എ ടി എം ഇടപാടുകള്‍ കരുതലോടെ
സംസ്ഥാനത്തെ ലക്ഷക്കണക്കിന് എ.ടി.എം. ഉപയോക്താക്കളെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവമാണ് തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പ്. അത്യാധുനിക ഉപകരണങ്ങള്‍ എ.ടി.എം. കൗണ്ടറുകള്‍ക്കകത്ത് സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പുകാര്‍ മുംബൈയില്‍നിന്ന് പണം കവര്‍ന്നത്. രാജ്യാന്തര കവര്‍ച്ചസംഘം ഈ തട്ടിപ്പിന് പിറകിലുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. പണം നഷ്ടപ്പെട്ടവരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന ബാങ്ക് അധികൃതരുടെ വാക്കുകള്‍ ആശ്വാസംപകരുന്നതാണ്. എങ്കിലും ആധുനിക ജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറിയ എ.ടി.എം. ഇടപാട് നാം ധരിച്ചുവെച്ചിരിക്കുന്നത്ര സുരക്ഷിതമല്ലെന്നയറിവ് സാധാരണ മനുഷ്യരിലുണ്ടാക്കുന്ന ആകുലത വളരെ വലുതാണ്. അത് പരിഹരിക്കുകയെന്നതാണ് ബാങ്കധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട അടിയന്തിര ദൗത്യം. ഒറ്റനോട്ടത്തില്‍ത്തന്നെ ഈ തട്ടിപ്പിനുപിറകില്‍ സുരക്ഷാവീഴ്ച പ്രകടമാണ്. കവര്‍ച്ചയുടെ വ്യാപ്തി അറിയാനിരിക്കുന്നതേയുള്ളൂ. സുരക്ഷാജാഗ്രത കര്‍ക്കശമാക്കുകയും ഇടപാടുകാര്‍ക്കുണ്ടായ നഷ്ടം നികത്തുകയും ചെയ്യുകയെന്നത് ഏറ്റവും കുറഞ്ഞ സമയത്തിനകംതന്നെ നടപ്പില്‍വരുത്തേണ്ടതുണ്ട്. ബാങ്കിടപാടുകളുടെയാകെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നംതന്നെയാണിത്.
എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാല്‍മാത്രം തുറക്കാവുന്നനിലയിലുള്ള വാതിലുകളോട് കൂടിയതായിരുന്നു ആദ്യകാല എ.ടി.എം. കൗണ്ടറുകള്‍. എന്നാല്‍, എ.ടി.എം. കൗണ്ടറുകള്‍ സര്‍വസാധാരണമായതോടെയാണ് ഒരു സുരക്ഷയുമില്ലാത്തതെന്ന് തോന്നിക്കുന്ന കൗണ്ടറുകള്‍ വ്യാപകമായത്. കാര്‍ഡുപയോഗിച്ചുമാത്രം തുറക്കാവുന്ന വാതില്‍ അടിയന്തരമായി പുനഃസ്ഥാപിക്കേണ്ട ഒരു സുരക്ഷാസംവിധാനമാണ്. എ.ടി.എം. കൗണ്ടറില്‍ കയറണമെങ്കില്‍ സി.സി.ടി.വി. ക്യാമറയുടെ നിരീക്ഷണസംവിധാനമുള്ള സുരക്ഷാവാതിലുകളില്‍ കാര്‍ഡ് ഉപയോഗിക്കേണ്ടതുണ്ട് എന്ന നിലവന്നാല്‍ത്തന്നെ ഒരു പരിധിവരെ തട്ടിപ്പുകാരുടെ പ്രവേശനത്തെ തടയാനാവും. എന്നാല്‍, ഇപ്പോള്‍ എ.ടി.എം. സെന്ററുകളൊക്കെത്തന്നെ മിക്കവാറും താത്കാലിക സുരക്ഷാ ഉദ്യോഗസ്ഥരുടെമാത്രം ചുമതലയിലായതുകൊണ്ട്&ിയുെ; സുരക്ഷാവീഴ്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉത്തരവാദിത്വമുള്ള ബാങ്ക് സുരക്ഷാജീവനക്കാര്‍തന്നെ എ.ടി.എം. കൗണ്ടറുകളുടെ സുരക്ഷാജോലിയും നിര്‍വഹിക്കുന്ന സ്ഥിതിവിശേഷംതന്നെയാണ് അഭികാമ്യം. സുരക്ഷാജീവനക്കാരുടെ ചുമതലാബോധം ഇവിടെ പ്രധാനമാണ്. ബാങ്കുകള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടം താത്കാലിക സുരക്ഷാജീവനക്കാരുടെമാത്രം ഇടമായത്. എ.ടി.എം. കൗണ്ടറുകള്‍ എന്നാല്‍, ബാങ്കുകള്‍ തന്നെയാണ് എന്ന ബോധം നഷ്ടപ്പെട്ടുകൂടാ.
2005ല്‍ 16,750 എ.ടി.എം. കൗണ്ടറുകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ രണ്ടുലക്ഷം സെന്ററുകളായിക്കഴിഞ്ഞു. പണം നിക്ഷേപിക്കാനുള്ള സംവിധാനംകൂടിയുള്ള റീസൈക്‌ളര്‍ യന്ത്രമാണ് ഇപ്പോള്‍ പെരുകിവരുന്നത്. കേരളത്തിലെ ഇതരദേശ തൊഴിലാളികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ റീസൈക്‌ളര്‍ യന്ത്രം ഉപയോഗിക്കുന്നത്. ഓരോ എ.ടി.എം. യന്ത്രത്തിനും ബാങ്കുകള്‍ ഒരു മാസം അമ്പതിനായിരം രൂപ വരെ ചെലവഴിക്കുന്നുണ്ട് എന്നാണ് കണക്ക്. അഞ്ചുലക്ഷം രൂപ മുതല്‍ എട്ടുലക്ഷം രൂപവരെ വരും യന്ത്രത്തിന്റെ വില. എന്നാല്‍ അറ്റകുറ്റപ്പണികള്‍ സ്വകാര്യ ഏജന്‍സികളാണു ചെയ്യുന്നത്. തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പ്, ഉപയോക്താക്കളില്‍ നിന്ന് പരാതി കിട്ടിയപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. അതായത്, സി.സി.ടി.വി. ക്യാമറകളില്‍ എന്തുപതിയുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നത് പരാതി ഉയരുമ്പോള്‍ മാത്രമാണ് എന്നര്‍ഥം. വിദേശികള്‍ക്കുപോലും നമ്മുടെ നാട്ടിലെ എ.ടി.എം. കൗണ്ടറില്‍ക്കയറി സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കാനായി എന്നത് നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സാങ്കേതികവിദ്യ വളര്‍ന്നതോടെ തട്ടിപ്പിന്റെ സാങ്കേതികവിദ്യയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് എന്ന് നാം തിരച്ചറിഞ്ഞേ മതിയാകൂ. സുരക്ഷാജാഗ്രത കര്‍ക്കശമാക്കിക്കൊണ്ടല്ലാതെ ഇതിനെ നേരിടാനാകില്ല. ബാങ്കുകള്‍ അതിന് തയ്യാറായേ പറ്റൂ.
https://www.facebook.com/Malayalivartha