പിന്തുണയുമായി മുദ്രാ വായ്പ
രാജ്യത്തെ ചെറുകിട മേഖലയിലെ ഭൂരിഭാഗം സംരംഭകര്‍ക്കും ഔദ്യോഗിക തലത്തിലുള്ള വായ്പാ സഹായം ലഭ്യമല്ലാത്തതാണ് അവയുടെ വളര്‍ച്ചക്കുള്ള പ്രധാന തടസം. ഇത്തരമൊരു കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര ബാങ്കിനും വിവിധ മുദ്ര വായ്പാ പദ്ധതികള്‍ക്കും തുടക്കം കുറിച്ചത്.
മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്ന പേരില്‍ രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് മുദ്ര ബാങ്ക് എന്ന് അറിയപ്പെടുന്നത്. പൊതുസ്വകാര്യ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെ മൈക്രോ ഫിനാന്‍സ് വായ്പക്കായി പുനര്‍വായ്പ നല്‍കുകയാണ് മുദ്ര ബാങ്ക് ചെയ്യുന്നത്. മുദ്ര ബാങ്ക് ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ വായ്പാ പദ്ധതികള്‍ ഇത്തരം ബാങ്കുകള്‍ മുഖേ
നയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
കൊളാറ്ററല്‍ സെക്യൂരിറ്റി കൊടുക്കേണ്ട എന്നതാണ് മുദ്ര വായ്പയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ഏകദേശം 4500 കോടി രൂപയാണ് മുദ്ര വായ്പയായി വിതരണം ചെയ്യപ്പെട്ടത്. കേരളത്തിലെ സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കിടയില്‍ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ശക്തമായി നിലകൊള്ളുന്ന ബ്ലേഡ് മാഫിയയുടെ പിടിയില്‍ ഏറ്റവും കൂടുതല്‍ അകപ്പെട്ടിട്ടുള്ളത് ഇത്തരം സംരംഭകരാണ്. ബ്ലേഡ് മാഫിയ കാരണം കടക്കെണിയിലായ ജനങ്ങളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുമായി ചേര്‍ന്നൊരു പദ്ധതിക്ക് രൂപംകൊടുത്തിരുന്നെങ്കിലും അതിന് വേണ്ടത്ര വിജയം കണ്ടെത്താനായില്ല. അതേസമയം കേരളത്തിലെ സൂക്ഷ്മ ചെറുകിട സംരംഭകരെ ബ്ലേഡ് വായ്പയുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ വായ്പ കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കാതെ തന്നെ ബാങ്കുകളില്‍ നിന്നും നേടുന്നതിനും വഴിയൊരുക്കുന്ന മികച്ചൊരു പദ്ധതിയാണ് മുദ്ര വായ്പ.
വായ്പ തുക എന്തിന് വേണ്ടി ഉപയോഗിക്കാം എന്നതിന് വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരിക്കണം.വായ്പ കൊണ്ട് ലഭിക്കാനിടയുള്ള നേട്ടം കണക്കാക്കണം.പത്ത് ലക്ഷത്തോളമുള്ള വായ്പകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കുന്നത് ഗുണകരമാകും.ചില സന്ദര്‍ഭങ്ങളില്‍ ബാങ്കിന്റെ പ്രീസാങ്ഷന്‍ ഇന്‍സ്‌പെക്ഷന്‍ ഉണ്ടാകാം.ഉപകരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ സപ്ലൈയര്‍ക്കായിരിക്കും ബാങ്ക് പണം നല്‍കുക.സാങ്ഷന്‍ ലെറ്ററിലെ ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചു മനസിലാക്കുക.
ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വായ്പാ പദ്ധതികള്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ മുദ്ര വായ്പ നല്‍കുന്നത്. ശിശു വിഭാഗത്തില്‍ പരമാവധി 50,000 രൂപയും കിഷോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ വിഭാഗത്തില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നതാണ്. വായ്പയ്ക്കായി അടുത്തുള്ള ബാങ്ക് ശാഖയെയോ എക്കൗണ്ട് നിലവിലുള്ള ബാങ്കിനെയോ സമീപിക്കണം.
മുദ്ര വായ്പയെന്നത് മികച്ചൊരു വായ്പാ സംവിധാനമാണെങ്കിലും ചില പോരായ്മകള്‍ ഇതില്‍ നിലനില്‍ക്കുന്നുണ്ട്. മുദ്ര വായ്പകള്‍ക്ക് ഏകീകൃത പലിശ നിരക്ക് അല്ലാത്തതിനാല്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കുകള്‍ ഈടാക്കുന്നുവെന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഇക്കാരണത്താല്‍ ഏത് ബാങ്കിലായിരിക്കും പലിശ നിരക്ക് കുറവെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.
ബാങ്കുകളുടെ സാമ്പത്തിക മികവിനെ പ്രത്യേകിച്ച് കിട്ടാക്കടത്തിലെ കുറവിനെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് ഗാരന്റി സ്‌ക്കീം ലഭ്യമാക്കിയിട്ടുള്ളത്. ചില സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അവയുടെ വായ്പകള്‍ക്ക് ക്രെഡിറ്റ് ഗാരണ്ടി കവറേജ് നല്‍കുന്നില്ല. ഇക്കാരണത്താല്‍ അത്തരം ബാങ്കുകളില്‍ നിന്ന് മുദ്ര വായ്പ നേടുന്നവര്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയോടൊപ്പം ഉയര്‍ന്ന പലിശ നിരക്കും നല്‍കേണ്ടതായി വരുന്നുവെന്ന് ബാങ്കിംഗ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ന്യൂനതകള്‍ ഒഴിവാക്കുന്നതോടൊപ്പം ഏറ്റവും താഴെ തട്ടിലുള്ള വായ്പകള്‍ എന്ന നിലയില്‍ മുദ്ര വായ്പകളുടെ പലിശ നിരക്കില്‍ ഏകീകരണം നടത്തേണ്ടതും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
https://www.facebook.com/Malayalivartha