെയാണ്. എങ്കിലും നാലു ലക്ഷം മാത്രം ചെലവു വരുന്ന ആര്‍ടിയു സ്ഥാപിക്കാന്‍ വ്യവസായങ്ങളെല്ലാം തയാറുമാണ്. രണ്ടാമതു പറഞ്ഞിരിക്കുന്ന കാരണം ഗ്രിഡില്‍ ഇപ്പോള്‍ വൈദ്യുതിക്ക് ഡിമാന്‍ഡ് കുറവാണെന്നതാണ്. കെഎസ്ഇബിക്ക് വൈദ്യുതി ആവശ്യത്തിലധികം ഉള്ളതിനാല്‍ പുറത്തു നിന്നു വാങ്ങരുതെന്നര്‍ഥം.
പക്ഷേ നിരക്ക് അധികമായതിനാല്‍ മിക്ക വ്യവസായങ്ങളും ഉത്പാദനച്ചെലവു നേരിടാനാകാത്ത സ്ഥിതിയിലാണ്. അധികമുള്ള വൈദ്യുതി കെഎസ്ഇബി തന്നെ യൂണിറ്റിനു രണ്ടര രൂപയ്ക്കു പുറത്തു വില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വന്‍ നിരക്ക് ഈടാക്കി നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം . അധിക വൈദ്യുതി രണ്ടര രൂപയ്ക്കു കെഎസ്ഇബി പുറത്തു വില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ കേരളത്തിനകത്ത് അമിത നിരക്കും പുറത്ത് സഹായ നിരക്കും.
നിലവില്‍ വര്‍ഷങ്ങളായി പുറംവൈദ്യുതി വാങ്ങുന്ന 15 കമ്പനികള്‍ക്കു പുറമേ ഭാരത് പെട്രോ!ളിയവും (ബിപിസിഎല്‍), ഫാക്ടും, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡും ഉള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ വഴി വൈദ്യുതി വാങ്ങാനുള്ള പ്രക്രിയയിലുമാണ്. അതിനിടെയാണു വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപയോക്താക്കളുടെ അസോസിയേഷന്‍ താരിഫ് റെഗുലേറ്ററി കമ്മിഷന് ഇതിനെതിരെ പരാതി നല്‍കി.
കെഎംഎംഎല്ലിനു പുറമേ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, അപ്പോളോ ടയേഴ്‌സ്, പ്രീമിയര്‍ ടയേഴ്‌സ്, ഹിന്‍ഡാല്‍കോ, കാര്‍ബോറണ്ടം, ഇംഗ്ലിഷ് ഇന്ത്യന്‍ ക്‌ളേ, കെപി മെറ്റല്‍സ്, ഒഇഎന്‍ തുടങ്ങിയ 14 വ്യവസായ യൂണിറ്റുകളാണ് എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു വൈദ്യുതി വാങ്ങിയിരുന്നത്. ഇവയില്‍ മിക്കതിനും നേരത്തേയുള്ള എന്‍ഒസി കാലാവധി തീരുന്ന മുറയ്ക്ക് പുതിയ എന്‍ഒസി നിഷേധിച്ചിട്ടുണ്ട്. പ്രതിദിനം 13 ലക്ഷം യൂണിറ്റ് വൈദ്യുതി വരെയാണ് ഈ കമ്പനികള്‍ ചേര്‍ന്നു പുറത്തു നിന്നു വാങ്ങിയിരുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ ഒരു ശതമാനം മാത്രമാണിത്.
ഓഹരി വില്‍പനയ്ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്ളതുപോലെ വൈദ്യുതിയും വില്‍ക്കുന്നത് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് വഴിയാണ്. ഡിമാന്‍ഡ് അനുസരിച്ച് ഓരോ പതിനഞ്ച് മിനിറ്റിലും നിരക്കു വ്യത്യാസം വരുന്നു. യൂണിറ്റിന് ഒന്നര വരെ കുറഞ്ഞു വരാറുണ്ടെങ്കിലും ശരാശരി നിരക്ക് രണ്ടര രൂപയാണ്. പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ പോലെ നിരവധി ട്രേഡര്‍മാര്‍ വൈദ്യുതി വില്‍പന രംഗത്തുണ്ട്.
https://www.facebook.com/Malayalivartha