മുദ്രാ യോജന: യുവ സംരംഭകര്‍ക്ക് തിരിച്ചടി
മുദ്രായോജന സ്‌കീമിലൂടെ വായ്പ ലഭിക്കണമെങ്കില്‍ ഈട് വയ്ക്കണമെന്ന് ബാങ്കുകള്‍. ഈ സ്‌കീമിലൂടെ വായ്പ ലഭിക്കണമെങ്കില്‍ ഈട് വയ്‌ക്കേണ്ടന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വയം സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പ നല്‍കി സഹായിക്കുവാന്‍ ആരംഭിച്ച പദ്ധതിയിലാണ് ബാങ്കുകള്‍ വെള്ളം ചേര്‍ക്കുന്നത്.വായ്പ ലഭിക്കാത്ത ചെറുകിട സംരംഭകര്‍ക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയാണ് ' മുദ്ര' ബാങ്ക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി ബാങ്ക്. ചെറുകിട സംരംഭകരെ സ്വകാര്യ പണമിടപാടു കാരുടേയും, അമിതമായ പലിശാനിരക്കുകളുടേയും കരാളഹസ്തങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിന് അവര്‍ക്ക് സുഗമമായ ബാങ്ക് വായ്പ പ്രാപ്യമാക്കുന്നതിനും 20,000 കോടി രൂപയുടെ മൂലധനത്തോടെയാണ് മുദ്രാ ബാങ്ക് രൂപീകരിച്ചിട്ടുളളത്. 2015 ഏപ്രില്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന വിധത്തിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ഈ കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.
സംരംഭം തുടങ്ങുവാന്‍ സാമ്പത്തിക സഹായം തേടി ബാങ്കുകളെ സമീപിക്കുന്ന യുവാക്കള്‍ക്ക് ഇപ്പോള്‍ നിരാശമാത്രമാണ് മിച്ചം. മികച്ച ആശയങ്ങള്‍ ഉണ്ടെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ അവയെല്ലാം ഉപേക്ഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍. ബാങ്കുകളുടെ പിടിവാശി മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഭൂരിഭാഗവും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ മുദ്രാ യോജനയ്ക്ക് വന്‍ പലിശയാണ് യുവസംരംഭകരില്‍ നിന്ന് ഈടാക്കുന്നത്. മറ്റു ലോണുകളേക്കാള്‍ കൂടുതല്‍ പലിശയാണ് മുദ്രാ സ്‌കീമിലൂടെ ബാങ്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. പതിനാലര ശതമാനമാണ് പലിശയിനത്തില്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ബാങ്കിന്റെ തന്നെ ബ്രാഞ്ച് മാനേജര്‍മാര്‍ വ്യത്യസ്ത നടപടികളാണ് കൈക്കൊള്ളുന്നതെന്നതും വിചിത്രം. മുദ്രാ സ്‌കീമിലൂടെ ലോണ്‍ ലഭിക്കുന്നതിന് ഈട് വയ്‌ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ഈട് വേണമെന്ന നിര്‍ബന്ധത്തിലാണ് മാനേജര്‍മാര്‍. സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഥിതി ഇതുതന്നെ.
ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏതാനും ചില നിസ്സാര രേഖകള്‍ മാത്രം മതിയെന്നിരിക്കെയാണ് നൂലാമാലകളുമായി യുവസംരംഭകരെ ബാങ്കുകള്‍ വിരട്ടുന്നത്. ലോണ്‍ ആവശ്യത്തിനായി ബാങ്കു മാനേജരെ സമീപിക്കുമ്പോള്‍ തന്നെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വായ്പ നിഷേധിക്കാനുള്ള മാര്‍ഗമാണ് ഇവര്‍ സ്വീകരിക്കുന്നതെന്ന പരാതിയും ശക്തമവുന്നുണ്ട്. വായ്പ ലഭിക്കുവാന്‍ ഈട് നല്‍കേണ്ടതില്ലല്ലോയെന്നറിയിച്ചാല്‍ പുതിയ പദ്ധതി ആവിഷ്‌കരണത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് മാനേജര്‍മാര്‍ പറയുന്നത്. ഈടില്ലാതെ വായ്പ നല്‍കുക അപ്രാപ്യമാണെന്ന നിലപാടാണ് ബാങ്കുകള്‍ക്ക്.
ഈ സ്‌കീമിലൂടെ ലഭിക്കുന്ന വായ്പയ്ക്ക് മറ്റു വായ്പകളുമായി യാതൊരു വ്യത്യാസവുമില്ലെന്ന് കോട്ടയം ജില്ലയിലെ ഒരു ബാങ്ക് മാനേജര്‍ വ്യക്തമാക്കി. മാത്രമല്ല ഈടില്ലാതെ ബാങ്ക് വായ്പ അനുവതിക്കുകയും ഇല്ല. എന്നാല്‍ ഇക്കാര്യം നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. മുദ്രാ യോജന വന്‍ നേട്ടമായി കേന്ദ്രം ഉയര്‍ത്തുമ്പോഴും സംസ്ഥാനത്തെ യുവ സംരംഭകര്‍ക്ക് വായ്പ നിഷേധിക്കുകയാണ് ഇവര്‍. ഒരുലക്ഷം മുതല്‍ പത്തുലക്ഷം വരെ ഈ പദ്ധതിയിലൂടെ ഈടില്ലാതെ ലഭിക്കുമെന്നിരിക്കെയാണ് യുവസംരംഭകരുടെ വഴി മുടക്കിയായി ബാങ്കുകള്‍ മാറുന്നത്.
സെൽഫ്അറ്റസ്റ്റഡ്പ്രൂഫ് ഓഫ്ഐഡന്റിറ്റി, പ്രൂഫ് ഓഫ് റെസിഡന്റ്‌സ്, എസ്.സി,എസ്.ടി, ഓ.ബി.സി മൈനോറിറ്റിയില്‍ പെടുന്നുവെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള രേഖ, പ്രൂഫ് ഓഫ് ബിസിനസ്സ് ഐഡന്റിറ്റി, സ്‌റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവയാണ് മുദ്രാ സ്‌കീമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട രേഖകള്‍. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ലോണ്‍ നിഷേധിക്കാനാണ് മാനേജര്‍മാരുടെ ശ്രമം.
https://www.facebook.com/Malayalivartha